വിദ്യാര്‍ത്ഥിയെ പ്രണയിച്ച് വിവാഹം ചെയ്ത അധ്യാപിക

First Published | Aug 14, 2020, 6:48 PM IST

ഇത് ഒരധ്യാപികയുടെ കഥയാണ്.  സ്വന്തം വിദ്യാര്‍ത്ഥിയെ പ്രണയിച്ച മേരി കാതറിന്‍ ലെടൂര്‍ന്യു എന്ന അമേരിക്കന്‍ സ്‌കൂള്‍ അധ്യാപികയുടെ ജീവിതകഥ.  1996-ല്‍ അമേരിക്കയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഒരു ബലാത്സംഗകേസിലെ പ്രതി കൂടിയായ മേരിയുടെ ജീവിതം  

ഇത് ഒരധ്യാപികയുടെ കഥയാണ്. സ്വന്തം വിദ്യാര്‍ത്ഥിയെ പ്രണയിച്ച മേരി കാതറിന്‍ ലെടൂര്‍ന്യു എന്ന അമേരിക്കന്‍ സ്‌കൂള്‍ അധ്യാപികയുടെ ജീവിതകഥ. 1996-ല്‍ അമേരിക്കയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഒരു ബലാത്സംഗകേസിലെ പ്രതി കൂടിയായ മേരിയുടെ ജീവിതം
പുസ്തകമായപ്പോള്‍ അതിന് അവരിട്ട പേര് 'ഒരൊറ്റ കുറ്റം മാത്രം, പ്രണയം' എന്നതായിരുന്നു. കാരണം, ആ പ്രണയത്തിന്റെ പേരില്‍ അവര്‍ അനുഭവിക്കേണ്ടി വന്നത് ചില്ലറയൊന്നുമായിരുന്നില്ല.

മേരി കാതറിന്‍ ലെടൂര്‍ന്യു മരിച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. അന്‍പത്തെട്ടാം വയസ്സില്‍ അര്‍ബുദം മൂര്‍ച്ഛിച്ചായിരുന്നു ആ മരണം. അന്ന് അവരെക്കുറിച്ച് വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. അവരുടെ ജീവിതവും പ്രണയവും മരണവും പ്രമേയമായി നിരവധി കുറിപ്പുകള്‍ ലോകമെങ്ങും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ചിലര്‍ അവരെ പഴിച്ചു. കുറ്റപ്പെടുത്തി. ചിലര്‍ സ്വന്തം പ്രണയത്തിനായി അവര്‍ നടത്തിയ പോരാട്ടത്തെ സ്തുതിച്ചു.
അമേരിക്കയിലെ സിയാറ്റില്‍ നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ബുറിയന്‍ എന്ന ചെറുപട്ടണത്തിലെ ഷോര്‍വുഡ് എലമെന്ററി സ്‌കൂളിലെ അധ്യാപികയായിരുന്നു മേരി കാതറിന്‍. സ്വന്തം സ്‌കൂളിലെ പന്ത്രണ്ടോ പതിമൂന്നോ മാത്രം വയസ്സ് പ്രായമുണ്ടായിരുന്ന വിദ്യാര്‍ത്ഥി വില്ലി ഫൗലാവൂവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്ന കുറ്റത്തിന് അവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. രണ്ടുതവണ ജയിലിലായി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് അവരെ ജയിലിലടച്ചത്.
1996 -ലെ വേനലവധി കാലത്താണ് നാലുകുട്ടികളുടെ അമ്മയായ മേരി എന്ന 34 കാരി ഗാര്‍ഹിക പീഡനങ്ങള്‍ നിറഞ്ഞ ഒരു വിവാഹത്തില്‍ നിന്ന് മോചിതയായത്. മേരിയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു അവളുടെ ഭര്‍ത്താവ്. മദ്യപനും ഉപദ്രവിയുമായ അയാളോടൊപ്പം ഏറെ കഷ്ടപ്പെട്ടശേഷമാണ് അവര്‍ വിവാഹ മോചനം നേടിയത്.
അതിനിടെയാണ് അവര്‍ വിദ്യാര്‍ത്ഥിയായ വില്ലിയെ പരിചയപ്പെടുന്നതും അവനോട് അടുക്കുന്നതും. വില്ലി അന്ന് സിക്‌സ്ത് ഗ്രേഡിലാണ്. വില്ലിയുമായുള്ള അടുപ്പം പ്രണയമായി. പിന്നീട് അത് സെക്‌സിലേക്ക് വഴിമാറി.
ജൂണ്‍ 19 -ന് രാത്രി ഒന്നരയോടെ ഇരുവരെയും ഡെസ് മൊയിന്‍സ് മറീനയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ നിന്ന് പൊലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി. പോലീസിനോട് മേരി ആദ്യം പറഞ്ഞത്,'ഇവന് പതിനെട്ടു വയസ്സ് ആയി എന്നായിരുന്നു. എന്നാല്‍, ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് കുറ്റം ചുമത്തി.
എന്തായാലും,സംഭവം നടന്ന് രണ്ടുമാസത്തിനകം മേരി കാതറിന്‍ വില്ലിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. 1997 -ല്‍ അവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് വന്നു. അവര്‍ കുറ്റം സമ്മതിച്ചു. എന്നാല്‍, 'വില്ലിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ് എന്ന് തനിക്കറിയില്ലായിരുന്നു' എന്നായിരുന്നു മേരി വാദിച്ചത്. വിധി കാത്തിരിക്കുന്നതിനിടെ മേരി വില്ലിയുടെ കുഞ്ഞിനെ പ്രസവിച്ചു. ഈ സാഹചര്യത്തില്‍ കോടതി മേരിയുടെ ജയില്‍ശിക്ഷ ആറുമാസമായി ചുരുക്കി. അവര്‍ ജയില്‍ മോചിതയായി.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ മേരി കാതറീനെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു. വില്ലിക്കൊപ്പം കാറില്‍ ഇരിക്കുന്നതിനിടെയാണ് അവര്‍ അറസ്റ്റിലായത്. അപ്പോഴും അവനു പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നു.
കേസ് പഴയതിലധികം ഗൗരവത്തോടെ കോടതിയുടെ മുന്നില്‍ എത്തി.
ഇത്തവണ കോടതി ഒരു ദാക്ഷിണ്യവും കാണിച്ചില്ല. ഏഴു വര്‍ഷത്തേക്ക് മേരിയെ കോടതി ജയിലിലേക്കയച്ചു. മേരി ജയിലിലേക്ക് പോയത് വില്ലിയുടെ കുഞ്ഞിനേയും ഗര്‍ഭത്തില്‍ പേറിക്കൊണ്ടാണ്. അവരുടെ രണ്ടാമത്തെ കുഞ്ഞ് ജോര്‍ജിയ പിറന്നു വീണത് ജയിലഴികള്‍ക്കുള്ളിലാണ്.
മേരി ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വരെ വില്ലിയുടെ രണ്ടു കുട്ടികളെയും വളര്‍ത്തിയത് വില്ലിയുടെ അമ്മയായിരുന്നു.
ഏഴുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് 2005 -ല്‍ മേരി മോചിതയായി. മെയ് 20 -ന് വില്ലിയും മേരിയും വിവാഹിതരായി.
തങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നത് കേവലം പ്രണയബന്ധം മാത്രമായിരുന്നു എന്ന് പ്രസ്താവിച്ചു കൊണ്ട് അവരെഴുതിയ പുസ്തകമാണ് 'Un Seul Crime, L'Amour,' or 'Only One Crime, Love.' - 'ഒരേയൊരു കുറ്റം മാത്രം, പ്രണയം' അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ചര്‍ച്ചയായി. വിവര്‍ത്തനം ചെയ്യപ്പെട്ടു.
വൈകാതെ അവരുടെ കഥ 'ഓള്‍ അമേരിക്കന്‍ ഗേള്‍' എന്ന പേരില്‍ സിനിമയായി.
'എന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ല. ഞാന്‍ ഒരു ഇരയല്ല. ഒരു അച്ഛനായതില്‍ എനിക്ക് പശ്ചാത്താപം ഒട്ടുമില്ല, മേരി കാതറീനെ സ്‌നേഹിച്ചതിന് ഒട്ടുമില്ല..' എന്നാണ് വില്ലി 2013 -ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
എന്നാല്‍, 2017 -ല്‍, ഒരു വ്യാഴവട്ടം നീണ്ടു നിന്ന വിവാഹജീവിതത്തിനൊടുവില്‍, അജ്ഞാതമായ കാരണങ്ങളാല്‍ വില്ലി-മേരി ദമ്പതികള്‍ തമ്മില്‍ നിയമപരമായി വേര്‍പിരിഞ്ഞു.
താമസിയാതെ മേരിക്ക് സ്റ്റേജ് 4 കാന്‍സര്‍ ഡയഗ്നോസ് ചെയ്യപ്പെട്ടു.
ജുലൈ ആറാം തീയതി അമ്പത്തിയെട്ടാം വയസ്സില്‍, അര്‍ബുദരോഗം മൂര്‍ച്ഛിച്ച് മേരി കാതറിന്‍ ഇഹലോകവാസം വെടിഞ്ഞു.

Latest Videos

click me!