T20 World Cup: അടിച്ച് ഭിത്തിയില്‍ ഒട്ടിച്ചു; അഫ്‌ഗാനെതിരായ ഇന്ത്യന്‍ വെടിക്കെട്ടിന് പ്രശംസാപ്രവാഹം

First Published | Nov 3, 2021, 10:44 PM IST

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യയെ(Team India) എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് എതിരാളികള്‍ പോലും പറയുന്നത് ഇതുകൊണ്ടാണ്. ടൂര്‍ണമെന്‍റില്‍ സെമിയിലെത്തിയ ആദ്യ ടീമായ പാകിസ്ഥാനെ(Pakistan Cricket Team) വിറപ്പിച്ചെത്തിയ അഫ്‌ഗാനിസ്ഥാനെതിരെ(Afghanistan Cricket Team) ബാറ്റിംഗ് പൂരം കാഴ്‌ചവെക്കുകയായിരുന്നു ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 210 റണ്‍സെന്ന ഹിമാലയന്‍ സ്‌കോര്‍ കെട്ടിപ്പൊക്കി. രോഹിത് ശര്‍മ്മ(47 പന്തില്‍ 74), കെ എല്‍ രാഹുല്‍(48 പന്തില്‍ 69), ഹര്‍ദിക് പാണ്ഡ്യ(13 പന്തില്‍ 35), റിഷഭ് പന്ത്(13 പന്തില്‍ 27) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. ഇന്ത്യന്‍ ബാറ്റര്‍മാരുടെ തീപ്പൊരി പ്രകടനം കണ്ട് മുന്‍താരങ്ങള്‍ക്കുള്‍പ്പടെ സന്തോഷമടക്കാനായില്ല. പ്രതികരണങ്ങള്‍ കാണാം. 

അഫ്‌ഗാനെതിരെ കൂറ്റന്‍ ജയം അനിവാര്യമായ മത്സരത്തില്‍ രോഹിത്-രാഹുല്‍ സഖ്യം നല്‍കിയ മികച്ച തുടക്കം ഇന്ത്യയെ ഹിമാലയന്‍ സ്‌കോറില്‍ എത്തിച്ചു. 

ടോസ് നഷ്‌ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 20 ഓവറില്‍ 210 റണ്‍സ് അടിച്ചുകൂട്ടി. 


രോഹിത് ശര്‍മ്മ 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 74 ഉം കെ എല്‍ രാഹുല്‍ 48 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 69 ഉം റണ്‍സ് നേടി. 

15-ാം ഓവറില്‍ ഹിറ്റ്‌മാനെ നബിയുടെ കൈകളിലെത്തിച്ച് കരീം ജനതാണ് 140 റണ്‍സിന്‍റെ ഈ കൂട്ടുകെട്ട് പൊളിച്ചത്.  

മത്സരത്തില്‍ ഇന്ത്യ കാത്തുവെച്ച ദീപാവലി വെടിക്കെട്ടിന്‍റെ സാംപിള്‍ മാത്രമായിരുന്നു അത്. പിന്നെയായിരുന്നു പൂരം. 

17-ാം ഓവറിലെ മൂന്നാം പന്തില്‍ രാഹുലിനെ നഷ്‌ടമായ ശേഷം ക്രീസില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. 

രാഹുല്‍ പുറത്താകുമ്പോള്‍ 16.3 ഓവറില്‍ 147 റണ്‍സിലായിരുന്ന ഇന്ത്യ 20 ഓവര്‍ കഴിയുമ്പോള്‍ 210 എന്ന വന്‍ സ്‌കോറിലെത്തി. 

ഹര്‍ദിക് 13 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 35 ഉം റിഷഭ് അത്രതന്നെ പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 27 റണ്‍സുമായി പുറത്താകാതെ നിന്നു. 

Latest Videos

click me!