ഒരു ലോകകപ്പില്‍ പോലും കളിക്കാന്‍ ഭാഗ്യമില്ലാതെപോയ നാല് ഇന്ത്യന്‍ താരങ്ങള്‍

First Published | May 12, 2020, 5:42 PM IST

ഏതൊരു ക്രിക്കറ്റ് താരത്തിന്റെ ആഗ്രഹമാണ് ലോകകപ്പില്‍ രാജ്യത്തിനായി കളിക്കുക എന്നത്. എന്നാല്‍ കരിയറില്‍ എല്ലാവര്‍ക്കും ആ ഭാഗ്യം ലഭിക്കണമെന്നില്ല. ലോകകപ്പിന് തൊട്ടു മുമ്പുണ്ടാവുന്ന ഒരു പരിക്കോ, ഫോം നഷ്ടമോ എല്ലാം ഒരു താരത്തിന് ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമാക്കും. ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരങ്ങളായിരുന്നിട്ടും അത്തരത്തില്‍ ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിക്കാത്ത നാലു കളിക്കാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

മുരളി വിജയ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായിരുന്നു മുരളി വിജയ്. ടി20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും വെടിക്കെട്ട് ഇന്നിംഗ്സുകള്‍ വിജയ് പുറത്തെടുത്തിട്ടുണ്ട്. ഇന്ത്യക്കായി ഏതാനും ഏകദിനങ്ങളിലും വിജയ് ഓപ്പണറായി എത്തി. എന്നാല്‍ ടെസ്റ്റിലേതുപോലെ ഏകദിന ടീമില്‍ സ്ഥാനുമുറപ്പിക്കാന്‍ മുരളി വിജയിനായില്ല. സെവാഗും ഗംഭീറും സച്ചിനും നിറഞ്ഞുനിന്ന കാലത്ത് ഏകദിന ടീമില്‍ ഓപ്പണറായി എത്തുക എന്നത് കഠിനമായിരുന്നു. ഒടുവില്‍ 2011ലെ ഏകദിന ലോകകപ്പ് ടീമിലേക്കും പരിഗണിക്കപ്പെടാതിരുന്നതോടെ വിജയ് ശ്രദ്ധ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാക്കി. ഇന്ത്യക്കായി 17 ഏകദിനങ്ങളില്‍ കളിച്ച വിജയ് 21.19 ശരാശരിയില്‍ 339 റണ്‍സാണ് നേടിയത്. 72 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ചേതേശ്വര്‍ പൂജാര: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം വന്‍മതിലാണ് പൂജാര. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഓസീസ് പേസര്‍മാരെ വെള്ളംകുടിപ്പിച്ച പൂജാരയുടെ മികവിലാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസീസ് മണ്ണില്‍ പരമ്പര നേടിയത്. ഇതൊക്കെയാണെങ്കിലും പൂജാരക്ക് ഇന്ത്യയുടെ ഏകദിന ടീമില്‍ ഇതുവരെ കാര്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ടി20 ക്രിക്കറ്റിന്റെ വരവോടെ ഏകദിനത്തിലും അതിവേഗ സ്കോറിംഗ് പതിവായതോടെ പൂജാരയുടെ വഴിയടഞ്ഞു. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ 116 ശരാശരിയില്‍ 346 റണ്‍സടിച്ചിട്ടുള്ള പൂജാര താന്‍ ഏത് ഫോര്‍മാറ്റിനും അനുയോജ്യനാണെന്ന് കരിയറിന്റെ തുടക്കത്തിലെ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും പൂജാരക്ക് ഇന്ത്യന്‍ ഏകദിന ടീമിന്റെ പടിക്ക് പുറത്താണ് സ്ഥാനം. ഇന്ത്യക്കായി അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് പൂജാര ഇതുവരെ കളിച്ചത്. 51 റണ്‍സാണ് ആകെ സമ്പാദ്യം. ഉയര്‍ന്ന സോക്റാകട്ടെ 27ഉം. 32 വയസായ പൂജാരയെ ഇനിയൊരു ലോകകപ്പ് ടീമില്‍ കാണാനാകുമെന്ന് ആദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ പോലും ഇപ്പോള്‍ വിശ്വസിക്കുന്നുമില്ല.

