ടോസൊക്കെ ആര്‍ക്ക് വേണം; ഏഷ്യാ കപ്പ് ഞങ്ങളങ്ങ് കോണ്ടോവ്വാണ്...; കാണാം ശ്രീലങ്കന്‍ വിജയ ട്രോളുകള്‍

First Published | Sep 12, 2022, 12:21 PM IST

രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ കാര്യത്തില്‍ ആര്‍ക്കും വലിയ താത്പര്യമുണ്ടായിരുന്നില്ല. പഴയ ലോകകപ്പ് ടീമൊക്കെയാണെങ്കിലും ഇത്തവണ ഏഷ്യാ കപ്പിനെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാനും താഴെയായിരുന്നു ശ്രീലങ്കയ്ക്ക് ക്രിക്കറ്റ് വിദഗ്ദര്‍ നല്‍കിയ സാധ്യത. എന്നാല്‍, ടോസ് നേടിയാല്‍ പാതി ജയിച്ചുവെന്ന ക്രിക്കറ്റിന്‍റെ പരമ്പരാഗത വിശ്വാസത്തെ പോലും അട്ടിമറിച്ച് ഏഷ്യാ കപ്പുമായി ശ്രീലങ്ക ആറാമതും ദ്വീപിലേക്ക് കടന്നു. ഇതിനിടെ കടപുഴകിയതാകട്ടെ ക്രിക്കറ്റ് ലോകത്തെ അതികായരായ ഇന്ത്യയും പാകിസ്ഥാനും. ശ്രീലങ്ക തോല്‍വി നേരിട്ടതാകട്ടെ അഫ്ഗാനിസ്ഥാനോട് മാത്രം. ഇതില്‍പ്പരം ഇനിയെന്താണ് അനിശ്ചിതത്വത്തിന്‍റെ കളിയായ ക്രിക്കറ്റില്‍ സംഭവിക്കാനുള്ളതെന്നാണ് ക്രിക്കറ്റ് ലോകം ചോദിക്കുന്നത്. കപ്പുയര്‍ത്തുമെന്ന് വെല്ലുവിളിച്ചവരെ ഗ്യാലറിയിലിരുത്തി, ആധികാരികമായാണ് ശ്രീലങ്ക കപ്പുമായി ദുബൈയില്‍ നിന്നും വിമാനം കയറിയത്. ഇന്ത്യയെയും പാകിസ്ഥാനെയും ട്രോളുകയും ശ്രീലങ്കന്‍ വിജയം ആഘോഷിച്ചും ഒപ്പം ട്രോളന്മാരും കൂടി. കാണാം ആ കഴ്ചകള്‍. ‌

ഫൈനലിന് മുമ്പ് നടന്ന ശ്രീലങ്ക - പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക തങ്ങളുടെ ഫൈനല്‍ കളിയെ കുറിച്ച് സൂചന നല്‍കിയിരുന്നു. പിന്നാലെ നടന്ന ഫൈനലില്‍ പാകിസ്ഥാനെ നിലം തൊടാന്‍ ശ്രീലങ്ക അനുവദിച്ചില്ല. 

അതിനിടെ മഹീഷ് തീഷ്ണയുടെ ഒരു ട്വീറ്റ് ചില ട്രോളന്മാര്‍ ബിസിസിഐയെ കളിയാക്കാനായി ഉയര്‍ത്തികാട്ടി.  നിങ്ങള്‍ക്ക് 11 സഹോദരങ്ങളുണ്ടെങ്കില്‍ ലോകോത്തര കളിക്കാരെ ആവശ്യമില്ല എന്നായിരുന്നു മഹീഷ് തീക്ഷ്ണയുടെ ട്വീറ്റ്. ഇന്ത്യന്‍ ടീമിലാണെങ്കില്‍ ലോകോത്തര കളിക്കാരെ വച്ച് എ, ബി. സി ടീമുകളുണ്ടായാണ് കളിക്കുന്നത് തന്നെ. പ്രതിഭകളെ തട്ടി നടക്കാന്‍ വയ്യാതായെന്ന്...


കപ്പ് സ്വന്തമാക്കുമെന്ന് കളി എഴുത്തുകാരും കണക്കുകളും വിധിയെഴുതിയ ഏഷ്യാ കപ്പില്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ പാകിസ്ഥാനെ വെല്ലുവിളിച്ച് കപ്പ് തങ്ങള്‍ കൊണ്ടുപോകുമെന്ന അവകാശവാദം ഉയര്‍ത്തിയിരുന്നു. 

