'എന്ത് കൊണ്ട് തോറ്റു; അടി കൊടുക്കാന്‍ മാത്രമല്ല, വാങ്ങാനും കൂടിയുള്ളതാണ്'; കാണാം തോല്‍വിയുടെ ട്രോളുകള്‍

First Published | Sep 21, 2022, 1:11 PM IST

ല്ലാ തോല്‍വിക്ക് പുറകിലും ഒരു കാരണമുണ്ടാകും. എന്നാല്‍ കളിക്കുന്ന എല്ലാ കളിയും തോറ്റാല്‍ ന്യായീകരണങ്ങളില്‍ തൂങ്ങി നില്‍ക്കാന്‍ ആരാധകരെ കിട്ടില്ല. കാരണം, അവര്‍ ആരാധകരാണെന്നത് തന്നെ. ഏഷ്യാ കപ്പില്‍ നിന്നും ശ്രീലങ്കയോടും പാകിസ്ഥാനോടും ദയനീയമായി പരാജയപ്പെട്ട് ടൂര്‍ണ്ണമെന്‍റില്‍ നിന്ന് തന്നെ പുറത്തായ ടീം ഇന്ത്യ, ഓസ്ട്രേലിയയോട് മൊഹാലിയില്‍ വച്ച് ഏറ്റുമുട്ടിയപ്പോഴും ഫലം ഒന്ന് തന്നെ. തോല്‍വി. ഇതോടെ ആരാധക കൂട്ടം ഇറങ്ങി. ചിലര്‍ വീണ്ടും നഷ്ടപ്രതാപങ്ങളില്‍ ആശ്വാസം കണ്ടെത്തിയപ്പോള്‍ മറ്റ് ചിലര്‍ കോച്ചിനെയും ക്യാപ്റ്റനെയും സെലക്ഷന്‍ കമ്മിറ്റിയെയും കളിക്കാരെയും കുറ്റം പറഞ്ഞു. കാര്യമെന്തൊക്കെയായാലും തോല്‍വി തോല്‍വി തന്നെ. കാണാം, അടി കൊടുക്കാന്‍ മാത്രമുള്ളതല്ല വാങ്ങാനും കൂടിയുള്ളതാണ്... 

ഭുവിക്കെതിരെയായിരുന്നു ട്രോളുകളേറെയും. ഡെത്ത് ഓവറുകളില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ഭുവി കഴിഞ്ഞ കുറച്ചേറെ കാലമായി ഫോം ഔട്ടിലാണ്. പ്രത്യേകിച്ചും ടി20 യില്‍അദ്ദേഹം എറിയുന്ന 19 -ാമത്തെ ഓവര്‍ എതിര്‍ ടീമിന് തങ്ങളുട പരാജയം ഒഴിവാക്കാനുള്ള അവസാന അവസരമായി മാറിയിരിക്കുന്നു. 

ശ്രീലങ്കയ്ക്കും പാകിസ്താനും ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരെയും ഭുവിയുടെ 19 മത്തെ ഓവര്‍ നിര്‍ണ്ണായകമായിരുന്നു. ഇതോടെയാണ് ട്രോളന്മാര്‍ ഭുവനേശ്വര്‍ കുമാറിനെതിരെ തിരിഞ്ഞത്. ഏഷ്യാ കപ്പ് മുതല്‍ വിശ്വസ്തനായ ഭുവിയില്‍ നിന്ന് ഡെത്ത് ഓവറുകളില്‍ ബാധ്യതയാകുന്ന ഭുവിയെ ആണ് കാണാനാകുന്നത്. 


ഇന്നലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത ഭുവി കരിയറില്‍ ആദ്യമായി ബൗളിംഗില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചുവെന്ന നാണക്കേടും പേറിയാണ് ഗ്രൗണ്ട് വിട്ടത്.

