T20 World Cup| എവിടെയായിരുന്നു ഈ കളി? ഇന്ത്യയുടെ ജീവനറ്റിട്ടില്ല; അഫ്ഗാനെതിരെ ജയിക്കാനുണ്ടായ അഞ്ച് കാരണങ്ങള്‍

First Published | Nov 4, 2021, 10:06 AM IST

ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചതോടെ ഇന്ത്യ ജീവന്‍ ബാക്കിവച്ചു. സെമി ഫൈനലില്‍ പ്രവേശിക്കുക ഇനിയും പ്രയാസമാണ്. വരുന്ന മത്സരങ്ങളില്‍ നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കണം. മാത്രമല്ല, ന്യൂസിലന്‍ഡ് അഫ്ഗാന് മുന്നില്‍ തോല്‍ക്കുകയും വേണം. ഇന്നലെ അബുദാബിയില്‍ നടന്ന മത്സരത്തില്‍ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് അഞ്ച് കാരണങ്ങള്‍ നോക്കാം... 

സ്പിന്നര്‍മാര്‍ക്കെതിരായ ആക്രമണം

ടീം ഇന്ത്യയുടെ മനോഭാവത്തില്‍ വന്നമാറ്റം. ആദ്യ രണ്ട് കളിയില്‍ സ്പിന്നര്‍മാരുടെ 16 ഓവറില്‍ 3 ബൗണ്ടറി മാത്രം നേടിയ ഇന്ത്യ അഫ്ഗാന്‍ സ്പിന്നര്‍മാരുടെ ആദ്യ രണ്ടോവറില്‍ മാത്രം നേടിയത് നാല് ബൗണ്ടറികള്‍. സ്പിന്നര്‍മാര്‍ മാത്രമെറിഞ്ഞ ഏഴ് ഓവറില്‍ 68 റണ്‍സാണ് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത്.

ഓപ്പണിംഗ് സഖ്യം പൊളി

രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് ഫോമിലേക്ക് തിരിച്ചെത്തിയതാണ് മറ്റൊന്ന്. ഇരുവരും ഒന്നാം വിക്കറ്റിന് 14.4 ഓവറില്‍ നേടിയത് 140 റണ്‍സ്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടിയിരുന്നത് ഇരുവരുടെയും സേവനമായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇരുവരും നിരാശപ്പെടുത്തി. രണ്ടാം മത്സരത്തില്‍ രോഹിത് ഓപ്പണിംഗിന് ഇറങ്ങിയതുമില്ല. 


പന്ത്- പാണ്ഡ്യ സഖ്യത്തിന്റെ വെടിക്കെട്ട്

ഹാര്‍ദിക് പണ്ഡ്യയുടെയും റിഷഭ് പന്തിന്റെയും വെടിക്കെട്ടാണ് മറ്റൊന്ന്. ഇരുവരുടേയും അതിവേഗ ബാറ്റിംഗ് ഡ്യൂ ഫാക്ടറിനെ അതിജീവിക്കാനുള്ള സ്‌കോറില്‍ ഇന്ത്യയെ എത്തിച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് മൂന്നാമതായിട്ടാണ് റിഷഭ് ക്രീസിലെത്തിയത്. 13 പന്തില്‍ 27 വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടും. ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സ് നേടി. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 63 റണ്‍സാണ് കൂട്ടുകെട്ടില്‍ പിറന്നത്. 

ഷമി- ബുമ്ര ബൗളിംഗ്

പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് മികവും എടുത്തുപറയേണ്ടതാണ്. പവര്‍പ്ലേയില്‍ തന്നെ ഓപ്പണര്‍മാരെ മടക്കിയയക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയുമാണ് വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് ഷെഹ്‌സാദിനെ (0) ഷമി മടക്കിയപ്പോള്‍ ഉഗ്രന്‍ ഫോമിലുള്ള ഹസ്രത്തുള്ള സസൈ (13) ബുമ്രയുടെ പന്തില്‍ മടങ്ങി.

അശ്വിന്‍- ജഡേജ ദ്വയം

മധ്യഓവറുകളില്‍ റണ്ണൊഴുക്ക് തടയുന്നതില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും വലിയ പങ്കുണ്ടായിരുന്നു. ഇരുരും വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍. അശ്വിന്‍ നാല് ഓവറിര്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ജഡേജ മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഒരു വിക്കറ്റെടുക്കുകയും ചെയ്തു. നേരത്തെ, വരുണ്‍ ചക്രവര്‍ത്തിക്ക പകരമാണ് ്അശ്വിനെ ടീമില്‍  ഉള്‍പ്പെടുത്തിയിരുന്നത്.
 

Latest Videos

click me!