അവശ്യസര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും

First Published | May 10, 2021, 1:34 PM IST

സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ലോക്ഡൌണാണെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 50 ശതമാനം ഹജരോടെ പ്രവർത്തിയെടുക്കുന്നുണ്ട്. ഇതിനാല്‍ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് പൊലീസ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ചാല്‍ കടത്തിവിടും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. ഇങ്ങനെ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഇ പാസ് ഉപയോഗിച്ച് മാത്രമേ സഞ്ചാരം അനുവദിക്കുകയുള്ളൂ. ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് അവശ്യസര്‍വ്വീസും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിന്‍റെ മറവില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. ഇതിനാല്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള പൊലീസ് പരിശോധനാ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല.

സംസ്ഥാനത്ത് ഇന്നലെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3,065 പേർക്കെതിരെയാണ് കേസെടുത്തത്. വിവിധ യാത്രാ ആവശ്യങ്ങൾക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേര് രജിസ്റ്റർ ചെയ്തു. ഇതിൽ എൺപത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചു.
നിസാര ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പൊലീസ് പറയുന്നു. ഇത്രയധികം പരാതികള്‍ നിരസിക്കപ്പെട്ടതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്ന സാധ്യതയുണ്ട്.

ഇതിനിടെ പരിശോധന കര്‍ശനമാക്കിയതോടെ സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് പടരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. നിലവിൽ 1,280 പൊലീസുകാരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
സേനയില്‍ രണ്ട് വാക്സിനെടുത്തവർക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നു. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോ​ഗബാധ കണ്ടെത്തിയത്.
രോ​ഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ന് മുതൽ പൊലീസുകാർക്ക് ഷിഫ്റ്റ് സംവിധാനത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു നല്‍കി. രോഗവ്യാപനം ഉണ്ടായതിനാൽ പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുമുണ്ട്.
കൊവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവർ സ്റ്റേഷനിൽ വരേണ്ടന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോയെ ആശങ്കയും പൊലീസിനുണ്ട്.
ഈ സാഹചര്യത്തിലാണ് ഷിഫിറ്റില്‍ മാറ്റം വരുത്തി പരിശോധന കൂടുതൽ കർശനമാക്കാന്‍ ഡിജിപി നിർദ്ദേശം നൽകിയത്. ഇതിനിടെ സംസ്ഥാനത്തെ വിവിധ ജയിലുല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ 1,500 ഓളം തടവുകാർക്ക് ഉടൻ പരോൾ നല്‍കാന്‍ ജയില്‍ ഡിജിപി നിര്‍ദ്ദേശിച്ചു.
350 വിചാരണ തടവുകാരെയും ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകിയത്. തൊണ്ണൂറ് ദിവസത്തേക്കാണ് തടവുകാര്‍ക്ക് പരോൾ അനുവദിച്ചത്.
രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മറ്റിയുടെ ഉത്തരവിനെ തുര്‍ന്നായിരുന്നു തീരുമാനം. ഇത് പൊലീസിന്‍റെ ജോലി ഭാരം ഇരട്ടിയാക്കുമോയെന്നും സംശയമുണ്ട്.
ഇതിനിടെ ആശ്വാസമായി, കേരളം വില കൊടുത്ത് വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തിത്തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയത്.
ഒരു കോടി ഡോസ് വാക്സീൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും വാക്സീന്‍ മുൻഗണന് സർക്കാർ അറിയിച്ചിരുന്നു.
75 ലക്ഷം ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. കടകളിലെ ജീവനക്കാർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്ക് വാക്സിൻ ലഭിക്കും.
വിതരണം സംബന്ധിച്ച് വ്യക്തമായ മാർഗരേഖ സർക്കാർ ഉടൻ നൽകും. എറണാകുളത്ത് എത്തുന്ന വാക്സീൻ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. അതേസമയം, കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കും.
അടിയന്തര ആവശ്യങ്ങളൊഴികെ സംസ്ഥാനാന്തര യാത്രകള്‍ വിലക്കി. അതിര്‍ത്തതികളില്‍ പൊലീസിന്‍റെ കര്‍ശന പരിശോധന ഉണ്ടാകും. കേരള, തമിഴ്നാട് - കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും. സംസ്ഥാനത്ത് 14 ദിവസത്തേക്കാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 മണിവരെ തമിഴ്നാട്ടില്‍ തുറന്ന് പ്രവര്‍ത്തിക്കുവാനുള്ള അനുമതിയുണ്ട്. കർണ്ണാടകത്തിൽ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ പത്ത് വരെ മാത്രമേ തുറക്കാവൂ.'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!