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ ഭുവിയുടെ ഒറ്റ ഓവറാണ് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് കളഞ്ഞത്. രവി ബിഷ്ണോയി പതിനെട്ടാം ഓവറില്‍ പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കിയ ശേഷം നിര്‍ണായക പത്തൊമ്പതാം ഓവര്‍ എറിയാന്‍ ഭുവി എത്തുമ്പോള്‍ പാക്കിസ്ഥാന് ജയത്തിലേക്ക് 12 പന്തില്‍ വേണ്ടിയിരുന്നത് 26 റണ്‍സ്. 

എന്നാല്‍ പത്തൊമ്പതാം ഓവറില്‍ ഭുവി 19 റണ്‍സ് വഴങ്ങിയതോടെ കളി കൈവിട്ട ഇന്ത്യക്കായി അവസാന ഓവറില്‍ അര്‍ഷ്ദീപ സിംഗ് ഹൃദയം കൊണ്ട് പന്തെറിഞ്ഞെങ്കിലും ഒരു പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ തോറ്റു. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരെയും അവസാന ഓവറില്‍ ഇന്ത്യ ജയം കൈവിട്ടപ്പോള്‍ പത്തൊമ്പതാം ഓവര്‍ എറിഞ്ഞത് ഭുവി തന്നെയായിരുന്നു. 

രണ്ടോവറില്‍ ജയത്തിലേക്ക് ലങ്കക്ക് 21 റണ്‍സ് വേണമെന്നിരിക്കെ നിര്‍ണായക പത്തൊമ്പതാം ഓവറില്‍ 14 റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ വീണ്ടും ഇന്ത്യ കളി കൈവിട്ടു. ഈ രണ്ട് തോല്‍വികള്‍ ഇന്ത്യയെ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരെ പവര്‍ പ്ലേയില്‍ തന്നെ നാലോവറില്‍ അഞ്ച് വിക്കറ്റുമായി മടങ്ങി വന്നെങ്കിലും ഇന്നലെ ഓസ്ട്രേലിയക്കെതിരെയും ഭുവിയുടെ ഡെത്ത് ബൗളിംഗ് ഇന്ത്യയെ ചതിച്ചു. അവസാന നാലോവറില്‍ 55ഉം  രണ്ടോവറില്‍ 18ഉം റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 

പതിനേഴാം ഓവര്‍ എറിഞ്ഞ ഭുവി ആദ്യം 15 റണ്‍സ് വഴങ്ങി. അടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 22 റണ്‍സ് വിട്ടുകൊടുത്തതോടെ ഓസീസ് ലക്ഷ്യം രണ്ടോവറില്‍ 18 റണ്‍സായി. പത്തൊമ്പതാം ഓവറില്‍ ഭുവി 16 റണ്‍സ് വിട്ടുകൊടുത്തോടെ ഇന്ത്യ കളി കൈവിട്ടു. അവസാന ഓവറില്‍ വേണ്ട രണ്ട് റണ്‍സ് ഓസീസ് നിഷ്പ്രയാസമായിരുന്നു. 

വിജയിയില്‍ നിന്ന് ഒറ്റുകാരന്‍റെ റോളിലേക്ക് ഒരു കളിക്കാനെ മാറ്റിനിര്‍ത്താന്‍ ശരാശരി ആരാധകര്‍ക്ക് ഇതൊക്കെ ധാരാളമായിരുന്നു. പണ്ട് നേടിതന്നെ വിജയങ്ങളെല്ലാം അപ്രത്യക്ഷമായി. വിശ്വസ്തനില്‍ നിന്നും ഒറ്റകാരനിലേക്ക് ഭുവിയെ ആരാധകരും ഉപേക്ഷിച്ചു. ടീമില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് പോലും അവശ്യങ്ങളുയര്‍ന്നു. 

