ഇത്തവണ ജോര്‍ജ്ജുകുട്ടി കുടുങ്ങുമോ? 'വരുണ്‍ പ്രഭാകര്‍' പറയുന്നത് ഇങ്ങനെ

First Published | Oct 7, 2020, 3:01 PM IST

'ആ രഹസ്യം ഞാന്‍ മരിക്കുമ്പോള്‍ എന്നോടൊപ്പം മണ്ണില്‍ അലിഞ്ഞു ചേരും. അതാണ് ഞാന്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തരുന്ന ഏറ്റവും വല്യ സുരക്ഷ'. ഏഴ് വര്‍ഷങ്ങൾക്ക് മുൻപ് ദൃശ്യത്തിലെ ജോര്‍ജ്ജ്കുട്ടി തന്റെ കുടുംബത്തിന് നല്‍കിയ വാക്കാണ്. വരുണ്‍ പ്രഭാകരന്റെ കൊലപാതകം മറ്റാരും അറിയാതെ ജോര്‍ജ്ജ്കുട്ടി ഇത്രയും നാൾ കൊണ്ട് നടന്നു. ദൃശ്യം 2 വരുമ്പോൾ ആ രഹസ്യത്തിന്റെ ചുരുളയിഴുമോ? തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ച വരുണ്‍ പ്രഭാകര്‍ കേസ് വീണ്ടും സജീവമാകുമോ? അങ്ങനെ ആകാക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്കിടയിൽ ഏഴ് വര്‍ഷത്തോളമായി ആ കേസ് തെളിയുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരാളുണ്ട്, സ്ക്രീനിൽ വരുണിനെ അവതരിപ്പിച്ച പ്രിയ താരം റോഷൻ ബഷീർ.

ദൃശ്യം 2 പ്രഖ്യാപിച്ചത് മുതല്‍ ട്രോളുകളിലും കമന്റുകളിലും വീണ്ടും താനും തന്റെ കഥാപാത്രമായ വരുണ്‍ പ്രഭാകറും ഇടം പിടിക്കുമ്പോൾ റോഷൻ പറയാനുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് റോഷൻ വിശേഷങ്ങൾ പങ്കുവെക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.
വരുണ്‍ പ്രഭാകർ വീണ്ടും വരുമോ?വരുണ്‍ പ്രഭാകർ എന്ന കഥാപാത്രം എനിക്കൊപ്പം എന്നും ഉണ്ട്. ദൃശ്യം 2 വരുന്നതിന് മുൻപ് തന്നെ വരുണ്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകാറുണ്ട് . എല്ലാവർഷവും ഓഗസ്റ്റ് രണ്ട് വരുമ്പോൾ ട്രോളുകൾ വരാറുണ്ട്. എന്നോട് പലരും ചോദിക്കാറുണ്ട് ദൃശ്യം 2വിൽ പ്രേതമായി വരുമോ, അല്ലെങ്കില്‍ വരുണിന്റെ സഹോദരനായി ഡബിൾ റോളിലെത്തുമോ, അങ്ങനെ പല ചോദ്യങ്ങൾ വരാറുണ്ട്.

കേസ് തെളിയുമോ?പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഒരു വിധി ആ ചിത്രത്തിനുണ്ടായതാണ്. ജോര്‍ജ്ജ് കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണല്ലോ ആ കൊലപാതകവും മറ്റ് കാര്യങ്ങളും നടക്കുന്നത്. വരുണിന്റെ ഫാമിലിക്ക് നീതി കിട്ടിയല്ലെങ്കിലും ആ സിനിമയുടെ ക്ലൈമാക്സില്‍ ലാലേട്ടനെ പോലുള്ള ഒരു സൂപ്പർ താരം ഹീറോയിസം കാണിച്ചില്ലെങ്കിൽ പ്രേക്ഷകർക്ക് വിഷമം വരാം.
രണ്ടാം ഭാഗം വരുമ്പോൾ എങ്ങനെയാണ് സിനിമ ട്രീറ്റ് ചെയ്യുന്നത്, ചിത്രീകരിക്കുന്നത് എന്നതെല്ലാം കണ്ടറിയേണ്ടിരിക്കുന്നു.
അന്വേഷണം നടക്കുമോ?വരുണിലൂടെയാണ് ദൃശ്യം എന്ന സിനിമയുടെ സഞ്ചാരം. രണ്ടാം ഭാഗം വരുമ്പോൾ വരുണിന്റെ തിരോധനം ബന്ധപ്പെട്ട അന്വേഷണമാണോ എന്നറിയാൻ ഞാനും കാത്തിരിക്കുകയാണ് . ദൃശ്യം ചെയ്യുന്ന സമയത്ത് എന്റെ കഥാപാത്രത്തിന്റെ കാര്യങ്ങൾ അല്ലാതെ മറ്റൊന്നും എന്നോട് പറഞ്ഞിട്ടില്ലായിരുന്നില്ല, പക്ഷെ സിനിമ ഇറങ്ങിയതിന് ശേഷമാണ് ആ സിനിമയിൽ എത്രത്തോളം എനിക്ക് പ്രാധാന്യമുണ്ടായിരുന്നു എന്ന് മനസിലായത്.
ഞാൻ ഏതായാലും ദൃശ്യം 2വിൽ ഇല്ല. പക്ഷെ എന്റെ സജീവ സാന്ന്യദ്ധ്യം വേറെ രീതിയില്‍ ചിത്രത്തില്‍ ഉണ്ടായേക്കാം. ഇപ്പോഴും ആളുകൾ എന്നെ കാണുമ്പോൾ ദൃശ്യത്തിലെ ആളല്ലെയെന്നാണ് ചോദിക്കുന്നത്. എന്നെ സിനിമയിൽ അടയാളപ്പെടുത്തിയത് വരുണ്‍ പ്രഭാകർ എന്ന കഥാപാത്രമായാണ്.
ഇനി എത്രക്കാലമായാലും ആളുകൾ എന്നെ കാണുന്നത് ദൃശ്യത്തിലെ വരുണായി തന്നെയാണ്. എന്തായാലും സിനിമയ്ക്കായ് ഞാനും കാത്തിരിക്കുന്നു.
പുതിയ സിനിമകൾഇരുപത്തിയാറിന് ദൃശ്യത്തിന് ശേഷം ഞാൻ മലയാളത്തിൽ ചെയ്യുന്ന പുതിയ പടത്തിന്റെ ഷൂട്ട് തുടങ്ങുകയാണ് . 'ഫോർ' എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ സുനിൽ ആണ് സംവിധായകൻ.
രണ്ട് തെലുങ്ക് സിനിമകൾ കൂടി ഷൂട്ടിങ് കഴിഞ്ഞിരുന്നു. കൊവിഡ് കാരണം റിലീസ് മറ്റിവെച്ചിരിക്കുകയാണ്.

Latest Videos

click me!