കൂറ്റന്‍ ഓക്സിജന്‍ ഉല്‍പാദന പ്ലാന്‍റുമായി ജര്‍മ്മന്‍ സൈനിക വിമാനങ്ങള്‍ ഇന്ത്യയിലേക്ക്

First Published | May 6, 2021, 8:19 PM IST

കൊവിഡ് 19, ഇന്ത്യന്‍ വകഭേദം വന്ന രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരമായി കൂറ്റന്‍ ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്‍റുമായി ജര്‍മ്മനി. 'ദില്ലിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലേക്കുള്ള കൂറ്റന്‍ ഓക്സിജന്‍ ഉല്‍പാദന പ്ലാന്‍റ്, ജര്‍മ്മന്‍ വ്യോമസേനയുടെ എ 400 എം വിമാനത്തിലേക്ക് കയറ്റുന്നു. എത്രയും പെട്ടെന്ന് തന്നെ പ്ലാന്‍റിന്‍റെ പ്രവര്‍ത്തികളാരംഭിക്കും.'  ഇത് സംബന്ധിച്ച് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡ്നർ ട്വിറ്റ് ചെയ്തു. 

ജർമ്മൻ വ്യോമസേനയുടെ 2 വിമാനങ്ങളിലായാണ് ഓക്സിജന്‍ ഉത്പാദന പ്ലാന്‍റ് ഇന്ത്യയിലേക്കെത്തിക്കുന്നത്. ഈ പ്ലാന്‍റില്‍ നിന്നും പ്രതിദിനം 4,00,000 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
സായുധ സേനയുടെ 12 ഓളം പാരാമെഡിക്കുകൾ പ്രവർത്തിപ്പിക്കുന്ന “കൂറ്റന്‍” ഓക്സിജൻ ഉത്പാദന പ്ലാന്‍റ്, വിവിധ ഭാഗങ്ങളാക്കിയാണ് സൈനീക വിമാനത്തില്‍ കയറ്റിയയക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി അയക്കുന്ന പ്ലാന്‍റിന്‍റെ ആദ്യ വിമാനം ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തി. പാരാമെഡിക്കല്‍ സംഘം കഴിഞ്ഞ ശനിയാഴ്ച തന്നെ ഇന്ത്യയിലെത്തിയിരുന്നു. ഇവരെ സഹായിക്കാന്‍ ഇന്ത്യയിലെ മെഡിക്കല്‍ സംഘവും ഒപ്പം ചേരും.
ഈ പ്ലാന്‍റില്‍ നിന്നും പ്രതിദിനം 4,00,000 ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. അതുവഴി, ഇന്ത്യയിലെ ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു ഓക്സിജന്‍ പ്ലാന്‍റായിരിക്കുമതെന്നും ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡ്നർ ദി പ്രിന്‍റിനോട് പറഞ്ഞു.
പ്ലാന്‍റ് ഇന്ത്യയ്ക്ക് ആവശ്യമുള്ളിടത്തോളം ഇന്ത്യയിൽ തന്നെ തുടരും. അഭൂതപൂർവമായ പകർച്ചവ്യാധിയുടെ ഈ ദുഷ്‌കരമായ സമയങ്ങളിൽ സുഹൃത്തുക്കളെയും പങ്കാളികളെയും സഹായിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ലിൻഡ്നർ കൂട്ടിചേര്‍ത്തു.
ഇന്ത്യയിലെ നാടകീയമായ രോഗ്യാവസ്ഥ ജർമ്മനിയെ വല്ലാതെ സ്വാധീനിക്കുന്നു. ആശുപത്രികളിലും പരിസരങ്ങളിലുമുള്ള വേദനാരംഗങ്ങൾ ജർമ്മനിയിലെ എല്ലാവരെയും വൈകാരികമായി സ്വാധീനിച്ചു. അടിയന്തിരമായി ഓക്സിജനും മറ്റ് നിർണായക സാധനങ്ങളും ആവശ്യമുള്ള ആളുകളിലേക്ക് എത്തിക്കാനായി ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും അവര്‍ പറഞ്ഞു.
