T20 World Cup: ടീം ഇന്ത്യ സെറ്റ്? സ്‌കോട്‌ലന്‍ഡിനെതിരായ സാധ്യതാ ഇലവന്‍

First Published | Nov 5, 2021, 4:19 PM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യയുടെ നാലാം മത്സരം(IND vs SCO) ജീവന്‍മരണ പോരാട്ടമാണ്. സെമി സാധ്യത നിലനിര്‍ത്താന്‍ സ്‌കോട്‌ലന്‍ഡിനെതിരെ(Scotland) വന്‍ മാര്‍ജിനിലുള്ള ജയം വിരാട് കോലിക്കും(Virat Kohli) സംഘത്തിനും അനിവാര്യം. അതിനാല്‍ത്തന്നെ ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായില്‍ മത്സരം തുടങ്ങുമ്പോള്‍ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവനെ അണിനിരത്തുക ടീം ഇന്ത്യക്ക്(Team India) നിര്‍ണായകമാണ്. അതിവേഗ സ്‌കോറിംഗില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടില്ല. പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ തുടര്‍തോല്‍വികള്‍ക്കൊടുവില്‍ അഫ്‌ഗാനെതിരെ നേടിയ 66 റണ്‍സിന്‍റെ ജയം നല്‍കുന്ന ആത്മവിശ്വാസം കോലിപ്പയ്‌ക്കുണ്ട്. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ടോ. സ്‌കോട്‌ലന്‍ഡിന് എതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ.

അഫ്‌ഗാനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ 140 റണ്‍സ് ചേര്‍ത്ത രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍ സഖ്യം സ്‌കോട്‌ലന്‍ഡിനെതിരേയും തുടരും. 

നായകന്‍ വിരാട് കോലിക്കൊപ്പം സൂര്യകുമാര്‍ യാദവും റിഷഭ് പന്തും മധ്യനിര ഉറപ്പിച്ചിട്ടുണ്ട്. ഇതില്‍ റിഷഭ് പന്തിന്‍റെ അതിവേഗ സ്‌കോറിംഗ് നിര്‍ണായകമാകും. 


അഫ്‌ഗാനെതിരെ 13 പന്തില്‍ 35 റണ്‍സുമായി തിളങ്ങിയതിനാല്‍ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഓള്‍റൗണ്ടര്‍ സ്ഥാനം നിലനിര്‍ത്തും. 

ഷര്‍ദ്ദുല്‍ ഠാക്കൂര്‍, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര എന്നിവരാകും സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍. അശ്വിന്‍റെ തിരിച്ചുവരവും ഷമിയുടെ ഫോമും കരുത്തുകൂട്ടും. അതേസമയം ഷര്‍ദ്ദുലിന് പകരം അധിക സ്‌പിന്നറെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യമുയരുന്നുണ്ട്. 

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര. 

2007ലെ പ്രഥമ ലോകകപ്പിലെ ഇന്ത്യ- സ്‌കോട്‌ലന്‍ഡ് മത്സരം മഴ കാരണം ഉപേക്ഷിച്ചതിനുശേഷം ടി20യില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായാണ്. 

Latest Videos

click me!