ശ്രീലങ്കയുടെ വിജയത്തിന് പിന്നാലെ ടീം ഇന്ത്യയെയും ശ്രീലങ്കന്‍ ടീമിനെയും താരതമ്യം ചെയ്തുള്ള ട്രോളുകള്‍ക്കും കുറവില്ല. 

സൂപ്പര്‍ ഫോറിലെ അവസാന കളിയിലും തൊട്ട് പുറകെ നടന്ന ഫൈനലിലും ശ്രീലങ്കയോട് തോറ്റ് പാകിസ്ഥാനും മടങ്ങി. ശ്രീലങ്കയുടെ ബാറ്റിങ്ങ് കെജിഎഫിലെ റോക്കീ ഭായിയുടെ മിഷ്യന്‍ ഗണ്‍ പോലെ പവര്‍ഫുള്‍ ആയിരുന്നെന്നാണ് ട്രോളന്മാരുടെ അഭിപ്രായം. 

ടോസ് നേടിയാല്‍ കളി പാതി ജയിച്ചു എന്നായിരുന്നു ദുബൈ പിച്ചിന്‍റെ  പ്രത്യേകതയായി ആഘോഷിക്കപ്പെട്ടിരുന്നത്. മാത്രമല്ല, രാജ്യത്ത് അന്താരാഷ്ട്രാ മത്സരങ്ങള്‍ നടക്കാത്തതിനാല്‍ പാകിസ്ഥാന്‍റെ ഹോം പിച്ച് എന്ന് അറിയപ്പെടുന്ന ദുബൈ സ്റ്റേഡിയത്തിലെ പിച്ച് പോലും ശ്രീലങ്കയ്ക്ക് മുന്നില്‍ ചരിത്രത്തെ മാറ്റി വച്ച് പരവതാനി വിരിച്ചു. വിശ്വാസങ്ങള്‍ പലതും കടപുഴകി. 

പാകിസ്ഥാന്‍ ടൂര്‍ണ്ണമെന്‍റ് നഷ്ടപ്പെടുത്തിയതോടെ പാക് താരങ്ങള്‍ക്കെതിരെയും നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്. പ്രത്യേകിച്ചും റിസ്‍വാനെതിരെ. പാക് ടീം തോറ്റിട്ടും റിസ്‍വാന് സ്വന്തമായി ചില നേട്ടങ്ങളുണ്ട്. അതിലൊന്നാണ് ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരമെന്നത്. 

ഇതിനിടെ ചില പ്രവാസ ചിന്തകളും ട്രോളായെത്തി. ശ്രീലങ്കയുടെ ദസുന്‍ ശനക കപ്പുയര്‍ത്തിയപ്പോള്‍ പ്രവാസി ഇന്ത്യക്കാരുടെ റൂമുകളിലെ വാട്ടര്‍ കാനുകളാണ് അനുഭവിക്കേണ്ടിവന്നതെന്ന് ട്രോളന്മാര്‍.

ടോസ് നഷ്ടപ്പെട്ടിട്ടും ദസുന്‍ ഷനകയുടെ ക്യാപ്റ്റന്‍സി മികവില്‍ ശ്രീലങ്ക കപ്പ് നേടി. ഇതോടെ ഇന്ത്യന്‍ നായകനെതിരെ ട്രോളന്മാര്‍ തിരിഞ്ഞു. ടോസിലല്ല, കാര്യം ക്യാപ്റ്റന്‍സിയിലാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. പിന്നാലെ ട്രോളന്മാരും രംഗത്തിറങ്ങി. ഇന്ത്യയുടെ അവകാശ വാദങ്ങളെയും പാകിസ്ഥാന്‍റെ ആത്മവിശ്വാസത്തെയും കണക്കിന് ട്രോളിയപ്പോള്‍ നഷ്ടപ്രതാപം തിരിച്ച് പിടിച്ച ശ്രീലങ്കയെ വാനോളം പുകഴ്ത്താനും ട്രോളന്മാര്‍ മടിച്ചില്ല.

ഇന്ത്യയ്ക്ക് കിട്ടാത്ത ഏഷ്യാ കപ്പ് ശ്രീലങ്കയ്ക്ക് കിട്ടിയപ്പോള്‍ ചിലര്‍ക്ക് അത് അത്രയ്ക്ക് രുചിച്ചിട്ടില്ല. ഇതുവരെ ഒരു ടി20 ലോകകപ്പ് കിട്ടാത്തവരാണ് ശ്രീലങ്കയെന്നാണ് ട്രോള്‍.