ഇതിനിടെ ടീം ഇന്ത്യയ്ക്ക് നിലവാരമില്ലെന്ന് അഭിപ്രായപ്പെട്ട് സാക്ഷാല്‍ രവി ശാസ്ത്രി തന്നെ രംഗത്തെത്തി. പണ്ട് മത്സരം നടക്കുമ്പോള്‍ പവലിയനിലിരുന്ന് ഉറക്കം തൂങ്ങിയ കോച്ച് രവി ശാസ്ത്രിയല്ല ഇന്ന്. അദ്ദേഹത്തിന് കോച്ച് പദവി നഷ്ടമായി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വന്‍മതിലെന്ന് അറിയപ്പെട്ടിരുന്ന ദ്രാവിഡാണ് ഇപ്പോള്‍ കോച്ച്.

പക്ഷേ, തോല്‍വിയെന്നും തോല്‍വി തന്നെയെന്ന് ട്രോളന്മാര്‍ പറയുന്നു. ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടുള്ള ഇന്ത്യന്‍ ടീമിനെ നോക്കൂ. പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്ന ടീമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ഇപ്പോഴത്തെ ടീം ഫീല്‍ഡിംഗിന്‍റെ കാര്യത്തില്‍ സ്‌കൂള്‍ നിലവാരം പോലും കാണിക്കുന്നില്ല. ഇതുകാരണം ബാറ്റിംഗ് ചെയ്യുന്നവര്‍ക്ക് 15-20 റണ്‍സെങ്കിലും കൂടുതലായി ലഭിക്കുന്നുണ്ട്. മുമ്പ് കാണിച്ചിരുന്ന ഫീല്‍ഡിംഗ് മികവ് എവിടെയാണ് നഷ്ടമായത്? രവീന്ദ്ര ജഡേജ ടീമില്ല, എവിടെയാണ് എക്‌സ് ഫാക്റ്റര്‍ നഷ്ടമായത്.?'' ശാസ്ത്രി ചോദിക്കുന്നു.

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി 20യില്‍ 208 റണ്‍സ് നേടിയിട്ടും ജയിക്കാന്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ല, 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയലക്ഷ്യം മറികടന്നു. ഫീല്‍ഡിംഗിലെ പിഴവുകളും ബൗളര്‍മാരുടെ അച്ചടക്കമില്ലായ്മയും തോല്‍വിക്ക് കാരണമായിരുന്നു. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ അനായാസ ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 50ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തു. യൂസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവരെല്ലാം അടിമേടിച്ചു.

തോല്‍വി ടീം ഇന്ത്യ അര്‍ഹിച്ചിരുന്നുവെന്നായിരുന്നോ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞതിന്‍റെ സാരമെന്ന് പോലും തോന്നിപ്പോകും അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ടാല്‍. ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍  മുംബൈ ടീമിന്‍റെ ഭാഗമായിരുന്ന രോഹിത് ശര്‍മ്മയുട നിഴല്‍ പോലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കില്ലെന്നാണ് ട്രോളന്മാരും പറയുന്നത്. 

ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി ആക്രമണോത്സുകനും ആവേശം അടക്കിവെക്കാത്തയാളുമായിരുന്നെങ്കില്‍ നേരെ തിരിച്ചാണ് രോഹിത് ശര്‍മ എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാല്‍, നിരന്തരം നേരിടേണ്ടിവരുന്ന തോല്‍വികളില്‍ അയാള്‍ അസ്വസ്ഥനാണെന്ന് ഗ്രൗണ്ടിലെ അദ്ദേഹത്തിന്‍റെ പെരുമാറ്റങ്ങള്‍ പറയുന്നു. 

ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ അര്‍ഷ്ദീപ് നിര്‍ണായക ക്യാച്ച് കൈവിട്ടപ്പോഴും ഇന്നലെ ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് ഡിആര്‍എസ് വിളിക്കാന്‍ പറയാതിരുന്നപ്പോഴും രോഹിത്തിലെ ചൂടന്‍ ക്യാപ്റ്റനെ ആരാധകര്‍ കണ്ടു. ദിനേശ് കാര്‍ത്തിക് ഡിആര്‍എസിന് ആവശ്യപ്പെട്ടില്ലെങ്കിലും ഉമേഷ് യാദവ് ആവശ്യമുന്നയിച്ചു.  

