ബോബ് മാർലിക്കൊപ്പം റെഗ്ഗെ സം​ഗീതത്തെ ലോകത്തിന് നൽകിയ ​​​ഗായകൻ, ഭൂമിയിലെ സം​ഗീതമവസാനിപ്പിച്ച് മടങ്ങുമ്പോൾ

First Published | Mar 3, 2021, 11:27 AM IST

റെഗ്ഗെ സംഗീതത്തെ ലോകത്തിന് സുപരിചിതമാക്കിയത് ബോബ് മാര്‍ലിയാണ്. മാര്‍ലിയുടെ സുഹൃത്തും, അർദ്ധസഹോദരനെ പോലെ കണക്കാക്കിയിരുന്നതുമായ ആളാണ് ബണ്ണി വെയ്‍ലർ. റെഗ്ഗെയുടെ പ്രധാന ശബ്ദങ്ങളിലൊരാൾ കൂടിയായിരുന്ന ബണ്ണി വെയ്ലര്‍ അന്തരിച്ചിരിക്കുന്നു. 73 -ാമത്തെ വയസിലാണ് അദ്ദേഹത്തിന്‍റെ മരണം. ജമൈക്കയിലെ കിങ്സ്റ്റണില്‍ നിന്നുള്ള ബണ്ണി വെയ്ലര്‍ ബോബ് മാര്‍ലിയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തും 'വെയിലേഴ്സി'ന്‍റെ സ്ഥാപകാംഗങ്ങളിലൊരാളുമാണ്. റെഗ്ഗെയിലൂടെ അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച ബണ്ണി വെയ്ലറിന് മൂന്ന് തവണ ഗ്രാമി പുരസ്കാരവും  2017 -ൽ ജമൈക്കയുടെ ഓർഡർ ഓഫ് മെറിറ്റും ലഭിച്ചു. മാനേജര്‍ മാക്സിന്‍ സ്റ്റോവ്, ജമൈക്കയുടെ സാംസ്കാരിക മന്ത്രി ഒലീവിയ ഗ്രാംഗേ എന്നിവര്‍ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ലെങ്കിലും 2020 -ജൂലൈയില്‍ ഒരു സ്ട്രോക്ക് ഉണ്ടായതിന് ശേഷം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരാധകരും സാംസ്കാരിക ലോകവും അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു. ബോബ് മാർലി, പീറ്റർ ടോഷ്, ബണ്ണി വെയ്‍ലർ എന്നിവർ ചേർന്നാണ് 'വെയ്‍ലേഴ്സ്' രൂപീകരിക്കുന്നത്. അതിൽ ജീവനോടെയവശേഷിച്ചിരുന്നത് ബണ്ണി വെയ്‍ലർ മാത്രമായിരുന്നു. ഒടുവിലദ്ദേഹവും വിടവാങ്ങിയിരിക്കുന്നു. 

നെവില്ലേ ഒ റിലേ ലിവിംഗ്സ്റ്റണ്‍ എന്നാണ് ബണ്ണി വെയ്ലറിന്‍റെ യഥാര്‍ത്ഥ പേര്. വെയിലേഴ്സിന്‍റെ സ്ഥാപകരില്‍ ജീവനോടെ അവശേഷിച്ചിരുന്ന അവസാനത്തെ വ്യക്തിയായിരുന്നു. 1981 -ല്‍ കാന്‍സറിനെ തുടര്‍ന്ന് ബോബ് മാര്‍ലിയും, 1987 -ല്‍ മോഷണശ്രമത്തിനിടെ പീറ്റര്‍ ടോഷും കൊല്ലപ്പെട്ടതോടെ കൂട്ടുകാർക്കിടയിൽ ശേഷിച്ചത് അദ്ദേഹം മാത്രമായി. അപ്പോഴും അദ്ദേഹം ആ മാസ്മരിക സം​ഗീതത്തെ ചേർത്തു പിടിച്ചിരുന്നു. ഒരുപക്ഷേ, അകാലത്തിൽ യാത്രയായ പ്രിയമിത്രങ്ങളായിരുന്നവർക്ക് കൂടി വേണ്ടി.
undefined
1947 ഏപ്രില്‍ 10 -ന് ജനിച്ച അദ്ദേഹത്തിന്‍റെ കുട്ടിക്കാല ജീവിതം നൈന്‍ മൈല്‍സ് എന്ന ഗ്രാമത്തിലായിരുന്നു. പലചരക്ക് കട നടത്തുകയായിരുന്ന പിതാവ് തദ്ദ്യൂസാണ് ബണ്ണി വെയ്ലറെ വളര്‍ത്തിയത്. അവിടെ വച്ചാണ് അദ്ദേഹം ബോബ് മാര്‍ലിയെ കണ്ടുമുട്ടുന്നത്. രണ്ടുപേരും പെട്ടെന്ന് തന്നെ കൂട്ടുകാരായി. സ്റ്റെപ്‌നി പ്രൈമറിയിലും ജൂനിയർ ഹൈസ്‌കൂളിലും ഒരുമിച്ച് അവരുടെ ആദ്യ സംഗീതപരിപാടി അവതരിപ്പിച്ചു. 1955 -ൽ മാർലിയുടെ പിതാവിന്റെ മരണത്തെത്തുടർന്ന്, അമ്മ സെഡെല്ല, ലിവിംഗ്സ്റ്റണിന്റെ പിതാവിനൊപ്പം താമസം മാറ്റി. മാര്‍ലിയും ലിവിംഗ്സ്റ്റണും അര്‍ദ്ധസഹോദരന്മാരായി അവിടെ വളര്‍ന്നു. പ്രത്യേകിച്ചും സെഡെല്ലയ്ക്കും തദ്ദ്യൂസിനും പേൾ എന്ന മകൾ ജനിച്ചതിനുശേഷം.
undefined

