ഗംഗ; മൃതദേഹങ്ങളുടെ കണക്കെടുക്കാന്‍ ജില്ലാ ഭരണാധികാരികളോട് നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍

First Published | May 22, 2021, 4:49 PM IST

ഗംഗാ നദിയും അതിന്‍റെ പോഷകനദികളിലും നിന്നോ നദികളുടെ തീരപ്രദേശത്ത് നിന്നോ കണ്ടെത്തിയ മൃതദേഹങ്ങളുടെ കണക്കെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (എൻ‌എം‌സി‌ജി) യു‌പി സർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് ചോദിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണാധികാരികളോട് കണക്ക് ശേഖരിക്കാനാവശ്യപ്പെട്ടത്. കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ബീഹിറിലെ ബസ്തര്‍ മേഖലയില്‍ ഗംഗാ നദിയില്‍ നിന്നും കുട്ടികളുടെത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇത് ഉത്തര്‍പ്രദേശില്‍ നിന്നും ഒഴുക്കിവിട്ടതാണെന്ന് ബീഹാര്‍ ജില്ലാ ഭരണാധികാരികള്‍ ആരോപണമുന്നയിച്ചതോടെ ഗംഗാ നദിയിലെ മൃതദേഹങ്ങളെ ചൊല്ലി ഇരുസംസ്ഥാനങ്ങളും കടുത്ത വാക്പോരിലേക്ക് കടന്നിരുന്നു. ഇതോടെ ദേശീയ തലത്തിലും ഗംഗാ നദിയിലെ മൃതദേഹങ്ങള്‍ ചര്‍ച്ചാവിഷയമായി. രാജ്യത്ത് ഏഴോളം സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായ സമയത്ത് ഗംഗയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് രാജ്യാന്തരവാര്‍ത്താ പ്രാധാന്യം നേടി. ഇതിനിടെ ഉത്തർപ്രദേശിലെ ശ്രീങ്‌വർപൂരിൽ നിന്ന് ഗംഗാ നദീതീരത്ത് സംസ്കരിച്ച നിലയില്‍ നൂറ് കണക്കിന് മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. (ചിത്രങ്ങള്‍ സഞ്ജയ് കനോജിയ , ഗെറ്റി.)

ഉത്തർപ്രദേശിലെ അലഹബാദിന് വടക്കുപടിഞ്ഞാറായി ഗംഗാ നദീ തീരത്തുള്ള ശ്രീങ്‌വർപൂരിൽ നിന്നുള്ള ചിത്രങ്ങളാണിത്. അതിവിശാലമായ ഗംഗാ നദിയുടെ മണല്‍പ്പരപ്പില്‍ നൂറ് കണക്കിന് മൃതദേഹങ്ങള്‍ സംസ്കരിച്ച നിലയിലുള്ള ചിത്രങ്ങളാണ് ശ്രീങ‍്‍വർപൂരിൽ നിന്നും പുറത്ത് വരുന്നത്.
പല മൃതദേഹങ്ങളും വലിയ താഴ്ചയില്‍ കുഴിച്ചിട്ടിട്ടില്ലാത്തതിനാല്‍ മൃഗങ്ങള്‍ കടിച്ചെടുത്ത് പുറത്തിട്ട ദൃശ്യങ്ങളുമുണ്ട്. നദിയില്‍ ഏറ്റിറക്കങ്ങള്‍ ഉണ്ടാകുമ്പോഴും മറ്റും കരയിടിഞ്ഞ് കുഴിച്ചിട്ട മൃതദേഹങ്ങള്‍ നദിയിലേക്ക് വീഴുന്നതും പതിനാണ്.