ജർമ്മൻ വ്യോമസേനയുടെ രണ്ട് എയർബസ് ഡിഫൻസ്, സ്പേസ് എ 400 എം ട്രാൻസ്പോർട്ട് വിമാനങ്ങളിലാണ് പ്ലാന്‍റ് കൊണ്ടുവരുന്നത്. ശനിയാഴ്ചയോടെ രണ്ട് വിമാനങ്ങളും ദില്ലിയിൽ ഇറങ്ങും.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) നടത്തുന്ന ദില്ലി കന്‍റോൺമെന്‍റിലെ സർദാർ വല്ലഭായ് പട്ടേൽ കോവിഡ് ഹോസ്പിറ്റലിലാകും ജര്‍മ്മനിയില്‍ നിന്നെത്തുന്ന ഈ വലിയ പ്ലാന്‍റ് സ്ഥാപിക്കുക.
ഏപ്രിലിൽ കോവിഡ് കേസുകൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ തന്നെ ദില്ലിയില്‍ മെഡിക്കൽ ഓക്സിജനും വെന്‍റിലേറ്ററിനും വേണ്ടി ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ദില്ലിക്ക് ആവശ്യമായ ഓക്സിജന്‍ എത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു.
മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ദില്ലി മുഖ്യമന്ത്രി ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചിരുന്നു. ദില്ലിയിലേക്ക് വന്നുകൊണ്ടിരുന്ന ഓക്സിജന്‍ ടാങ്കറുകള്‍ കേന്ദ്ര മന്ത്രിമാരിടപെട്ട് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നെന്ന്.
രോഗവ്യാപനം അതിതീവ്രമായിരിക്കുമ്പോഴും അവശ്യ മെഡിക്കല്‍ മരുന്നുകളും ഉപകരണങ്ങളും ഓക്സിജനും വെന്‍റിലേറ്ററും എത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുന്നതിനെ ഇന്ത്യയിലെ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും നിരന്തരം വിമര്‍ശിച്ചിരുന്നു.
ഇന്നലെയും ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികള്‍ മരിച്ച് കിടക്കുന്ന ഗംഗുറാം ആശുപത്രിയുടെ ഐസിയു വാര്‍ഡുകളുടെ വീഡിയോ ദില്ലിയില്‍ നിന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത്തരം അതികഠിനമായ സാഹചര്യങ്ങളില്‍ നിന്നും ആശ്വാസമായി ജര്‍മ്മനിയില്‍ നിന്നുള്ള ഓക്സിജന്‍ പ്ലാന്‍റ് മാറുമെന്ന് കരുതുന്നു.
ഔദ്യോഗിക അറിയിപ്പുകള്‍ പ്രകാരം ഇന്ത്യന്‍ പാരാമെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘത്തെ പരിശീലിപ്പിച്ചതിന് ശേഷം ജര്‍മ്മനിയില്‍ നിന്നും വന്ന 12 പാരാമെഡിക്കല്‍ സംഘവും തിരിച്ച് ജര്‍മ്മനിയിലേക്ക് മടങ്ങും. ഇന്ത്യയിലെ ആവശ്യം കഴിഞ്ഞാല്‍ പ്ലാന്‍റ് തിരിച്ച് ജര്‍മ്മനിയിലേക്ക് തന്നെ കൊണ്ട് പോകും.
എപ്പോള്‍ തിരികെ കൊണ്ട് പോകുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രതിസന്ധി അവസാനിക്കുമെന്നാണ് കരുതുന്നത്. ജർമ്മനിയിൽ നിന്ന് 120 വെന്‍റിലേറ്ററുകളും ഇതോടൊപ്പം ഇന്ത്യയിലേക്ക് അയച്ചു." കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും." #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!