എറണാകുളം ജില്ലയിലെ ദിവസേനയുള്ള കൊവിഡ് കണക്ക് മൂവായിരത്തിൽ തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് രോഗികളെ വേഗത്തിൽ ആശുപത്രികളിലെത്തിക്കാൻ ഓട്ടോ സൗകര്യമൊരുക്കാന്‍ കൊച്ചി നഗരസഭയും മുന്‍കൈയെടുത്തത്.
ആദ്യ ഘട്ടത്തിൽ 18 ഓട്ടോകളാണ് പ്രവര്‍ത്തനത്തിൽ പങ്കാളികളാവുക. 17 പുരുഷന്മാരും പിന്നെ ഒരു സ്ത്രീ (സുനിത) ഡ്രൈവറുമാണ് ഇപ്പോള്‍ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. പദ്ധതി കൊച്ചി മേയര്‍ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജൂണിൽ ആരംഭിക്കുന്ന ഓൺലൈൻ ഓട്ടോ സർവീസായ ഒസ (ഓട്ടോ സവാരി) ആപ്പിന്‍റെ പേരിലാണ് ഓട്ടോ ആംബുലന്‍സ് സേവനവും.
രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുക, മരുന്നുകൾ വിതരണം ചെയ്യുക, പൾസ് ഓക്സിമീറ്റർ, ഇൻഫ്രാറെഡ് തെർമോമീറ്റർ എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ് സേവനങ്ങൾ.
കോർപറേഷനിലെ 74 ഡിവിഷനുകളെ എട്ട് സോണുകളാക്കി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 24 മണിക്കൂറും സൗജന്യ സേവനമാണ് പദ്ധതിയുടെ ലക്ഷ്യം.നാഷണൽ ഹെൽത്ത് മിഷൻവഴി പ്രത്യേക പരിശീലനവും ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം രണ്ട് ഷിഫ്റ്റുകളായാണ് സർവീസ് ഒരുക്കുന്നത്.
സംസ്ഥാനത്ത് പദ്ധതി വാർഡ് തലത്തില്‍ ഒരുക്കാനാണ് സര്‍ക്കാര്‍ നീക്കം. രോഗികൾക്ക് ഓക്സിജൻ നല്‍കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവഓട്ടോ ആംബുലന്‍സില്‍ സജ്ജമാക്കും.
സന്നദ്ധരായ ഡ്രൈവർമാരെ കണ്ടെത്താൻ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഒട്ടോറിക്ഷ തൊഴിലാളിസംഘടനകളുടെയും സഹായത്തോടെ മോട്ടോർവാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ ഓട്ടോ ഡ്രൈവർമാരുടെ സ്‍മാര്‍ട്ട് ഫോണുകൾ ജില്ലാതല കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കും. ഫോണിലെ ജി പി എസ് സംവിധാനം ഉപയോഗിച്ച് ഇവർ എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ നിന്ന് കണ്ടെത്താന്‍ കഴിയും.
കിടപ്പുരോഗികൾ അല്ലാത്തവരെ ഓട്ടോ ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റും. സംസ്ഥാനത്തെ ആംബുലൻസുകളുടെ ദൗർലഭ്യം ഇതിലൂടെ പരിഹരിക്കാനാവുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍.
നേരിയ രോഗലക്ഷണങ്ങളുള്ള രോഗികൾക്ക് ആശുപത്രിയിലെത്താൻ ഈ ഓട്ടോ ആംബുലൻസുകളുടെ സഹായം തേടാം. നേരത്തെ രോഗികളെ സഹായിക്കുന്നതിനായി ദില്ലി, അഹമ്മദാബാദ്, ചെന്നൈ, ഭോപ്പാല്‍ തുടങ്ങിയ നഗരങ്ങളില്‍ നേരത്തെ തന്നെ ഓട്ടോ ആംബുലൻസുകൾ സേവനം ആരംഭിച്ചിരുന്നു.