ഇതോടെ ആദ്യമേ ഡിആര്‍എസ് വിളിക്കാന്‍ പറയാതിരുന്നതിന് തമാശയായി രോഹിത് ദിനേശ് കാര്‍ത്തിക്കിന്‍റെ കഴുത്തുപിടിച്ച് ഞെരിക്കുകയായിരുന്നു. ഡിആര്‍എസ് തീരുമാനം ഔട്ടാണെന്ന് വന്നതോടെ അസംതൃപ്തിയോടെ ക്രീസ് വിടാനൊരുങ്ങിയ സ്റ്റീവ് സ്മിത്തിനെ നോക്കി കയറിപ്പോടോ എന്ന അര്‍ത്ഥത്തില്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്ന രോഹിത്തിനെയാണ് പിന്നെ കണ്ടത്. 

മുമ്പ് ക്യാപ്റ്റനായിരുന്ന കാലത്ത് പല ബാറ്റര്‍മാരെയും വിരാട് കോലി ഇത്തരത്തില്‍ യാത്രയാക്കിയിട്ടുണ്ടെങ്കിലും പൊതുവെ ശാന്തനായ രോഹിത്തില്‍ നിന്ന് ഇത്തരമൊരു യാത്രയയപ്പ് ആരാധകര്‍ പ്രതീക്ഷിച്ചില്ല. തോല്‍വിക്ക് ശേഷം മത്സരഫലത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍  തോല്‍വിയുടെ കാരണത്തെക്കുറിച്ചോ മത്സരത്തിലെ വഴിത്തിരിവിനെക്കുറിച്ചോ തനിക്കറിയില്ലെന്നായിരുന്നു നിരശനായ ഹാര്‍ദ്ദികിന്‍റെ മറുപടി. 

ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സ് വഴങ്ങിയതാണോ കളിയില്‍ വഴിത്തിരിവായതെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഹാര്‍ദ്ദിക് നല്‍കി മറുപടി ഇതായിരുന്നു. നിങ്ങള്‍, പറയു, എനിക്കറിയില്ല, അത് അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അത് തടഞ്ഞേനെ.

ഇത് ദ്വിരാഷ്ട്ര പരമ്പരയല്ലേ, പരമ്പരയില്‍ ഇനിയും രണ്ട് കളികള്‍ കൂടിയില്ലേ? അതുകൊണ്ട് തിരിച്ചുവരാന്‍ നമുക്ക് അവസരമുണ്ടെന്ന് ആശ്വസിക്കുകയായിരുന്നു ഹാര്‍ദ്ദിക്.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്ത മികവ് ആവര്‍ത്തിക്കാന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും പരാജയപ്പെട്ടു എന്നായിരുന്നു തോല്‍വിയുടെ കാരണമായി രോഹിത് നിരീക്ഷിച്ചത്. മൊഹാലിയിലേത് വന്‍ സ്കോറുകള്‍ പിറക്കുന്ന ഗ്രൗണ്ടാണ്. അതുകൊണ്ടുതന്നെ 200 അടിച്ചാലും സമാധാനമായി ഇരിക്കാന്‍ പറ്റില്ല.

പക്ഷെ 200 റണ്‍സ് അത്ര മോശം സ്കോറല്ല. പ്രതിരോധിക്കാവുന്ന സ്കോറായിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ നമ്മള്‍ മുതലാക്കിയില്ല. ബാറ്റര്‍മാര്‍ കാട്ടിയ മികവ് ബൗളര്‍മാര്‍ പുറത്തെടുത്തില്ലെന്നും രോഹിത് പറഞ്ഞു.

Latest Videos

click me!