ലോകപ്രശസ്ത എഴുത്തുകാരിയും ദാര്‍ശനികയും ഫെമിനിസ്റ്റുമായ സിമോണ്‍ ദി ബൊവ എഴുതിയ നോവല്‍, അവര്‍ മരണമടഞ്ഞ് 34 വര്‍ഷത്തിനു ശേഷം ഇതാ വായനക്കാരിലേക്ക് വന്നിരിക്കുന്നു.
ജീവിച്ചിരിക്കുന്ന കാലത്ത് പ്രസിദ്ധീകരിക്കാതെ ഏതോ മേശവലിപ്പില്‍ മാറ്റിവെച്ച ലെസ്ബിയന്‍ പ്രണയകഥയാണ് പുറത്തുവന്നത്. ബൊവയുടെ ആത്മകഥാപരമായ പുസ്തകമാണ് ഇത്.
Les Inseparables, the story of a passionate and tragic friendship between two rebellious young girls എന്നാണ് പുസ്തകത്തിന്റെ പേര്. പേരു സൂചിപ്പിക്കുന്നത് പോലെ, വിപ്ലവസ്വപ്‌നങ്ങളായി ജീവിച്ച രണ്ടു ചെറുപ്പക്കാരികള്‍ക്കിടയിലെ വികാരസാന്ദ്രവും ദാരുണവുമായ പ്രണയ കഥയാണിത്.
പേരു സൂചിപ്പിക്കുന്നത് പോലെ, വിപ്ലവസ്വപ്‌നങ്ങളായി ജീവിച്ച രണ്ടു ചെറുപ്പക്കാരികള്‍ക്കിടയിലെ വികാരസാന്ദ്രവും ദാരുണവുമായ പ്രണയ കഥയാണിത്.
ഫ്രഞ്ച് ഭാഷയില്‍ എഴുതിയ പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് വിന്റാജ് ബുക്‌സ് അടുത്ത വര്‍ഷമാദ്യം പ്രസിദ്ധീകരിക്കും.
കൗമാര കാലത്ത് ഒരു സഹപാഠിയോട് തോന്നിയ വികാരതീവ്രമായ പ്രണയാനുഭവമാണ് ബുവ നോവലായി എഴുതിയത്.
കേവലം സ്വവര്‍ഗാനുരാഗത്തിന്റെ കഥായിരുന്നില്ല അത്. ബൗദ്ധികമായ മേഖലകളില്‍ വ്യാപരിച്ച രണ്ടു സ്ത്രീകള്‍ക്കിടയില്‍ ഉടലെടുത്ത വൈകാരികമായ ആത്മബന്ധത്തിന്റെ നാള്‍വഴികളായിരുന്നു.
സാസ എന്നറിയപ്പെട്ടിരുന്ന എലിസബത്ത് സാസാ ലകോന്‍ ആയിരുന്നു ബുവയുടെ സഹപാഠി. 21 വയസ്സുള്ളപ്പോള്‍ മസ്തിഷ്‌ക വീക്കം ബാധിച്ചായിരുന്നു സാസയുടെ മരണം.
ആന്‍ഡ്രീ എന്നാണ് നോവലിലെ കഥാപാത്രത്തിന്റെ പേര്. സാസ തന്നെയാണ് ഇത്. ബുവയ്ക്കും സാസയ്ക്കും ഇടയിലുണ്ടായ ആഴമുള്ള ബന്ധം തന്നെയാണ് നോവലിലുള്ളത്.
'കണ്ടുമുട്ടിയ ആദ്യ ദിനം മുതല്‍ നീ എനിക്കെല്ലാമായിരുന്നു' എന്നാണ് സാസയെക്കുറിച്ച് ബുവ നോവലില്‍ എഴുതുന്നത്.
സ്ത്രീകള്‍ക്കിടയില്‍ സാദ്ധ്യമാവുന്ന ലൈംഗികതയെയും പ്രണയത്തെക്കുറിച്ചുള്ള യാഥാസ്ഥിതികവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകളില്‍നിന്നും വഴി മാറിനടക്കുന്നതാണ് നോവലിലെ തീവ്രബന്ധം.
ഒരു സ്ത്രീ എങ്ങനെയായിരിക്കണം എന്നതിന് 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ പാരീസില്‍ നിലവിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ക്കെതിരായി പൊരുതുന്ന രണ്ടു സ്ത്രീകള്‍ക്കിടയിലെ ആത്മബന്ധമാണ് നോവലിന്റെ പ്രമേയം.
ബുവയുടെ മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന സെക്കന്റ് സെക്‌സ് പുറത്തിറങ്ങി അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 1954-ലാണ് ഈ നോവല്‍ പൂര്‍ത്തിയായത്.
ജീവിതപങ്കാളിയും ലോകപ്രശസ്ത ചിന്തകനുമായ ജീന്‍ പോള്‍ സാര്‍ത്രിന് ആ നോവല്‍ ആദ്യമേ വായിക്കാന്‍ കൊടുത്തു. എന്നാല്‍, സാര്‍ത്രിന് അത് പിടിച്ചില്ല.
അങ്ങനെ ആ നോവല്‍ അവിടെക്കിടന്നു. അതാണിപ്പോള്‍, മരണാനന്തരം ഇത്ര വര്‍ഷങ്ങള്‍ക്കുശേഷം പുറത്തുവന്നത്.
സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ലോകത്തിനു മുന്നില്‍ വെച്ച ആളാണ്് ബുവ. സ്ത്രീവാദ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് സാര്‍ത്രും ബുവയും തമ്മിലുള്ള ബന്ധവും അതിലെ സ്വാതന്ത്യത്തിന്റെ ഇടവുമാണ്.
സാര്‍ത്രിന്റെ താല്‍പ്പര്യക്കുറവാണ് നോവല്‍ പുറത്തുവരാതിരിക്കാന്‍ കാരണം എന്നാണ് പ്രശസ്ത ദാര്‍ശനികനായ പോള്‍ ബി പ്രെസിയാദോ ഫ്രഞ്ച് മാധ്യമമമായ ലിബറേഷന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ആ പരാമര്‍ശം ഏറെ ചര്‍ച്ചയായി. എങ്ങനെയാണ്, ബുവയെ പോലെ ഒരു എഴുത്തുകാരി പങ്കാളിയുടെ താല്‍പ്പര്യക്കുറവു നിമിത്തം നോവല്‍ പ്രസിദ്ധീകരിക്കാതിരുന്നു എന്ന വഴിക്കായി ചര്‍ച്ച.
എന്നാല്‍, ബുവയുടെ പോറ്റുമകള്‍ സില്‍വി ലെ ബോണ്‍ ദി ബുവ പറയുന്നത് മറ്റൊരു വശമാണ്.
നോവല്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചത് ബുവയുടെ തന്നെ തീരുമാനമായിരുന്നു എന്നാണ് അവര്‍ പറയുന്നത്.
പല തവണ മാറ്റിയെഴുതിയിട്ടും ബുവ നോവലില്‍ തൃപ്തയല്ലായിരുന്നു എന്നും സില്‍വി ലെ ബോണ്‍ ദി ബുവ പറയുന്നു.
തന്റെ പ്രണയാനുഭവം പകര്‍ത്തിയ നോവല്‍ അവര്‍ക്കൊട്ടും സന്തോഷം നല്‍കിയില്ലെന്നും പോറ്റുമകള്‍ പറയുന്നു.
പല തവണ മാറ്റിയെഴുതിയിട്ടും ബുവ നോവലില്‍ തൃപ്തയല്ലായിരുന്നു എന്നും സില്‍വി ലെ ബോണ്‍ ദി ബുവ പറയുന്നു. തന്റെ പ്രണയാനുഭവം പകര്‍ത്തിയ നോവല്‍ അവര്‍ക്കൊട്ടും സന്തോഷം നല്‍കിയില്ലെന്നും പോറ്റുമകള്‍ പറയുന്നു.
ഷീ കേം റ്റു സ്റ്റേ, മാന്‍ഡരിന്‍സ് തുടങ്ങിയ മെറ്റാഫിസിക്കല്‍ നോവലുകളും 1949-ല്‍ എഴുതിയ 'ദ സെക്കന്‍ഡ് സെക്‌സ്' എന്ന പഠനവുമാണ് സിമോണ്‍ ദ ബൊവയെ ശ്രദ്ധേയയാക്കിയത്.
സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിന്റെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന കൃതിയാണ് ദ സെക്കന്‍ഡ് സെക്‌സ്.
എന്നാല്‍ അതൊരു ഫെമിനിസ്റ്റ് കൃതിയല്ല എന്ന് ബുവ പല തവണ പറഞ്ഞിട്ടുണ്ട്.
അഭിഭാഷകനും അമച്വര്‍ നാടകനടനുമായിരുന്ന ജോര്‍ജ് ദ് ബൊവയുടെയും വെര്‍ഡണിലെ ഫ്രാന്‍സോസ് ബ്രാസ്സോയുടെയും മകളായാണ് ബൊവ ജനിച്ചത്. സിമോന്‍ ലൂസി ഏണസ്റ്റെയ്ന്‍ മേരി ദ് ബൊവ എന്നാണ് മുഴുവന്‍ പേര്.