ഇഷാന്ത് ശര്‍മ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകവും ബൗളിംഗ് ക്യാപ്റ്റനുമായ ഇഷാന്ത് ശര്‍മക്ക് ഇതുവരെ ഒരു ലോകകപ്പ് ടീമില്‍ പോലും ഇടം ലഭിച്ചില്ലെന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് പോലും അത്ഭുതമാണ്. ഫോമിനേക്കാള്‍ ഉപരി പലപ്പോഴും പരിക്കാണ് ഏകദിന ടീമില്‍ സ്ഥിര സാന്നിധ്യമാവുന്നതില്‍ നിന്ന് ഇഷാന്തിന് തടസമായത്. 1.93 മീറ്റര്‍ ഉയരമുള്ള ഇഷാന്തിന് മികച്ച ബൗണ്‍സ് കണ്ടെത്താനാവുമെന്നതിനാല്‍ 2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാന്തിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ പരിക്കില്‍ നിന്ന് മോചിതനാവാതിരുന്നതോടെ ഇഷാന്തിനെ ഒഴിവാക്കി. ഐപിഎല്ലിലെ മികവില്‍ മോഹിത് ശര്‍മയാണ് ഇന്ത്യക്കായി അന്ന് ലോകകപ്പില്‍ ഇഷാന്തിന് പകരം പന്തെറിഞ്ഞത്. ഇന്ത്യക്കായി 80 ഏകദിനങ്ങളില്‍ പന്തെറിഞ്ഞിട്ടുള്ള 32കാരനായ ഇഷാന്ത് 115 വിക്കറ്റുകള്‍ സ്വന്തമാക്കി. 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ് പ്രകടനം. മികച്ച ബൗളര്‍മാരുടെ ഒരു നിരതന്നെ ഇപ്പോള്‍ ഇന്ത്യക്കുണ്ടെന്നതിനാല്‍ ഇനി ഇഷാന്തിനെ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കാണാനാകുമോ എന്ന് സംശയമാണ്.
വിവിഎസ് ലക്ഷ്മണ്‍: സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, സെവാഗ് എന്നിവരൊടൊപ്പം ഇന്ത്യയുടെ ഫാബ് ഫൈവില്‍ അംഗമായിരുന്നു ലക്ഷ്മണും. ടെസ്റ്റില്‍ ടീമിലെ അവിഭാജ്യഘടകമായിരുന്നിട്ടും ലക്ഷ്മണ് പക്ഷെ ഏകദിനത്തില്‍ കാര്യമായി ശോഭിക്കാനായില്ല. ഇന്ത്യക്കായി 86 ഏകദിനങ്ങളില്‍ കളിച്ചെങ്കിലും ലക്ഷ്മണ് പക്ഷെ സെവാഗ്, ഗാംഗുലി, സച്ചിന്‍, ദ്രാവിഡ് എന്നിവരുടെ തലത്തിലേക്ക് ഉയയരാനായില്ല. ഓസ്ട്രേലിയക്കെതിരായ കൊല്‍ക്കത്തയിലെ ഐതിഹാസിക ഇന്നിംഗ്സിനുശേഷം 2003ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ ലക്ഷ്മണ്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ചിരിക്കെ ബൗളിംഗ് കൂടി കണക്കിലെടുത്ത് ദിനേശ് മോംഗിയ അവസാനനിമിഷം ഇന്ത്യന്‍ ടീമിലെത്തി. ഇതോടെ ഒറ്റ ലോകകപ്പ് പോലും കളിക്കാതെ ലക്ഷ്മണ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു.

Latest Videos

click me!