ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ടോപ് സ്കോററായിരുന്നു വിരാട് കോലി. എന്നാല്‍ കോലി സ്വന്തം കേളി ശൈലിയിലേക്ക് തിരിച്ചെത്തിയോയെന്ന സംശയം ബാക്കിയായിരുന്നു. ഈയൊരു സന്നിഗ്ദാവസ്ഥയിലാണ് കോലി ഹോങ്കോങ്ങിനെതിരെ അര്‍ദ്ധ സ്വെഞ്ചുറി നേടി തന്‍റെ തിരിച്ച് വരവറിയിച്ചത്.
ഇതോടെ കോലി ആരാധകര്‍ തങ്ങളുടെ താരത്തിന്‍റെ തിരിച്ച് വരവാണ് ഹോങ്കോങ്ങിനെതിരെയുള്ള മത്സരമെന്ന് വിധിയെഴുതി. ടീമിന്‍റെ റണ്‍റൈറ്റില്‍ കോലിയുടെ സംഭാവനയെ പുകഴ്ത്തി ആരാധകര്‍ രംഗത്തെത്തി.
ഇത്തവണത്തെ ഏഷ്യാ കപ്പിലെ ആദ്യ അമ്പത് റണ്‍സാണ് കോലി നേടിയത്. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 44 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതിനിടെ മൂന്ന് സിക്സും ഒരു ഫോറും കോലി പറത്തി.
ടി20 കരിയറിലെ 31-ാ അര്‍ധസെഞ്ചുറി തികച്ച കോലി അര്‍ധസെഞ്ചുറികളുടെ എണ്ണത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പമെത്തി. മികച്ച റണ്ണിനൊപ്പം ചില നാഴിക കല്ലുകള്‍ കൂടി കടന്നതോടെ ആരാധകരുടെ വാഴ്ത്തലുകള്‍ക്ക് പഞ്ഞമുണ്ടായില്ല.
കെ എല്‍ രാഹുലിനൊപ്പം താളം കണ്ടെത്താന്‍ കോലിയും പാടുപെട്ടു. എന്നാല്‍ അടിച്ച് കളിച്ച് സൂര്യകുമാര്‍ യാദവ് മുന്നേറിയപ്പോള്‍ പിന്നെ കോലിയും തിരിഞ്ഞ് നോക്കിയില്ല. അതിനിടെ 2016 ന് ശേഷം കോലി ബോള്‍ ചെയ്തു. ഒരോവറില്‍ ആറ് റണ്‍സ് വിട്ടുകൊടുത്തു.
സിംഗിളുകളും ഡബിളുകളും ഓടിയെടുത്ത കോലി ഇടയ്ക്കിടെ പവലിയന്‍ ലക്ഷ്യമാക്കി പന്തുയര്‍ത്തി തന്‍റെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ചു. സൂര്യകുമാര്‍ നേരത്തെ ടീമിലെത്തണമായിരുന്നെന്ന് ചില ട്രോളന്മാരും അഭിപ്രായപ്പെടുന്നു. 26 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് കെ എല്‍ രാഹുലായിരുന്നു. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 39 പന്തുകള്‍ നേരിട്ട് വെറും 36 റണ്‍സാണ് എടുത്തത്.
കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് എന്ന ടി20യില്‍ കളിയില്‍ പോലും കൂടുതല്‍ പന്ത് നേരിട്ട രാഹുലിന് നേരിട്ട പന്തുകളോളം റണ്‍സെടുക്കാനാകാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
രണ്ട് സിക്സുകള്‍ മാത്രം പറത്തിയ രാഹുല്‍ ഓപ്പണറായി ഇറങ്ങി 13 ഓവറുകള്‍ ക്രീസില്‍ നിന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ വിഷമിച്ച രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കാണ് ഇന്ത്യന്‍ ടീം ആരാധകരുടെ ആവശ്യം. രാഹുലിന് പകരം മലയാളി താരം സഞ്ജുവിന് വേണ്ടി വാദിക്കുന്നവരും കുറവല്ല.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ നസീം ഷായുടെ ആദ്യ പന്തില്‍ തന്നെ രാഹുല്‍ പുറത്തായിരുന്നു. ഹോങ്കോങ്ങിനെതിരെ സിംഗിള്‍സ് എടുക്കാന്‍ പോലും രാഹുല്‍ പാടുപെട്ടു. ഇതോടെ പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാനുള്ള ഇന്ത്യന്‍ തന്ത്രം പാളി.
