സൂക്ഷിക്കുക, ഓവര്‍ടേക്കിംഗ് മരണത്തിന്‍റെ വായിലേക്ക് ആകരുത്!

First Published | Jan 26, 2021, 4:24 PM IST

ഓരോദിവസവും നിരവധി ജീവനുകളാണ് നമ്മുടെ റോഡുകളില്‍ വിവിധ അപകടങ്ങളിലായി പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അമിതവേതയില്‍ തെറ്റായിട്ടുള്ള ഓവര്‍ടേക്കിങ്ങാണ് ഇത്തരം മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. അതുകൊണ്ട് തന്നെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവർ ടേക്ക് ചെയ്യുക. മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.
ഓവർടേക്കിംഗിന് മുൻപ്, മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക. മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി കൊണ്ട് വളരെ പക്വതയോടുകൂടി ഓവർടേക്ക് ചെയ്യുക.

വാഹനം കടന്നുപോകാൻ മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയിൽ, എതിർ ദിശയിൽ നിന്നു വളരെ വേഗത്തിൽ വാഹനങ്ങൾ വന്നു കൊണ്ടിരിക്കുമ്പോൾ ചിലർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കും. ഇത് വളരെയേറെ അപകടകരമാണ്.
മുന്നിൽ പോകുന്ന വാഹനത്തിന്റേയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെ അതിസാഹസികത കാണിച്ച്, മരണത്തെ മുന്നിൽ കണ്ട് കഷ്ടിച്ച് രക്ഷപെട്ട് ചിലർ ഓവർടേക്ക് ചെയ്യുന്നത് കാണാം. ഒന്നോ രണ്ടോ തവണ ഇങ്ങനെ ഓവർടേക്ക് ചെയ്യുമ്പോൾ രക്ഷപ്പെട്ടൂ എന്ന് വരാം. എന്നാൽ ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല.
വാഹനം ഓടിക്കാൻ ശ്രമിക്കുന്ന തുടക്കകാർ പലപ്പോഴും വളരെ പേടിയോട്‌ കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരാണ്. മുന്നിൽ പോക്കുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് തുടങ്ങുമ്പോൾ പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട് മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവിൽ പിൻ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വേഗത്തിൽ വാഹനങ്ങൾ കടന്നു വന്നാൽ വലിയ അപകടം സംഭവിക്കാം. ആയതിനാൽ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക.
മുന്നിൽ പോകുന്ന വാഹനത്തിന്റെ പുറകിൽ മുട്ടി മുട്ടിയില്ല എന്ന തരത്തിൽ വാഹനം ഓടിച്ച് അൽ‌പം ഇടകിട്ടിയാൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ ? . ഇങ്ങനെ വാഹനം ഓടിക്കുമ്പോൾ മുന്നിൽ പോകുന്ന വാഹനത്തിന്റെ മറവ് കൊണ്ട്, എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളോ വഴിയോ കാണാൻ സാധിക്കില്ല. ഈ സമയത്ത് ഓവർടേക്ക് ചെയ്യുന്നത് എതിർ വശത്ത് നിന്ന് വരുന്ന വാഹനവുമായി കൂട്ടി ഇടിക്കുന്നതിന് കാരണമാകും.
വാഹനം കടന്നു പോകാൻ വലത് വശത്ത് ആവിശ്യത്തിന് സ്ഥലം ഉണ്ടെങ്കിൽ കൂടിയും ഡ്രൈവിങ്ങിൽ താനൊരു വിദദ്ധനാണെന്ന് മറ്റുള്ളവരെ കാണിക്കാനാണ് ചിലർ അപകടകരമായി ഈ രീതിയിൽ ഓവർ ടേക്ക് ചെയ്യുന്നത്. മറ്റു വാഹനങ്ങൾക്ക് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം എപ്പോഴും ഓവർ ടേക്ക് ചെയ്യേണ്ടത്. ഓവർടേക്ക് ചെയ്യുമ്പോൾ മറികടക്കേണ്ട വാഹനത്തോട് ചേർത്ത് തൊട്ട് തൊട്ടില്ല എന്ന രീതിയിൽ ഓവർ ടേക്ക് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു.
ചില ആളുകൾ കയറ്റത്ത് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകുക.
വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം എങ്കിലും ചില ആളുകൾ ഇടതുവശത്തൂടെയും ഓവർടേക്ക് ചെയ്യുന്നത് കാണാം. ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിംഗ് നിർബന്ധമായും ഒഴിവാക്കുക.
മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേയ്ക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശത്ത് വഴി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഇതു വളരെ ശ്രദ്ധയോട് കൂടി ചെയ്യണം.
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.ആ വാഹനത്തിൽ നിന്നു ഇറങ്ങുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ.
നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ, എന്നിവിടങ്ങളിൽ ഓവർ ടേക്കിങ്ങ് പാടില്ല.
ഓവർടേക്ക് ചെയ്യാൻ ഉള്ള തീരുമാനം രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ഇവയിൽ ആദ്യം വേണ്ടത് നല്ല ആത്മവിശ്വാസമാണ്. മുന്നിൽ പോകുന്ന വാഹനത്തെ മറികടന്ന് പോകാൻ ഉള്ള സ്ഥലം ഉണ്ട് എന്നും, എനിക്ക് അതിന് കഴിയും എന്ന വിശ്വാസം ആദ്യം ഉണ്ടായിരിക്കണം.
ഡ്രൈവിങ്ങിൽ താനൊരു വൈദഗ്‌ദ്ധ്യമുള്ളവനാണെന്നും,"ഏതൊര് സാഹചര്യത്തിലും ഓവർ ടേക്ക് ചെയ്യാൻ എനിക്ക് കഴിയും" എന്നെക്കെയുള്ള അമിതമായ ആത്മവിശ്വാസം അപകടം വിളിച്ച് വരുത്തും .
ഉള്ളിൽ വല്ലാത്ത ഭയത്തോടെയാണ് ഓവർ ടേക്ക് ചെയ്യുന്നതെങ്കിൽ മുന്നിൽ പോകുന്ന വാഹനത്തെ പൂർണ്ണമായും ഓവർ ടേക്ക് ചെയ്ത് കടന്ന് പോകാൻ സാധിച്ചെന്ന് വരില്ല. ഇതും അപകടം വരുത്തി വെക്കും.
ഓവർടേക്കിംഗ് സമയത്ത് മുന്നിലെ വാഹനത്തെ മറികടക്കാൻ കഴിയും എന്ന് നൂറു ശതമാനം വിശ്വാസം ഉണ്ടായിരിക്കണം. അല്പം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയും. ജീവിതത്തിൽ നമ്മൾ ഉന്നത നിലയിൽ വിരാജിക്കുന്നവരാകാം. എന്നാൽ റോഡിൽ വെറും ഡ്രൈവർ മാത്രമാണെന്ന് ഓർക്കുക.വിവരങ്ങള്‍ക്ക് കടപ്പാട്: കേരള പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

Latest Videos

click me!