15 -ാം വയസ്സില്‍ തന്നെ അവള്‍ ഒരു എഴുത്തുകാരിയാകാന്‍ തീരുമാനിച്ചു. വിവിധ വിഷയങ്ങളില്‍ അവഗാഹം നേടിയെങ്കിലും തത്ത്വചിന്തയിലുള്ള താല്‍പര്യം പാരീസ് സര്‍വകലാശാലയിലെത്തിച്ചു.
സാര്‍ത്ര് അടക്കമുള്ള നിരവധി യുവബുദ്ധിജീവികളെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്. ജീവിതകാലം മുഴുവന്‍ സാര്‍ത്രുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും ബുവ അദ്ദേഹത്തെ വിവാഹംചെയ്യാനും കുടുംബജീവിതം നയിക്കാനും തയ്യാറായില്ല.
സാര്‍ത്രിന്റെ ജീവിതാവസാനം വരെ അമ്പതിലേറെ വര്‍ഷങ്ങള്‍ ബുവ ഒപ്പമുണ്ടായിരുന്നു. സാര്‍ത്രിന്റെ കൃതികളൊക്കെ എഡിറ്റ് ചെയ്തിരുന്നത് ബുവ ആയിരുന്നു.
സ്വന്തം ജീവിതകാലത്ത് ബുവ എഴുതിയ എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരണത്തിനു മുമ്പ് സാര്‍ത്ര് വായിച്ചിരുന്നു. ആ വായനയുടെ ഫലമായാണ് ഈ നോവല്‍ മാറ്റിവെക്കപ്പെട്ടത്.
ഏറ്റവുമടുത്ത രണ്ടു പേരായി ഒന്നിച്ചു ജീവിക്കുമ്പോള്‍, പരസ്പരം സ്വാതന്ത്ര്യവും ബഹുമാനവും സ്വയം നല്‍കിയിരുന്ന രണ്ട് തുരുത്തുകളായിരുന്നു ബുവയും സാര്‍ത്രും.
അവര്‍ സ്വന്തം വ്യക്തിതാല്‍പര്യങ്ങളും കാഴ്ചപ്പാടുകളും പ്രണയങ്ങളും ഇടക്കാല ബന്ധങ്ങളും പോലും തുറന്നു പറഞ്ഞ് സ്വന്തം സ്വാതന്ത്ര്യത്തിനു വിലങ്ങിടാതെയായിരുന്നു ജീവിച്ചത്.
ബുവ എഴുതിയ കത്തുകള്‍ സാര്‍ത്രിനയച്ച കത്തുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അസാധാരണമായ സ്ത്രീ പുരുഷബന്ധത്തിന്റെ നേര്‍ക്കാഴ്ചയാണ് കത്തുകള്‍.
കുട്ടികള്‍ വേണ്ടെന്നുവെച്ചത് അക്കാദമികപദവികള്‍ നേടുന്നതിനും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനും എഴുത്ത്, വായന, അധ്യാപനം തുടങ്ങിയവ തുടരുന്നതിനും പ്രണയിക്കുന്നതിനും അവര്‍ക്ക് കൂടുതല്‍ സമയം നല്‍കി.
'കണ്ടുമുട്ടിയ ആദ്യ ദിനം മുതല്‍ നീ എനിക്കെല്ലാമായിരുന്നു' എന്നാണ് സാസയെക്കുറിച്ച് ബുവ നോവലില്‍ എഴുതുന്നത്.
ന്യൂമോണിയ ബാധിച്ച് 78-ാം വയസ്സില്‍ പാരീസിലാാണ് ബൊവ മരിക്കുന്നത്. ദു മൊന്ത്പാര്‍നസ് സെമിത്തേരിയില്‍ സാര്‍ത്രിന്റെ ശവകുടീരത്തോട് ചേര്‍ന്നാണ് അവരെ സംസ്‌കരിച്ചത്.
ബുവ മരിച്ച ദിവസം ഒരു പത്രം നല്‍കിയ തലക്കെട്ട് 'പെണ്ണുങ്ങളേ നിങ്ങള്‍ ഇവരോടു കടപ്പെട്ടിരിക്കുന്നു' എന്നായിരുന്നു.
2006-ല്‍ പാരീസ് നഗരത്തിലെ സെയ്ന്‍ നദിക്കു കുറുകെ നിര്‍മ്മിച്ച പ്രശസ്തമായ നടപ്പാതയ്ക്ക് സിമോണ്‍ ദി ബുവ പാലം എന്നാണ് പേരിട്ടത്. പാരീസിന്റെ ദേശീയ ലൈബ്രറിയിലേക്കുള്ള പാതയാണിത്.