കർണാടകയിൽ 14 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ, അവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന പരിശോധനയാണ് അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ നടത്തുന്നത്. കർണാടകയുടെ ഡി.വൈ.എസ്.പി ഇന്നലെ വൈകീട്ട് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്തെ കര്‍ണ്ണാടകയുടെ മൂലഹള്ളചെക്ക് പോസ്റ്റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
കേരള അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് രേഖപ്പെടുത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം നിര്‍ബന്ധമാക്കിയതായി അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ബത്തേരി ഡിവൈഎസിപിയുമായി അദ്ദേഹം ആശയവിനിമയം നടത്തി.
നേരത്തെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റോ ആര്‍ടിപിസിആര്‍ ടെസ്റ്റോ എതെങ്കിലും ഒന്ന് മതിയായിരുന്നു. ചരക്ക് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 14 ദിവസത്തിനുള്ളിലെടുത്ത ആര്‍ടിപിസിആറോ ആന്‍റിജന്‍ ടെസ്റ്റോ മതിയായിരുന്നു.
എന്നാല്‍ നിലവില്‍ ഈ ഉത്തരവുകളെല്ലാം റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റാണ് ഇപ്പോള്‍ കര്‍ണ്ണാടകം കര്‍ശനമാക്കിയത്. എന്നാല്‍, കുട്ട, ബാവലി, കാട്ടിക്കുളം, മുത്തങ്ങ എന്നിങ്ങനെ കര്‍ണ്ണാടകയിലേക്കുള്ള ചെക്ക് പോസ്റ്റുകള്‍ കടന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആന്‍റജന്‍ ടെസ്റ്റോ ആര്‍ടിപിസിആര്‍ ടെസ്റ്റോ മതി.
എല്ലാ അതിര്‍ത്തി ചെക് പോസ്റ്റിലും ഈ നിയമമാണ് കേരളം ഉപയോഗിക്കുന്നത്. അതിര്‍ത്തി കടന്ന് മാത്രമല്ല. സംസ്ഥാനത്ത് നിന്ന് വയനാട് ജില്ലയിലേക്ക് പോകുന്നവര്‍ക്കും ആര്‍ടിപിസിആറോ ആന്‍റിജന്‍ പരിശോധനാ ഫലമോ ആവശ്യമാണ്. അതില്ലാത്തവര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്‍ററുകളില്‍ ടെസ്റ്റ് നടത്തണം.
തമിഴ്നാട്ടില്‍ നിന്നുള്ള നമ്പ്യാര്‍കുന്ന് , പാട്ടവയല്‍, താളൂര്, എന്നീ ചെക് പോസ്റ്റുകളിലാണ് പ്രധാനമായും പരിശോധനകള്‍ നടക്കുന്നത്. ഇവിടെയും ഏതെങ്കിലുമൊരു പരിശോധനാ ഫലം കാണിക്കണം. അല്ലെങ്കില്‍ ഫെസിലിറ്റേഷന്‍ സെന്‍ററില്‍ പരിശോധനയ്ക്ക് വിധേയമാകണം.
ചെക്ക് പോസ്റ്റ് വഴി വയനാട്ടിലേക്കല്ലാതെ മറ്റ് ജില്ലകളിലേക്കുള്ള ആളുകളാണ് വരുന്നതെങ്കില്‍ മുത്തങ്ങയിലും കുട്ടയിലും ബവാലിയിലുമുള്ള ഫെസിലിറ്റേഷന്‍ സെന്‍ററില്‍ പരിശോധനയ്ക്ക് വിധേയമാകണം. കാട്ടിക്കുളം ചെക്ക് പോസ്റ്റില്‍ പരിശോധന മാത്രമാണ് നടക്കുന്നത് ഇവിടെ ഇതുവരെ ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുറന്നിട്ടില്ല.
ജില്ലയില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തകവേ കൊവിഡ് ബാധിച്ച് മരിച്ച അശ്വതിയുടെ മരണം ഏറെ വിങ്ങലായി. രണ്ട് ഡോസ് വാക്സിന്‍ എടുത്തിരുന്നെങ്കിലും വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കുറെകാലമായി അശ്വതി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതി(25) മരിച്ചത്.
ഇന്നലെ കേരളത്തില്‍ ഇന്നലെ മാത്രം 21,890 പേര്‍ക്ക് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളവും മലപ്പുറവം തൃശ്ശൂരും തിരുവനന്തപുരവും ഇന്നലെ രണ്ടായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വയനാട് ഏറ്റവും കുറവ് പോസറ്റീവ് നിരക്കാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം വയനാട് 500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 12, വയനാട് ജില്ലയില്‍ മാത്രം 9 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.