എല്ലാം പഴയ പടി; സാമൂഹിക അകലമില്ലാതെ നീണ്ട ക്യൂവുമായി മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍
First Published | Apr 30, 2021, 12:24 PM IST
വാക്സീന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തതും അതിനിടെയില്‍ 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്കുള്ള വാക്സീന്‍ വിതരണം ആരംഭിച്ചതും സൃഷ്ടിച്ച ആശങ്ക ഇനിയും ഒഴിഞ്ഞിട്ടില്ല. ആദ്യ ഡോസ് വാക്സീനെടുത്ത വയോജനങ്ങള്‍ രണ്ടാം ഡോസ് വാക്സീനായി വാക്സീന്‍ കേന്ദ്രങ്ങളിലേക്ക് അതിരാവിലെ തന്നെയെത്തി തങ്ങളുടെ 'ഇടം' പിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, വാക്സീന്‍ ക്ഷാമം രൂക്ഷമായതും വാക്സീന്‍ കേന്ദ്രത്തിലേക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്തും അല്ലാതെയും എത്തിചേരുന്നവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധവാണ് ഇന്നും വാക്സീന്‍ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്. വാക്സീന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യ വകുപ്പ് വാക്സീന്‍ മാര്‍ഗ്ഗ രേഖ പുതുക്കി. ആദ്യ ഡോസ് ലഭിച്ചവര്‍ക്ക് അതത് വാക്സീന്‍ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിക്കുമ്പോള്‍ മാത്രം വാക്സീന്‍ കേന്ദ്രത്തിലെത്തിയാല്‍ മതിയെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, വകഭേദം വന്ന രോഗാണുവിന്‍റെ അതിവ്യാപനം രൂക്ഷമായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ജനം വാക്സീനേഷനായി, വാക്സീന്‍ കേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ്. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല.