ചർച്ചിലിന്റെ പ്രിയപ്പെട്ട ജോണിവാക്കർ വിസ്കിയുടെ ഛായാചിത്രം വിറ്റുപോയത് ഒമ്പതുകോടി രൂപയ്ക്ക്

First Published | Nov 20, 2020, 4:22 PM IST

ബ്രിട്ടന്റെ മുൻപ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രിയപ്പെട്ട ബ്രാൻഡായ വിസ്കിയുടെ ഒരു അപൂർവ പെയിന്റിംഗ് ലണ്ടനിൽ ഒമ്പതുകോടിയ്ക്ക് വിറ്റുപോയി. 1930 -കളിൽ വരച്ച ആ ഛായാചിത്രത്തിൽ ജോണി വാക്കറിന്റെയും, ബ്ലാക്ക് ലേബലിന്റെയും കുപ്പികളും, ഒരു ജഗ്ഗും രണ്ട് ഗ്ലാസുകളും കാണാം. ലേലം നടത്തിയ കമ്പനി സോതെബീസ് മറ്റ് 14 ചിത്രങ്ങൾക്കൊപ്പമാണ് ഇതും  ലേലത്തിന് വച്ചത്.  

ഓൺലൈനിൽ നടന്ന ഈ ലേലത്തിൽ കണക്കാക്കിയതിനെക്കാളും അഞ്ചിരട്ടി വിലക്കാണ് ചിത്രം വിറ്റുപോയത്. ചർച്ചിലിന്റെ മറ്റൊരു പെയിന്റിംഗിനും ലഭിക്കാത്ത ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഒരു ചിത്രകാരൻ കൂടിയായ ചർച്ചിൽ, 1930 -കളിൽ ഇംഗ്ലണ്ടിലുള്ള തന്റെ വീടായ ചാർട്ട്വെല്ലിൽ ഇരുന്നാണ് "ജ​ഗ് വിത്ത് ബോട്ടിൽസ്" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം വരച്ചത്.
പ്രിയപ്പെട്ട കുടുംബവീടായ ചാർട്ട്വെലിൽ ഇരുന്നുകൊണ്ട് ചിത്രം വരക്കാൻ ചർച്ചിൽ വളരെ ഇഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയ പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാനും, മനസ്സിനെ ഒന്ന് ശാന്തമാക്കാനും ചിത്രരചന ചർച്ചിലിനെ സഹായിച്ചുവെന്നുവേണം കരുതാൻ.

ചർച്ചിലിന്റെ മദ്യത്തെ കുറിച്ചുള്ള നിരവധി പ്രസിദ്ധമായ ഉദ്ധരണികളുണ്ട് . 'വെള്ളം കുടിക്കാൻ കൊള്ളാത്തതാണ്. അതിനെ കൂടുതൽ രസകരമാക്കാനാണ് വിസ്കി ചേർക്കുന്നത്' എന്നതാണ് അതിലൊന്ന്. 'വിസ്കി വെടിയുണ്ടകളേക്കാൾ കൂടുതൽ പുരുഷന്മാരെ കൊന്നിട്ടുണ്ട്. എന്നിട്ടും മിക്ക പുരുഷന്മാരും വെടിയുണ്ടകളേക്കാൾ വിസ്കിയെ സ്നേഹിക്കുന്നവരാണ്' എന്നും ചർച്ചിൽ പറയുകയുണ്ടായി.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡ് ജോണി വാക്കർ ബ്ലാക്ക് ലേബലായിരുന്നു. ഈ പെയിന്റിംഗ് ചർച്ചിലിന്റെ ബ്രാൻഡിനോടുള്ള ഇഷ്ടത്തെ തുറന്നു കാട്ടുന്നു.
1940 -കളിൽ യൂറോപ്പിന്റെ യുഎസ് പ്രത്യേക പ്രതിനിധി ആയി പ്രവർത്തിച്ചിരുന്ന അമേരിക്കൻ വ്യവസായി ഡബ്ല്യു. അവെറെൽ ഹാരിമാന് ചർച്ചിൽ പിന്നീട് ഈ ചിത്രം നൽകി.
ഈ കാലയളവിൽ അദ്ദേഹത്തിന്റെ മകനായ റാൻ‌ഡോൾഫിന്റെ ഭാര്യ പമേല, ഹാരിമാനുമായി ബന്ധം പുലർത്തിയിരുന്നു. എന്നാൽ അതേകുറിച്ച് ചർച്ചിലിന് അറിയാമായിരുന്നോ എന്നത് വ്യക്തമല്ല. പമേല 1970 -കളിൽ ഹാരിമാനെ വിവാഹം കഴിച്ചു.
പിന്നീട് 1997 -ൽ അവരുടെ മരണശേഷം പെയിന്റിംഗ് വിറ്റു. പിൽക്കാല ഉടമകളായ ബാർബറയും, ഇറ ലിപ്മാനും മരണപ്പെട്ടതിനെ തുടർന്ന് ഇത് വീണ്ടും വിൽപ്പനയ്ക്കെത്തുകയായിരുന്നു. ചർച്ചിൽ തന്റെ ജീവിതകാലത്ത് 550 -ലധികം പെയിന്റിംഗുകൾ വരച്ചിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്.

Latest Videos

click me!