ഒടുവില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യയ്ക്ക് വലിയ നാണക്കേടില്‍ നിന്നും തടിയൂരാനായത്  പാകിസ്ഥാന്‍, ശ്രീലങ്കയോട് തോറ്റപ്പോഴായിരുന്നു. ക്രിക്കറ്റ് കളിയുടെ ഈ അനിശ്ചിതത്വമാണ് ഒരു കളിയെന്ന നിലയില്‍ ക്രിക്കറ്റ് കളിയെ സൗന്ദര്യമുള്ളതാക്കുന്നതും. 

കപ്പ് സ്വന്തമാക്കുമെന്ന അവകാശവാദത്തിനായി ഇന്ത്യയും പാകിസ്ഥാനും പോരാടിയപ്പോള്‍ കപ്പിന് വേണ്ടി പോരാടിയ ശ്രീലങ്ക വിജയം സ്വന്തമാക്കിയെന്ന് ട്രോളന്മാര്‍.  

ഏഷ്യാ കപ്പ് തുടങ്ങുമ്പോള്‍ ഇന്ത്യയുടെ വിജയ ശതമാനം 69 ആയിരുന്നു. ശ്രീലങ്കയുടേതാകട്ടെ പൂജ്യവും. എന്നാല്‍, ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനല്‍ കാണാതെ ശ്രീലങ്കയോടും പാകിസ്ഥാനോടും തോറ്റ് ഇന്ത്യ പുറത്തായി. 

ശ്രീലങ്ക ജയിച്ചതോടെ ഇന്ത്യന്‍ ഫാന്‍സ് കളം മാറി ചവിട്ടിയെന്ന് ട്രോളന്മാര്‍. ശ്രീലങ്കയുള്ളുപ്പോള്‍ ധൈര്യമുള്ളവര്‍ വാടാ എന്ന വെല്ലുവിളിയുമായി എത്തിയ ചില ഇന്ത്യന്‍ ആരാധകരെ കളിയാക്കിയും ട്രോളുകള്‍ ഇറങ്ങി. 

ഇതിനിടെ ബാബറിനെതിരെയും ചില ട്രോളുകള്‍ ഇറങ്ങി. ഇന്ത്യയുടെ കിങ്ങ് കോലിയായിരുന്നു ഇതുവരെ കളി മറന്ന സ്റ്റാര്‍ ബറ്റ്സ്മാന്‍. എന്നാല്‍, പാകിന്‍റെ വിശ്വസ്ഥനായ ബാറ്റ്സ്മാന്‍ പദവി ആലങ്കരിക്കുന്ന ബാബര്‍ ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങി. അടുത്ത ടി20 വേള്‍ഡ് കപ്പിലെങ്കിലും ആറാടുമോയെന്നാണ് ബാബറിനോട് ട്രോളന്മാരുടെ ചോദ്യം.

ബാബറിന്‍റെയും രോഹിത്തിന്‍റെയും ഏക ആശ്വാസം ഇന്ത്യയ്ക്കും പാകിസ്ഥാനും കപ്പ് കിട്ടിയിട്ടില്ലല്ലോയെന്നതാണെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. ഒന്നെങ്കില്‍ ഇന്ത്യ ഇല്ലെങ്കില്‍ പാകിസ്ഥാന്‍ കപ്പടിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. ആ പ്രവചനം പാളി.

രു അവകാശ വാദങ്ങളുടെയും പിന്‍ബലമില്ലാതെ വന്ന് കപ്പ് അടിച്ച ശ്രീലങ്കയെ അഭിനന്ദിക്കാനെത്തിയത് മറ്റൊരുമല്ല, കഴിഞ്ഞ ഐപിഎല്ലില്‍ അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന് പ്രമുഖ ടീമുകളെയെല്ലാം തോല്‍പ്പിച്ച് കപ്പ് നേടിയ ഗുജറാത്ത് ടൈറ്റന്‍സാണ്.

ഏഷ്യാ കപ്പ് ഫൈനലില്‍ രണ്ടാമത് ഫീല്‍ഡ് ചെയ്ത ശ്രീലങ്കയുടെ ഫീല്‍ഡിങ്ങ് കണ്ട പാകിസ്ഥാന്‍റെ കിളി പോയെന്നാണ് ട്രോളന്മാരുടെ വിലയിരുത്തല്‍. ഫൈനല്‍ കളിയായിരുന്നിട്ടും കണ്ടം കളിയിലെ ഫീല്‍ഡിങ്ങ് പോലും പാക് കളിക്കാരില്‍ നിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം. 

