ദുരന്തമുഖങ്ങളില്‍ മാനുഷിക മുഖം അന്വേഷിച്ച ക്യാമറ ; ഡാനിഷ് സിദ്ദിഖി
First Published | Jul 16, 2021, 4:15 PM IST
അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തില്‍ ഇന്ത്യയ്ക്ക് സംഭവിച്ച ഏറ്റവും വലിയ ദുഃഖമാണ് ഡാനിഷ് സിദ്ദിഖി എന്ന ഫോട്ടോജേര്‍ണലിസ്റ്റിന്‍റെ മരണം. കാന്ദഹാർ നഗരത്തിലെ സ്പിൻ ബോൾഡക് ജില്ലയിൽ താലിബാനും തീവ്രവാദികളും അഫ്ഗാന്‍ സേനയും തമ്മില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. റോയിറ്റേഴ്സിന്‍റെ യുദ്ധകാര്യ ഫോട്ടോഗ്രാഫറായി അഫ്ഗാൻ പ്രത്യേക സേനയിൽ അംഗമായിരിക്കെയാണ് അദ്ദേഹത്തിന്‍റെ മരണം. റോയിറ്റേഴ്സ് തങ്ങളുടെ സൈറ്റിലെ ഡാനിഷ് സിദ്ദിഖിയുടെ പേജില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു. 'ബിസിനസ്സ് മുതൽ രാഷ്ട്രീയം, സ്പോർട്സ് വരെയുള്ള വാര്‍ത്തകളെടുക്കുമ്പോള്‍ ഞാന്‍ ഏറ്റവും ആസ്വദിക്കുന്നത് തകർന്ന കഥയുടെ മനുഷ്യമുഖം പകർത്തുമ്പോഴാണ്.' ഇത് തന്നെയായിരുന്നു ഡാനിഷിനെ സംബന്ധിച്ച് ഓരോ ഫോട്ടോഗ്രാഫുകളും. അദ്ദേഹത്തിന്‍റെ ആ 'തകർന്ന കഥയുടെ മനുഷ്യമുഖം' തന്നെയാണ് വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ലോകത്തിന് മുന്നില്‍ ചോദ്യം ചെയ്യിച്ചതും. ഡാനിഷ് സിദ്ദിഖിയുടെ നിര്യാണത്തിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യയിലെ അംബാസഡർ ഫരീദ് മാമുന്ദ്‌സെ അനുശോചനം രേഖപ്പെട്ടുത്തി.
മുംബൈ സ്വദേശിയായ ഡാനിഷ്, ജാമിയ മില്ലിയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു. പഠനാനന്തരം പത്രപ്രവര്‍ത്തകനായാണ് ഔദ്ധ്യോഗീക ജീവിതം ആരംഭിച്ചത്. എന്നാല്‍ അധികം താമസിക്കാതെ അദ്ദേഹം ഫോട്ടോജേര്‍ണലിസത്തിലേക്ക് കടന്നു. പിന്നീട് റോയിറ്റേഴ്സിന്‍റെ ഫോട്ടോഗ്രാഫറായി. തുടര്‍ന്നിങ്ങോട്ട് ഡാനിഷ് പകര്‍ത്തിയ ചിത്രങ്ങളിലെല്ലാം വേദനിക്കുന്ന മനുഷ്യന്‍റെ മുഖങ്ങളായിരുന്നു. ചിലപ്പോള്‍ പ്രകൃതിയുടെ ദുരന്തങ്ങളില്‍, മറ്റ് ചിലപ്പോള്‍ ഭരണാധികാരികളുടെ തലതിരിഞ്ഞ നിതീ വ്യവസ്ഥയില്‍... എല്ലാം അയാള്‍ ഒപ്പിയെടുത്തത് ദുരന്തമുഖങ്ങളായിരുന്നു. ആ ദുരന്തമുഖങ്ങളുടെ തീവ്രതയില്‍ കാഴ്ചകളോരോന്നും ഉള്ളുരുക്കി. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കാണാം.
അഫ്ഗാന്‍ യുദ്ധത്തിനിടെ താനടക്കമുള്ള അഫ്ഗാന്‍ സൈനീകര്‍ സഞ്ചരിച്ച വാഹനത്തില്‍ ഗ്രനൈഡ് എറിഞ്ഞപ്പോള്‍ അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയും.