രണ്ടാം തരംഗവും മറി കടന്ന് ഇന്ത്യ; ജൂണോടെ കൂടുതല്‍ വാക്സിന്‍ വിതരണത്തിനെത്തും

First Published | May 31, 2021, 2:10 PM IST


രേ സമയം ആശങ്കയായും ആശ്വാസമായും കൊവിഡ് 19. കൊവിഡ് രോഗാണുവിന്‍റെ ഇന്ത്യയിലെ രണ്ടാം തരംഗം കുറഞ്ഞു തുടങ്ങിയെന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കുട്ടികളിലും കൌമാരക്കാരിലും രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതത് ഏറെ ആങ്കയുയര്‍ത്തുന്നു. അഹമ്മദ്‌നഗര്‍ ജില്ലയില്‍ ഒരു മാസത്തിനിടെ 8,000 ത്തിലധികം കുട്ടികളിലും കൌമാരക്കാരിലുമാണ് രോഗം സ്ഥിരീകരിച്ചത് മൂന്നാം തരംഗമാണോയെന്ന സംശയമുയര്‍ത്തുന്നു. അതൊടൊപ്പം വിപണിയിലേക്ക് കൂടുതല്‍ വാക്സീന്‍ വരും മാസങ്ങളിലെത്തി ചേരുമെന്നത് ആശ്വാസം പകരുന്നു. കേരളത്തില്‍ ടിപിആർ നിരക്ക് 16 ലും താഴെയെത്തിയത് ഏറെ ആശ്വാസം നല്‍കുന്നു. ഇതോടെ സംസ്ഥാനത്തെ അടച്ച് പൂട്ടല്‍ നിശ്ചയിച്ചതിലും നേരത്തെ മാറ്റാന്‍ കഴിയുമോയെന്ന് പരിശോധിക്കും. അടുത്ത ആഴ്ചയിലെ ടിപിആര്‍ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാകും അടച്ച്പൂട്ടലിനെ കുറച്ച് തീരുമാനമെടുക്കുക. ( ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് നിന്നുള്ള ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്. )

ഇന്ത്യയില്‍ മൂന്നാംതരംഗം ?മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയില്‍ കുട്ടികളും കൌമാരക്കാരുമായി ഈ മാസം 8,000 ത്തിലധികം പേര്‍ക്ക് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ഏറെ ആശങയുയര്‍ത്തുന്നു.
ഒന്നും രണ്ടും തരംഗങ്ങള്‍ ഏറെ ബാധിച്ചൊരു സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിനാല്‍ മൂന്നാമതൊരു തരംഗമുണ്ടായാല്‍ പ്രതിരോധിക്കാന്‍ തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ പറഞ്ഞു.

അഹമ്മദ്‌നഗര്‍ ജില്ലയിൽ കോവിഡ് ബാധിച്ച കുട്ടികളുടെയും കൌമാരക്കാരുടെയും എണ്ണം മൊത്തം രോഗബാധികരുടെ കണക്കിന്‍റെ 10 ശതമാനത്തോളം വരുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്രയും വലിയൊരു വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇത് കുട്ടികളെ ബാധിച്ചേക്കാവുന്ന മൂന്നാം തരംഗമാണെന്ന് സംശയിക്കുന്നു. പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടിയതായി മുഖ്യമന്ത്രി ഉദവ് താക്കറെ പറഞ്ഞു.
കോവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാവില്ലെന്നും ആശുപത്രി ബെഡ്ഡുകളുടെയും ഓക്സിജൻ ലഭ്യതയുടെയും സ്ഥിതി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ മാത്രം നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാമത്തെ തരംഗത്തിൽ കിടക്കകളുടെയും ഓക്സിജന്‍റെയും കുറവുണ്ടായിരുന്നു. മൂന്നാം തരംഗസമയത്ത് ഇത് ഒഴിവാക്കേണ്ടതുണ്ട്. അതിനാൽ സ്വയം പൂർണ്ണമായും തയ്യാറാകേണ്ടതുണ്ടെന്നും എം‌എൽ‌എ സംഗ്രം ജഗ്‌താപ് പറഞ്ഞു.
ജൂണ്‍ മാസത്തില്‍ കൂടുതല്‍ വാക്സിന്‍ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജൂണ്‍ മാസത്തില്‍ 12 കോടി ഡോസ് വാക്സിനടുത്ത് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളുടെയും ഉത്പാദനം 75-80 ദശലക്ഷം എന്നതില്‍ നിന്നും 110-120 ദശലക്ഷം എന്ന നിലയിലേക്ക് ഉയര്‍ത്തിയതോടെയാണ് കൂടുതല്‍ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്.
ഇതില്‍ തന്നെ 60 ദശലക്ഷം ഡോസ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൌജന്യമായി നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസിന് മുകളിലുള്ളവര്‍ എന്നിവരാണ് വാക്സിന് വേണ്ടിയുള്ള മുന്നണി പോരാളികളുടെ ഗണത്തില്‍പ്പെടുന്നത്.
ബാക്കിവരുന്ന 59 ദശലക്ഷം ഡോസ് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങുന്നതും, സ്വകാര്യ മേഖലയ്ക്ക് വാങ്ങുന്നതിനുമായി വിപണിയിലേക്ക് മാറ്റിവെയ്ക്കും. ജൂണില്‍ 120 ദശലക്ഷത്തിന് അടുത്ത് (11,95,70,000) ഡോസുകള്‍ ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതിയില്‍ വിതരണം നടത്തും.
പകര്‍ച്ച വ്യാധി തടയാനുള്ള സര്‍ക്കാറിന്‍റെ നീക്കത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ ഒരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും എത്ര വീതം വിഹിതം ഇപ്പോള്‍ പ്രഖ്യാപിച്ചതില്‍ നിന്ന് ലഭിക്കുമെന്നത് മാത്രം കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
മെയ് മാസത്തില്‍ രാജ്യത്ത് ആകെ ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി പ്രകാരം 7.9 കോടി വാക്സിന്‍ ഡോസാണ് വിതരണം ചെയ്തതെന്നും മന്ത്രാലയം പുറത്ത് വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു,
മരണ സംഖ്യ കുറയുന്നുകൊവിഡ് രോഗാണുവിന്‍റെ രണ്ടാം തരംഗം കെട്ടടങ്ങുന്നുവെന്ന സൂചനകൾ നൽകി രാജ്യത്തെ കൊവിഡ് മരണങ്ങളിൽ കുറവ് രേഖപ്പെടുത്തി. പ്രതിവാര സംഖ്യയിൽ കഴിഞ്ഞ ആഴ്ചയെക്കാൾ 5,000 ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്.
പ്രതിദിന മരണസംഖ്യ മൂവായിരത്തിന് താഴെ എത്തിയതും ആശ്വാസമായിട്ടുണ്ട്. ആകെ 24,000 മരണങ്ങളാണ് കഴിഞ്ഞ ആഴ്ച മാത്രം രേഖപ്പെടുത്തിയത്. അതിന് മുൻപുള്ള ആഴ്ചയിൽ 29,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കൊവിഡ് രോഗികളുടെ എണ്ണത്തിലും നേരത്തെ തന്നെ കുറവ് രേഖപ്പെടുത്തിയിരുന്നു. ദില്ലിയടക്കമുള്ള നഗരങ്ങളിൽ ഓക്സിജൻ സിലിണ്ടറിനായുള്ള ആവശ്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ വ്യവസായങ്ങൾക്കുള്ള ഓക്സിജൻ വിലക്ക് കേന്ദ്രസർക്കാർ നീക്കുമെന്ന് സൂചനയുണ്ട്.
വാക്സിന്‍ നയം മാറുംകൊവിഡ് വാക്സീനിൽ വിശദമായ പഠനം നടത്താനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. വാക്സിന്‍റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വീണ്ടും മാറ്റാനാണ് സർക്കാരിന്‍റെ ആലോചന. ആഗസ്ത് വരെയുള്ള സ്ഥിതിഗതികൾ പരിശോധിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനം.
കൊവാക്സിന്‍റെ ഇടവേള നിലവിലുള്ളത് പോലെ തുടരുമെങ്കിലും കൊവിഷീൽഡ് ഒറ്റ ഡോസ് മതിയോയെന്ന് വിശദമായ പഠനത്തിൽ പരിശോധിക്കും. ഇതിനനുസരിച്ച് വാക്സിൻ ഡോസുകളുടെ ഇടവേള കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. വ്യത്യസ്ത വാക്സീൻ ഡോസുകൾ നൽകുന്ന കാര്യവും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്.
കൊവിഷിൽഡ് വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി പരിശോധിച്ച ശേഷമായിരിക്കും കൊവിഷിൽഡ് സിംഗിൾ ഡോസ് മതിയാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയുടെ കൊവിഡ് വാക്സിൻ നയത്തിൽ കാര്യമായ മാറ്റം വരാനാണ് സാധ്യത.
കേരളത്തില്‍ നാളെ മുതല്‍ അധ്യയന വര്‍ഷം തുടങ്ങുംകൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് നാളെ പുതിയ അധ്യയന വർഷം തുടങ്ങുന്നു. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.
വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ വീണ്ടും തുടങ്ങുമ്പോൾ മൊബൈലും ടിവിയും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവ എത്തിക്കലാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. ഓൺലൈൻ വഴി മറ്റൊരു അധ്യയന വർഷം കൂടിയാണ് ഇക്കുറി തുടങ്ങുന്നത്.
ചാനൽ കണ്ടുള്ള പഠനത്തിനൊപ്പം ഇത്തവണ സ്കൂൾ തലത്തിൽ സംവാദ രൂപത്തിലുള്ള ഓൺലൈൻ ക്ലാസുകളുമുണ്ടാകുമെന്നതാണ് പ്രത്യേകത. ആദ്യ ദിനം ക്ലാസ് അംഗനവാടി കുട്ടികൾക്ക് മാത്രമാണ്. രണ്ടാം തീയതി മുതൽ നാല് വരെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ട്രയൽ ക്ലാസ് ആകും.
ആദ്യ ആഴ്ചക്കുള്ളിൽ ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികൾക്ക് അവ എത്തിക്കാനാണ് ശ്രമം. ജനപ്രതിനിധികളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാകും വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നത്.
ഇത്തവണ എത്രപേർക്ക് സൗകര്യങ്ങളില്ല എന്നതിന്‍റെ കണക്ക് ശേഖരിക്കുന്നുണ്ട്. പ്ലസ് ടു ക്ലാസുകൾ ജൂൺ 7 ന് തുടങ്ങും. ജൂലൈ ഒന്ന് മുതൽ സ്കൂൾ തല സംവാദരീതിയിലെ ഓൺലൈൻ ക്ലാസുകള്‍ ആരംഭിക്കും.
അടച്ച് പൂട്ടലില്‍ ഇളവ്കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ 'അൺലോക്കി'ന് തുടക്കമാകുന്നതിന് സമാനമായ ഇളവുകളോടെ ലോക്ക് ഡൗൺ പുതിയഘട്ടം തുടങ്ങി. ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ വ്യവസായ സ്ഥാപനങ്ങളും അൻപത് ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. തുണിക്കടകൾ, ജ്വല്ലറി, പുസ്തകവില്പന കടകൾ, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം തുടങ്ങിയ ഇളവുകൾ ഒരുപാടുണ്ട്. ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം.
കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗൺ കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തൽ.
അത് കൊണ്ടാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഈ ലോക്ക് ഡൗൺ സമയപരിധി തീരുന്നതിന് മുമ്പ് തന്നെ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും. അന്തർ ജില്ലാ യാത്രകളുടെ കാര്യത്തില്‍ തീരുമാനം വരാനുണ്ട്.
തിങ്കളാഴ്ച തുടങ്ങുന്ന പുതിയ ലോക്ക്ഡൗൺ ഘട്ടം ആഴ്ചയിലെ ശരാശരി ടിപിആർ പരിശോധിച്ചാകും തീരുമാനിക്കുക. 20 ന് മുകളിലേക്കെത്തിയ ടിപിആർ ഇപ്പോൾ ശരാശരി 16 ലെത്തി.
ഞായറാഴ്ച 16 ലും താഴെ എത്തിയതോടെ കൂടുതൽ ഇളവുകൾ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഘട്ടം ഘട്ടമായി അൺലോക്ക് എന്ന നയമാണ് പൊതുവെ സർക്കാർ അംഗീകരിക്കുന്നത്. എന്നാൽ ചില പഞ്ചായത്തുകളിൽ ഇപ്പോഴും 30 ശതമാനത്തിന് മേൽ ടിപിആർ തുടരുന്ന സാഹചര്യം വെല്ലുവിളിയായി നിലനില്‍ക്കുന്നു.
കേരളത്തിലെ കണക്കുകള്‍കേരളത്തില്‍ ഇന്നലെ 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മലപ്പുറം ( 3015 പേര്‍ക്ക് ) ജില്ലയിലാണ്. മലപ്പുറം ജില്ലയിലെ ചില പഞ്ചായത്തുകളില്‍ ടിപിആര്‍ നിരക്ക് ഇപ്പോഴും 30 ന് മുകളിലാണെന്നത് ആശങ്കയുയര്‍ത്തുന്നു.
ഏറ്റവും കുറവ് രോഗാണുബാധ സ്ഥിരീകരിച്ചത് വയനാടാണ് ( 249 ). ഇന്നലെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആയി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 8641 ആയി. 2,23,727 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
22,81,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,19,417 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 7,80,842 പേര്‍ വീട്ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ആകെ 887 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.

Latest Videos

click me!