റണ്‍ റൈറ്റ് താഴ്ന്നതോടെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച രോഹിത് പെട്ടെന്ന് പുറത്തായി. രാഹുലിന്‍റെ സാന്നിധ്യത്തില്‍ ക്രീസിലെത്തിയ കോലിയും ഏറെ പാടുപെട്ടു. പിന്നീട് 13-ാം ഓവറില്‍ രാഹുല്‍ മടങ്ങുമ്പോള്‍ നന്നായെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
ഒടുവില്‍ സൂര്യകുമാര്‍ യാദവ് അടി തുടങ്ങിയപ്പോഴാണ് കോലിയും കളിച്ച് തുടങ്ങിയത്. നാലാം വിക്കറ്റില്‍ കോലിയും സൂര്യകുമാറും ചേര്‍ന്ന് ഏഴോവറില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു.
നാലാം വിക്കറ്റിലെത്തിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തിയത്. വെറും 26 പന്തില്‍ നിന്ന് 68 റണ്‍സാണ് സൂര്യകുമാര്‍ കൂസലില്ലാതെ നേടിയത്. ഇതില്‍ ആറ് വീതം ഫോറും സിക്‌സും ഉണ്ടായിരുന്നു.
ഇതിനിടെ ചില ട്രോളന്മാര്‍ പഴയ ചില ചിത്രങ്ങളും പുതിയ ചിത്രങ്ങളുമായി രംഗം കൊഴുപ്പിക്കാനെത്തി. അതില്‍ ആദ്യത്തേത് ഐപിഎല്ലില്‍ സൂര്യകുമാറും കോലിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു.
അന്ന് കോലി, സൂര്യയുടെ മുഖത്തേക്ക് തുറിച്ചുനോക്കുന്നതും സൂര്യ മുഖഭാവം തെല്ലും മാറ്റാതെ നില്‍ക്കുന്നതുമായ ചിത്രം ഏറെ പ്രചാരം നേടിയിരുന്നു. പുതിയ ചിത്രത്തില്‍ സൂര്യയുടെ പ്രകടനം കണ്ട് കോലി വണങ്ങുന്നതായിരുന്നു.
നേരിട്ട ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയാണ് സൂര്യകുമാര്‍ വരവറിയിച്ചത്. മത്സരശേഷം സൂര്യകുമാറിനെ പ്രകീര്‍ത്തിച്ച് ക്യാപ്റ്റന്‍ രംഗത്തെത്തി. ഇത്തരം ഇന്നിംഗ്‌സുകളെ വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ലെന്നാണ് രോഹിത് പറയുന്നത്.
''ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകള്‍ കളിക്കുമ്പോള്‍ നമുക്ക് വര്‍ണിക്കാന്‍ വാക്കുകളില്ലാതെ പോവും. ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകള്‍ മുമ്പും സൂര്യ കളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തോന്നിയ ആശ്ചര്യം ഇപ്പോഴും തോന്നുന്നു. ഒരുതരത്തിലുള്ള ഭീതിയുമില്ലാതെയാണ് സൂര്യ കളിച്ചത്.' രോഹിത് ശര്‍മ്മ ഒട്ടും കുറച്ചില്ല.
'ടീം പ്രതീക്ഷിക്കുന്നതും ഇത്തരത്തിലുള്ള ഇന്നിംഗ്‌സുകളാണ്. ഹോങ്കിങ്ങിനെതിരെ അദ്ദേഹം കളിച്ച പല ഷോട്ടുകളും കോപ്പിബുക്കുകളില്‍ എവിടെയും നിങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കില്ല. ഷോട്ട് സെലക്ഷനും എടുത്തുപറയേണ്ടതാണ്. ഗ്രൗണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും കളിക്കാന്‍ സൂര്യക്ക് സാധിക്കും.'' രോഹിത് മത്സരശേഷം പറഞ്ഞു.
''തുടക്കത്തില്‍ ഇന്ത്യക്ക് നന്നായി ബാറ്റ് ചെയ്യാനായും വലിയ സ്‌കോര്‍ കൂട്ടിചേര്‍ക്കാനുമായി. നന്നായി പന്തെറിയാനായെങ്കിലും കുറച്ചുകൂടെ നന്നാക്കാമായിരുന്നു. ടീമിലെ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോന്നവരാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ അവരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒരു ടീമീന് വേണ്ടത് അതുതന്നെയാണ്.'' രോഹിത് പറഞ്ഞുനിര്‍ത്തി.
ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയിരുന്നു. ഹോങ്കോങ്ങിനെ 40 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യ- കോലി കൂട്ടുകെട്ടിന്‍റെ കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചത്.