ആദ്യ ഏകദിനം ബാറ്റിംഗ് പൂരം, തുടക്കം കസറി; ധവാനെയും യുവനിരയേയും പുകഴ്‌ത്തി മുന്‍താരങ്ങള്‍

First Published | Jul 19, 2021, 11:19 AM IST

കൊളംബോ: ശ്രീലങ്കയിലെ ആദ്യ ഏകദിന മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. വിജയലക്ഷ്യമായ 263 റൺസ് 80 പന്ത് ബാക്കിനിൽക്കെ യുവനിര മറികടക്കുകയായിരുന്നു. പരിചയസമ്പന്നനായ നായകന്‍ ശിഖര്‍ ധവാന്‍റെ മികവിന് പുറമെ ഇന്ത്യന്‍ കുട്ടിപ്പടയുടെ ബാറ്റിംഗ് വെടിക്കെട്ടുമായി മത്സരം മാറി. ഓപ്പണറായിറങ്ങി ലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പറത്തിയ പൃഥ്വി ഷായാണ് മാന്‍ ഓഫ് ദ് മാച്ച്.

ധവാനും ഷായ്‌ക്കും പുറമെ അരങ്ങേറ്റ ഏകദിനം കളിച്ച ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ബാറ്റിംഗില്‍ നിറഞ്ഞാടിയതോടെയാണ് ഇന്ത്യ ഗംഭീര ജയം നേടിയത്.
കൊളംബോയില്‍ 263 റൺസ് വിജയലക്ഷ്യവുമായി ക്രിസീലെത്തിയ ഇന്ത്യ ടോപ് ഗിയറിലാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. 24 പന്തില്‍ ഒന്‍പത് ബൗണ്ടറികളുമായി പൃഥ്വി ഷായുടെ വെടിക്കെട്ട് ഷോ ആരാധകരെ ത്രസിപ്പിച്ചു.

പൃഥ്വി 43ൽ മടങ്ങിയതിന് പിന്നാലെയെത്തിയ ബര്‍ത്ത് ഡേ ബോയി ഇഷാന്‍ കിഷന്‍ ഏകദിന അരങ്ങേറ്റം അടിച്ചുതകര്‍ത്ത് ആഘോഷിച്ചു. 42 പന്തില്‍ 59 റണ്‍സ് നേടിയായിരുന്നു കിഷന്‍റെ പിറന്നാല്‍ ആഘോഷം.
അരങ്ങേറ്റ ഇന്നിംഗ്സില്‍ 31 റൺസെടുത്ത സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ജയം എളുപ്പമാക്കി. ഓപ്പണറായിറങ്ങി ഒരറ്റത്ത് നായകന്‍റെ ഉത്തരവാദിത്തത്തോടെ ക്രീസിലുറച്ച ശിഖര്‍ ധവാന്‍ 95 പന്തില്‍ 86 റൺസുമായി പുറത്താകാതെ നിന്നു.
മത്സര ശേഷം ഇന്ത്യന്‍ യുവനിരയെ പ്രശംസ കൊണ്ട് മൂടി വിവിഎസ് ലക്ഷ്‌മണ്‍ അടക്കമുള്ള മുന്‍താരങ്ങള്‍ രംഗത്തെത്തി. ധവാനെയും ഷായെയും കിഷനെയും സൂര്യകുമാറിനേയും വിവിഎസ് പ്രശംസിച്ചു.
ഇന്ത്യയും പുതിയ ക്യാപ്റ്റനും നന്നായി കളിച്ചു എന്നായിരുന്നു മുന്‍ പേസര്‍ ആര്‍പി സിംഗിന്‍റെ വാക്കുകള്‍. ധവാന്‍ സെഞ്ചുറി അര്‍ഹിച്ചിരുന്നു എന്നും ആര്‍ പി സിംഗ് പറഞ്ഞു.
വസീം ജാഫറിന്‍റെ ട്വീറ്റില്‍ മറ്റൊരു സൂപ്പര്‍താരത്തിന്‍റെ പേരുകൂടിയുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനായിരുന്നു ജാഫറിന്‍റെ പ്രശംസ. ഡ്രസിംഗ് റൂമിലേക്ക് രാഹുല്‍ ഭായ്‌യുടെ തിരിച്ചുവരവ് എത്ര മനോഹരം എന്ന് ജാഫര്‍ കുറിച്ചു.
ഇന്ത്യന്‍ വിജയത്തെ അഭിനന്ദിച്ച മുന്‍ പേസര്‍ വിനയ് കുമാര്‍ നായകന്‍ ശിഖര്‍ ധവാന്‍റെ ഉത്തരവാദിത്വത്തോടെയുള്ള ഇന്നിംഗ്‌സിനെ വാഴ്‌ത്തിപ്പാടി. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ തുടക്കം കസറി എന്നും വിനയ് കുമാര്‍ പറഞ്ഞു.

Latest Videos

click me!