രോഹിത്, രാഹുല്‍, അയ്യര്‍, പന്ത്, ജഡേജ; ആരാവും കോലിയുടെ പകരക്കാരന്‍?; പേരുകള്‍ നിരവധി, സാധ്യതകള്‍ ഇങ്ങനെ

First Published | Sep 16, 2021, 8:55 PM IST

മുംബൈ: ഒടുവില്‍ ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുശേഷം നായകസ്ഥാനം ഒഴിയുമെന്ന കോലിയുടെ പ്രസ്താവനയോടെ ആരാവും കോലിയുടെ പകരക്കാരനാവുക എന്ന ചോദ്യവും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞു. രോഹിത് ശര്‍മയാണ് സ്വാഭാവിക ചോയ്സെങ്കിലും ഭാവി മുന്നില്‍ക്കണ്ട് മറ്റു പേരുകളും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. ടി20 ടീമിന്‍റെ നായകസ്ഥാനത്ത് കോലിയുടെ പകരക്കരാനാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

രോഹിത് ശര്‍മ: നായകസ്ഥാനത്ത് വിരാട് കോലിയുടെ സ്വാഭാവിക പിന്‍ഗാമിയാണ് രോഹിത് ശര്‍മ. ടി20യിലെ മികച്ച റെക്കോര്‍ഡും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ പുറത്തെടുത്തിട്ടുള്ള മികവും രോഹിത്തിന്‍റെ സാധ്യത കൂട്ടുന്നു. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെയെങ്കിലും രോഹിത്തിന് നായകസ്ഥാനത്ത് പരിഗണിക്കാനാണ് ഏറ്റവും കൂടുതല്‍ സാധ്യത. ഇതുവരെ 19 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള രോഹിത്തിന് 15 വിജയങ്ങള്‍ നേടാനായി എന്നതും സെലക്ഷന്‍ കമ്മിറ്റി കണക്കിലെടുക്കും. പ്രായം മാത്രമാണ് 34കാരനായ രോഹിത്തിന് മുന്നിലുള്ള ഏക തടസം. ഭാവി മുന്നില്‍ കണ്ട് യുവതാരത്തെ ക്യാപ്റ്റനാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തുനിഞ്ഞാല്‍ മാത്രമെ രോഹിത് അല്ലാതെ മറ്റൊരു ക്യാപ്റ്റനെകുറിച്ച് ചിന്തിക്കേണ്ടതുള്ളു.

കെ എല്‍ രാഹുല്‍: ടി20യില്‍ ഇന്ത്യയുടെ വിശ്വസ്തനായി വളര്‍ന്ന രാഹുലാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള മറ്റൊരു ചോയ്സ്. ഓപ്പണറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടുന്ന രാഹുലിന് പക്ഷെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് നായകനെന്ന നിലയില്‍ ഇതുവരെ അത്രയൊന്നും മികവ് കാട്ടിയിട്ടില്ല എന്നതാണ് പ്രധാന തടസം. ബാറ്റ്സ്മാനെന്ന നിലയില്‍ മികവ് കാട്ടുമ്പോഴും നായകനെന്ന നിലയില്‍ ആക്രമണോത്സുകനല്ലാത്ത രാഹുലില്‍ മറ്റൊരു ക്യാപ്റ്റന്‍ കൂളിനെ കാണാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണണം.


റിഷഭ് പന്ത്: മൂന്ന് ഫോര്‍മാറ്റിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുള്ള റിഷഭ് പന്താണ് മറ്റൊരു സാധ്യത. ഐപിഎല്ലിന്‍റെ ആദ്യ പാദത്തില്‍ ഡല്‍ഹി നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തത്. അതുകൊണ്ടുതന്നെയാണ് ശ്രേയസ് മടങ്ങിയെത്തിയിട്ടും ടീം മാനേജ്മെന്‍റ് പന്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോകാന്‍ കാരണമായതും. ഭാവി നായകനെയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ റിഷഭ് പന്തിനും സാധ്യതകളുണ്ട്.

രവീന്ദ്ര ജഡേജ: ടി20 ക്രിക്കറ്റില്‍ ഏത് ടീമും ആഗ്രഹിക്കുന്ന കളിക്കാരനാണ് രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള ജഡേജയുടെ നായക മികവ് ഇതുവരെ മാറ്റുരക്കപ്പെട്ടിട്ടില്ല. ഐപിഎല്ലില്‍ പോലും താല്‍ക്കാലിക നായകനായിട്ടില്ല എന്നതാണ് ജഡേജക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. എങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ ജഡേജയെ ക്യാപ്റ്റന്‍ സി ചുമതല ഏല്‍പ്പിച്ചൊരു പരീക്ഷണത്തിന് സെലക്ടര്‍മാര്‍ തയാറാകുമോ എന്ന് കാത്തിരുന്ന് കാണണം.

Ruturaj Gaikwad

Ruturaj Gaikwad

Latest Videos

click me!