പുറത്താവുന്നത് രഹാനെയോ ഇഷാന്തോ? രണ്ട് മാറ്റങ്ങളുറപ്പ്, ഓവല്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published | Sep 1, 2021, 10:25 PM IST

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയിലാണ്. മൂന്നാം ടെസ്റ്റിലെ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്തൊക്കെ മാറ്റങ്ങളാകും ഇന്ത്യയുടെ അന്തിമല ഇലവനിലുണ്ടാകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മോശം ഫോമിലുള്ള വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ സ്ഥാനം നിലനിര്‍ത്തുമോ, മൂന്നാം ടെസ്റ്റില്‍ നിറം മങ്ങിയ ഇഷാന്ത് പുറത്താവും രവീന്ദ്ര ജഡേജക്ക് പകരം അശ്വിന്‍ എത്തുമോ എന്ന ഒരുപിടി ചോദ്യങ്ങളുണ്ട്. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം നോക്കാം.

രോഹിത് ശര്‍മ: ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ഇന്ത്യയുടെ വിശ്വസ്തനായി മാറിക്കഴിഞ്ഞു. ഓവലിലും രോഹിത് തന്നെയാകും ഇന്ത്യയുടെ ഒന്നാം ഓപ്പണര്‍.

കെ എല്‍ രാഹുല്‍: ആദ്യ രണ്ട് ടെസ്റ്റില്‍ മികവ് കാട്ടിയശേഷം മൂന്നാം ടെസ്റ്റില്‍ നിറം മങ്ങിയെങ്കിലും രാഹുല്‍ തന്നെയാകും രണ്ടാം ഓപ്പണര്‍.


ചേതേശ്വര്‍ പൂജാര: ലീഡ്സ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ അര്‍ധസെഞ്ചുറി പൂജാരയുടെ ആയുസ് അല്‍പം കൂടി നീട്ടിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓവലിലും പൂജാര തന്നെയാകും മൂന്നാം നമ്പറില്‍.

വിരാട് കോലി: ലീഡ്സിലെ അര്‍ധസെഞ്ചുറി ഓവലില്‍ സെഞ്ചുറിയാക്കി മാറ്റി സെഞ്ചുറി വരള്‍ച്ചക്ക് കോലി വിരാമമിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അജിങ്ക്യാ രഹാനെ: മോശം ഫോമിലാണെങ്കിലും വൈസ് ക്യാപ്റ്റന്‍ രഹാനെക്ക് അവസാനമായി ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്മെന്‍റ് തയാറായേക്കും.

റിഷബ് പന്ത്: പരമ്പരയില്‍ ഇതുവരെ തിളങ്ങാനായിട്ടില്ലെങ്കിലും റി,ബ് പന്ത് തന്നെയാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പറും ആറാം നമ്പര്‍ ബാറ്റ്സ്മാനും.

ആര്‍ അശ്വിന്‍: ചെറിയ പരിക്കുള്ള രവീന്ദ്ര ജഡേജക്ക് പകരം ആര്‍ അശ്വിന്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിച്ചേക്കും. ഓവലിലെ പിച്ച് സ്പിന്നിനെ തുണക്കുമെന്നത് അശ്വിന്‍റെ സാധ്യത കൂട്ടുന്നു.

ഷര്‍ദ്ദുല്‍ ഠാക്കൂര്‍: ലീഡ്സില്‍ നിറം മങ്ങിയ ഇഷാന്തിന് പകരം ബൗളിംഗ് ഓള്‍ റൗണ്ടര്‍ കൂടിയായ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തിയേക്കും. ലീഡ്സില്‍ പരിക്കുമൂലം ഷര്‍ദ്ദുല്‍ കളിച്ചിരുന്നില്ല.

മുഹമ്മദ് ഷമി: പരമ്പരയില്‍ ഇതുവരെ കാര്യമായി തിളങ്ങിയില്ലെങ്കിലും ഷമി തന്നെയാവും ഇന്ത്യയുടെ പേസ് കുന്തമുന.

മുഹമ്മദ് സിറാജ്: ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങിയ സിറാജ് ഓവലിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ലീഡ്സ് ടെസ്റ്റില്‍ സിറാജിന് കാര്യമായി തിളങ്ങാനായിരുന്നില്ല.

ജസ്പ്രീത് ബുമ്ര: പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബുമ്ര(14) ഓവലിലും ഇന്ത്യന്‍ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കും.

Latest Videos

click me!