ശക്തമായ ബാറ്റിംഗ് ബൗളിംഗ് ലൈനപ്പുകളാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ സവിശേഷത. ഇന്നും ജോസ് ബട്‌ലര്‍-യശസ്വീ ജയ്സ്വാള്‍ സഖ്യം തന്നെയാകും രാജസ്ഥാന്‍റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.
ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍, ദേവ്‌ദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം ഫോമിലുള്ള ഷിമ്രോന്‍ ഹെറ്റ്‌മയുടെ ഹിറ്റിംഗും രാജസ്ഥാന് പ്രതീക്ഷയാണ്. റിയാന്‍ പരാഗിന് വീണ്ടും അവസരം നല്‍കാന്‍ രാജസ്ഥാന്‍ മുതിര്‍ന്നേക്കും.
രവിചന്ദ്ര അശ്വിനൊപ്പം ജിമ്മി നീഷം ഓള്‍റൗണ്ടറായി ഇടംപിടിച്ചേക്കും. നേഥന്‍ കൂള്‍ട്ടര്‍ നൈലിന് ആദ്യ മത്സരത്തില്‍ കാര്യമായ ഇംപാക്‌ടുണ്ടാക്കാന്‍ കഴിയാതെപോയ സാഹചര്യത്തിലാണിത്. മിന്നും ഫോമിലുള്ള യുസ്‌വേന്ദ്ര ചാഹല്‍, ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ എന്നിവരില്‍ ടീമിന് സംശയങ്ങളില്ല.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ 27 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറുകളുമായി 55 റണ്‍സെടുത്ത സഞ്ജു സാംസണായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. പടിക്കല്‍ 41ഉം ബട്‌ലര്‍ 35ഉം ഹെറ്റ്‌മെയര്‍ 13 പന്തില്‍ 32ഉം ജയ്സ്വാള്‍ 20ഉം റണ്‍സെടുത്തിരുന്നു.
മികച്ച ബൗളിംഗ് ലൈനപ്പ് രാജസ്ഥാന്‍റെ കരുത്ത് കൂട്ടുന്നു. കഴിഞ്ഞ മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ യുസ്‌വേന്ദ്ര ചാഹല്‍ 22 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. പ്രസിദ്ധ് 16 റണ്‍സിനും ട്രെന്‍റ് ബോള്‍ട്ട് 23നും രണ്ട് വീതം വിക്കറ്റ് പിഴുതു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 61 റണ്‍സിന്‍റെ മിന്നും ജയമാണ് രാജസ്ഥാന്‍ നേടിയത്. രാജസ്ഥാന്‍റെ 210 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 149 റണ്‍സെടുക്കാനേയായുള്ളൂ.