ടോസ് ലഭിച്ചിട്ടും കപ്പ് നഷ്ടമായ പാകിസ്ഥാന്‍റെ വേദനയാണ് വേദന. കാലങ്ങളായുള്ള വിശ്വാസങ്ങള്‍ പോലും തങ്ങളുടെ രക്ഷയ്ക്കെത്തിയില്ലെന്ന് പറയുമ്പോള്‍ ആ തോല്‍വിയുടെ ആഴം എത്രമാത്രമായിരിക്കുമെന്ന് അറിയണമെങ്കില്‍ അത് ഏഷ്യാ കപ്പ് തോറ്റ പാകിസ്ഥാന്‍ ടീമിനോട് തന്നെ ചോദിക്കണമെന്ന് ട്രോളന്മാര്‍. 

ആത്മവിശ്വാസത്തോടെയാണ് ശ്രീലങ്കയുടെ അവകാശവാദം. ഏറ്റവും കുറഞ്ഞത് ദുബൈ പിച്ചിനെ കുറിച്ചുണ്ടായിരുന്ന വിശ്വാസങ്ങളെ ശ്രീലങ്ക പൊളിച്ചെഴുതിയെന്നാണ് ട്രോളന്മാര്‍ അവകാശപ്പെടുന്നത്. 

ബാബറിനെ വെറുതെ വിടാന്‍ ട്രോളന്മാര്‍ ഒരുക്കമല്ല. 10, 9, 14, 0, 30, 5 ഇങ്ങനെയാണ് ഏഷ്യാ കപ്പിലെ ബാബറിന്‍റെ റണ്‍വേട്ട. ആറ് ഇന്നിങ്ങ്സില്‍ നിന്ന് വെറും 68 റണ്‍സ്. ആവറേജ് ആകട്ടെ വെറും 11.33.

പാകിസ്ഥാന്‍റെ ഫീല്‍ഡിങ്ങ് പരാജയത്തെയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നേരിട്ട 19-ാം ഓവറിന്‍റെ അവസാന പന്തില്‍ മുഹമ്മദ് ഹസ്‌നൈനിന്‍റെ ഓഫ് കട്ടര്‍ രജപക്‌സ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സടിക്കാന്‍ ശ്രമിച്ചു. അന്തരീക്ഷത്തില്‍ ഉയര്‍ന്ന പന്ത് ആസിഫിന്‍റെ കൈകളിലേക്ക് കയറിയപ്പോഴാണ് ഷദാബ് വന്ന് കൂട്ടിയിടിക്കുന്നത്. ഇതോടെ വിക്കറ്റ് പ്രതീക്ഷിച്ച പാക് ആരാധകരെ നിരാശപ്പെടുത്തി പന്ത് ബൗണ്ടറി കടന്നു. ശ്രീലങ്കയ്ക്ക് 6 റണ്‍സ്. 

ഇന്ത്യന്‍ ആരാധകര്‍ക്കുള്ള ഏക ആശ്വസം ഇന്ത്യ ഏഴ് തവണ ഏഷ്യാ കപ്പ് ഉയര്‍ത്തിയിട്ടുണ്ടെന്നതാണ്. ശ്രീലങ്ക ആറ്, പാകിസ്ഥാന്‍ രണ്ട് തവണയും ഏഷ്യാ കപ്പ് ഉയര്‍ത്തിയിട്ടുണ്ട്. 

ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും അവകാശ വാദങ്ങളെ നിശബ്ദം ഇല്ലാതാക്കിയ ശ്രീലങ്കയെ എത്ര പുകഴ്ത്തിയിട്ടും ട്രോളന്മാര്‍ക്ക് മതിവരുന്നില്ല. മലയാള താരസംഘടനയായ എഎംഎംഎയുടെ മീറ്റിങ്ങിന് ശേഷം പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഉത്തരം നല്‍കാന്‍ മുകേഷും ഗണേഷും പൊടാ പാട് പെടുമ്പോള്‍ പ്രസിഡന്‍റായ മോഹന്‍ലാല്‍ ഒരു പേപ്പറില്‍ നിശബ്ദമായിരുന്ന് കുത്തിവരയ്ക്കുന്ന മീമാണ് ഇതിനായി ട്രോളന്മാര്‍ ഉപയോഗിച്ചിരിക്കുന്നത്. 

Latest Videos

click me!