‘റാമ്പ് ടു ഡേർട്ട്’ പരിശീലനത്തിനിടെ അപകടം; ഡെയര്‍ഡെവിള്‍ അലക്സ് ഹാര്‍വില്‍ മരിച്ചു

First Published | Jun 18, 2021, 2:53 PM IST


‘റാമ്പ് ടു ഡേർട്ട്’ മത്സരയിനത്തില്‍ ലോക റെക്കോർഡിനായി 351 അടി ദൂരത്തേക്ക്  മോട്ടോർ സൈക്കിളില്‍ 'സ്റ്റണ്ട്'‌ ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തില്‍ അലക്സ് ഹാര്‍വില്‍ (28) മരിച്ചു. വാഷിംഗ്ടണിലെ മോസസ് തടാകക്കരയിലെ എയർഷോയില്‍ നടക്കുന്ന ലോക റെക്കോഡ് മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. റാമ്പിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഹാർവില്‍ തുറന്ന പ്രദേശത്ത് കൂടി ബൈക്ക് ഓടിക്കുന്നത് വീഡിയോകളിലുണ്ട്. പരിശീലനത്തിനിടെ അദ്ദേഹത്തിന്‍റെ ബൈക്ക് ഒരു അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. ഈ സമയം അദ്ദേഹത്തിന്‍റെ ഹെല്‍മറ്റ് തെറിച്ച് പോയെന്നും തൊട്ട് പുറകെ അദ്ദേഹവും ബൈക്കില്‍ നിന്ന് പുറത്തേക്ക് തെറിച്ച് പോയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി കിമാ-ടിവി റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടണിലെ എഫ്രാറ്റ സ്വദേശിയാണ് അലക്സ് ഹാര്‍വില്‍. 

ബൈക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഹാർവിൽ പരിശീലന ചാട്ടത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് ഗ്രാന്‍റ് കൗണ്ടി കൊറോണർ പറഞ്ഞു. അപകടത്തിനിടെയുണ്ടായ പരിക്കുകള്‍ മരണത്തിന് കാരണമായി.
അപകട സ്ഥലത്ത് വച്ച് തന്നെ പ്രഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് മോശെ തടാകത്തിന് സമീപത്തെ സമരിയൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞങ്ങളുടെ അഗാധമായ ദുഖം അലക്സിന്‍റെ കുടുംബത്തോടും സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും അറിയിക്കുന്നു, ഗ്രാന്‍റ് കൗണ്ടി ഷെറിഫ് ഓഫീസ് ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെയാണ് എയര്‍ ഷോ തുടങ്ങിയത്. അപകടമുണ്ടായപ്പോള്‍ എയര്‍ഷോയിലെ മോട്ടോര്‍ സൈക്കിള്‍ ജമ്പില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഹാർവിലിനുള്ള ചികിത്സാ ചെലവുകൾക്കായി സംഭാവന ചെയ്യുമെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ അദ്ദേഹം മരിച്ചതായി വാര്‍ത്തകള്‍ വന്നു. എയര്‍ ഷോ നാളെ അവസാനിക്കും.
ഗ്രാന്‍റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർഷോയിലെ സവിശേഷമായ പരിപാടികളിലൊന്നായിരുന്നു ഹാർവിലിന്‍റെ മോട്ടോര്‍ സൈക്കിള്‍ ചാട്ടം.
2013 ജൂലൈ 6 ന് വാഷിംഗ്ടണിലെ റിച്ച്ലാൻഡിലുള്ള ഹോൺ റാപ്പിഡ്സ് മോട്ടോർസ്പോർട്സ് കോംപ്ലക്സിൽ നടന്ന ഡേര്‍ട്ട് -ടു-ഡേര്‍ട്ട് (dirt-to-dirt) ചാട്ടത്തിലും അദ്ദേഹം ലോക റെക്കോഡ് ഉയര്‍ത്തി. അന്ന് 297 അടിയിലധികം ദൂരമായിരുന്നു ഹാർവില്‍ മറികടന്നത്.
ആ ഗിന്നസ് റെക്കോർഡ് ഇപ്പോഴും അദ്ദേഹത്തിന്‍റെ പേരിലാണ്. കനേഡിയൻ എം‌എക്സ് നാഷണൽ സീരീസ്, എ‌എം‌എ മോട്ടോക്രോസ്, എ‌എം‌എ സൂപ്പർക്രോസ്, അരീനക്രോസ് എന്നിവയുൾപ്പെടെ നിരവധി കായിക ഇനങ്ങളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.
ലോക റെക്കോർഡ് ശ്രമത്തിന് ഒരു മാസം മുമ്പ്, ഹാർവിൻ തന്‍റെ ലക്ഷ്യത്തെക്കുറിച്ച് ഇങ്ങനെ കുറിച്ചു, ' വാഷിംഗ്ടണിലെ മോസസ് തടാകക്കരയിലെ ഈ വർഷത്തെ എയർഷോയിൽ ഞാൻ മറ്റൊരു ലോക റെക്കോർഡ് കുതിപ്പിന് ശ്രമിക്കും.
ഇത്തവണ ‘റാമ്പ് ടു ഡേർട്ട്’ മോട്ടോർസൈക്കിൾ ഡിസ്റ്റൻസ് ജമ്പ് ശ്രമത്തിന്‍റെ ഗിന്നസ് റെക്കോർഡ് ഉടമയാകും. നിലവില്‍ ഈ ഇനത്തില്‍ ഗിന്നസ് റെക്കോർഡ് കൈവശമുള്ളത് റോബി മാഡിസൺ ആണ്. വർഷങ്ങളായി ഈ കായികരംഗത്തെ അദ്ദേഹം ധൈര്യത്തോടെ മുന്നോട്ട് നയിച്ചു.' ഹാര്‍വില്‍ എഴുതി.
13 വർഷം മുമ്പ് 2008 മാർച്ചിലാണ് ‘റാമ്പ് ടു ഡേർട്ട്’ മോട്ടോർസൈക്കിൾ ഡിസ്റ്റൻസ് ജമ്പ് ഇനത്തില്‍ മാഡിസൺ റെക്കോർഡ് സ്ഥാപിച്ചത്. മുമ്പ് 2017 ൽ, ഒരു ചാട്ടത്തിനിടെയുണ്ടായ അപകടത്തില്‍ ഹാർവിലിന്‍റെ കാലിന് പരിക്കേറ്റിരുന്നു. “പെട്ടെന്ന് ഞാൻ വളരെ ദൂരത്തേക്ക് തെറിക്കുന്നത് കണ്ടു. ആ സമയത്ത്, നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല." എന്നായിരുന്നു ആ അപകടത്തിന് ശേഷം ഹാര്‍വില്‍ പറഞ്ഞത്.
ഈ അപകടത്തെ തുടര്‍ന്ന് ഏറെ നാളത്തെ വിശ്രമത്തിന് ശേഷം മത്സരത്തിലേക്ക് അദ്ദേഹം തിരിച്ച് വരുന്നതിനിടെയാണ് രണ്ടാമത്തെ അപകടം നടന്നത്. ഒരു മാസം മുമ്പാണ് അദ്ദേഹത്തിന് രണ്ടാമത്തെ കുഞ്ഞുണ്ടായത് (വാട്സൺ റോബർട്ട് ഹാർവില്‍). മകന്‍റെ ചിത്രം അദ്ദേഹം തന്‍റെ ആരാധകര്‍ക്കായി ഇന്‍സ്റ്റോഗ്രാമില്‍ പങ്കുവച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!