ഉത്തര്‍പ്രദേശില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായ ഏപ്രിൽ മാസം മുതൽ ശ്മശാനങ്ങൾക്കും ശവസംസ്കാരത്തിനുമായി എത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായതായി സ്ഥലത്തെ ശ്മശാന തൊഴിലാളികള്‍ പറഞ്ഞതായി ഗെറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ അതിവിശാലമായ ഗ്രാമീണ മേഖലയില്‍ കൊവിഡ് 19 ഉണ്ടാക്കിയ നഷ്ടത്തിന്‍റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുത്തേക്കാം. വിശ്വസനീയമായ വിവരങ്ങളുടെ വലിയതോതിലുള്ള അഭാവം ഈ മേഖലയിലുണ്ടെന്നും ഗെറ്റി ആരോപിക്കുന്നു.
ഉത്തർപ്രദേശിലെയും ബീഹാറിലെയും നദീതീരത്ത് നിരവധി പ്രദേശങ്ങളിൽ പൊലീസിന്‍റെയും പ്രാദേശിക ഉദ്യോഗസ്ഥരുടെയും സംഘങ്ങൾ പട്രോളിംഗ് നടത്തുന്നുണ്ട്. എങ്കിലും ശ്മശാനങ്ങളിലെ തിരക്ക് കുറയുന്നില്ലെന്നത് കാര്യങ്ങളെ കൂടുതല്‍ പ്രശ്നവത്കരിക്കുന്നു.
മെയ് 15 ന് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (എൻ‌എം‌സി‌ജി) ഉത്തർപ്രദേശിലെയും ബീഹാറിലെയും ചീഫ് സെക്രട്ടറിമാരുമായി ഗംഗാനദിയിലെ മൃതദേഹങ്ങള്‍ സംബന്ധിച്ച് വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു.
മെയ് 20 ന് ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഈ കത്തിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടികളിലേക്ക് കടന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗ ഇന്ന് ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ നദിയായി കണക്കാക്കപ്പെടുന്നു.
11 സംസ്ഥാനങ്ങളിലായി ഇന്ത്യയിലെ ജനസംഖ്യയുടെ 40% പേർക്ക് വെള്ളം നൽകുന്ന ഈ നദിയിലെ മാലിന്യങ്ങള്‍ ഇന്ന് മനുഷ്യന്‍റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും കാര്യമായ ഭീഷണിയാണെന്നും പഠനങ്ങള്‍ പറയുന്നു.
1986 ലാണ് ഗംഗാ ശുചീകരണ പദ്ധതികളുമായി കേന്ദ്രസര്‍ക്കാരെത്തുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഗംഗാ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ചു. 862 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു.
2009 ല്‍ നാഷണല്‍ റിവര്‍ ഗംഗ ബേസിന്‍ അഥോറിറ്റി രൂപീകരിച്ചു. ഒരു ബില്യണ്‍ ഡോളര്‍ പദ്ധതിക്കായി ലോകബാങ്ക് പണം അനുവദിച്ചു. 2010 ല്‍ കേന്ദ്രസര്‍ക്കാര്‍ ഗംഗാ ക്ലീന്‍ അപ് ക്യാപെയിന്‍ ആരംഭിച്ചു.
2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നമമി ഗംഗെ പദ്ധതിയുമായി രംഗത്തെത്തി. 2,037 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചു. മലിനീകരണം, സംരക്ഷണം, ഗംഗയുടെ പുനരുജ്ജീവിപ്പിക്കൽ എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
8 സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ഉൾപ്പെടുന്നു. 2022 ഓടെ ഗംഗാനദീ തീരത്തെ 1,674 ഗ്രാമപഞ്ചായത്തുകൾ മലീമസ രഹിതമാക്കി, ശുദ്ധമായ കുടിവെള്ള വിതരണമാണ് ലക്ഷ്യമിടുന്നത്.
ഗംഗാശുചീകരണത്തിനായി വിവിധ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ നിന്ന് കണ്ടെത്തുന്നത്.
ബീഹാര്‍, ഉത്തര്‍പ്രദേശ് ജില്ലാ ഭരണകൂടങ്ങള്‍ തമ്മില്‍ മൃതദേഹങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടത്തിയ വിവാദങ്ങള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെയാണ് നദിയിലെ മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച് വിവരങ്ങള്‍ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!