Latest Videos


കിംഗ്സ്റ്റണിലെ ട്രെഞ്ച് ടൌണിലേക്ക് മാറിയശേഷമാണ് അവരിരുവരും പീറ്റര്‍ ടോഷിനെ കണ്ടുമുട്ടുന്നത്. അവര്‍ ഒരു ചെറിയ ​ഗായക സംഘമുണ്ടാക്കി, അതിന് 'വെയിലിംഗ് വെയിലേഴ്സ്' എന്ന് പേരും നല്‍കി. 'നാം വിലാപത്തില്‍ നിന്നുമാണ് തുടങ്ങിയത്' എന്ന ബോബ് മാര്‍ലിയുടെ വാക്കുകളാണ് ഈ പേര് തന്നെ തെരഞ്ഞെടുക്കാന്‍ കാരണം. ദാരിദ്ര്യവും അതിക്രമങ്ങളും നിറഞ്ഞുനിന്നൊരിടമായിരുന്നു അവരുടെ പരിസരം. 'പഴയൊരു പാത്രവും മുളയും കേബിള്‍ വയറുകളും ഉപയോഗിച്ചാണ് താന്‍ തന്‍റെ ആദ്യത്തെ ഗിത്താറുണ്ടാക്കിയത്' എന്ന് ലിവിംഗ്സ്റ്റണ്‍ തന്നെ പറഞ്ഞിട്ടുണ്ട്.
undefined
എന്നാല്‍, സമീപത്ത് തന്നെയാണ് റെഗ്ഗെ സംഗീതത്തിന്‍റെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിച്ചിരുന്ന ഗായകന്‍ ജോ ഹിഗ്ഗ്സ് താമസിച്ചിരുന്നത്. അദ്ദേഹം ആ മൂന്ന് കുട്ടികളെയും തന്‍റെ ചിറകിനടിയിലേക്ക് ചേര്‍ത്തു പിടിച്ചു. അദ്ദേഹത്തിന്റെ പരിശ്രമത്തിൽ, അവർ ശബ്‌ദം സ്ഫുടം ചെയ്തെടുത്തു. 'വെയിലിംഗ് വെയ്ലേഴ്സ്' എന്ന പേരില്‍ നിന്നും 'ദി വെയ്ലേഴ്സ്' എന്ന പേരിലേക്ക് മാറും മുമ്പ് ആ മൂവര്‍സംഘം ഗായകൻ ജൂനിയർ ബ്രെയ്‌ത്‌വൈറ്റ്, ഗായകരായ ബെവർലി കെൽസോ, ചെറി ഗ്രീൻ എന്നിവരെയും അവരുടെ കൂടെ കൂട്ടി.
undefined
1963 ഡിസംബറില്‍ അവരുടെ ബാന്‍ഡ് ആദ്യത്തെ ഗാനം റെക്കോര്‍ഡ് ചെയ്യുന്നതിനായി മോക്സ്സോണ്‍ ഡോഡിന്‍റെ സ്റ്റുഡിയോയിലേക്ക് പ്രവേശിച്ചു. 'സിമ്മര്‍ ഡൗണ്‍' എന്ന ബോബ് മാര്‍ലി എഴുതിയ ഗാനമായിരുന്നു അത്. ഗെട്ടോയില്‍ സമാധാനത്തിന് വേണ്ടിയായിരുന്നു ആ ഗാനം രചിക്കപ്പെട്ടത്. അക്രമങ്ങളിലേക്ക് പോകുന്ന ചെറുപ്പക്കാരെ തിരിച്ചുകൊണ്ടുവരിക എന്നത് കൂടി ആ പാട്ടിന്റെ ലക്ഷ്യമായി. വളരെ പെട്ടെന്ന് തന്നെ പാട്ട് ഹിറ്റായി, ജമൈക്കയില്‍ തന്നെ നമ്പര്‍ വണ്ണായി. 1965 -ൽ അവരുടെ ആദ്യ ആൽബം 'ദി വെയ്‌ലിംഗ് വെയ്‌ലേഴ്‌സ്' പുറത്തിറക്കുന്നതിന് മുമ്പ് 'ഡപ്പി കോൺക്വറർ' -ന്റെ യഥാർത്ഥ പതിപ്പ് അവർ ഇറക്കി.
undefined
എന്നാല്‍, സംഘത്തിന് ഒരിടവേളയെടുക്കേണ്ടി വന്നു. മാര്‍ലി വിവാഹിതനായി യുഎസ്എ -യിലേക്ക് മാറി. മരിജ്ജുവാന കൈവശം വച്ചതിന് ലിവിംഗ്സ്റ്റണിന് ഒരുവര്‍ഷം ജയിലിലും കഴിയേണ്ടി വന്നു. എങ്കിലും 1966 -നും 1970 -നും ഇടയില്‍ 28 സിംഗിള്‍സ് പുറത്തിറക്കാനവര്‍ക്ക് കഴിഞ്ഞു. അവരുടെ രണ്ടാമത്തെ ആല്‍ബം 'സോള്‍ റിബല്‍സ്' പുറത്തിറക്കുന്നതിന് മുമ്പായിരുന്നു ഇത്.
undefined
എന്നാല്‍, അവരുടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുള്ള പ്രവേശനം നടക്കുന്നത് ക്രിസ് ബ്ലാക്ക്വെല്‍സിന്‍റെ അയലന്‍ഡ് റെക്കോര്‍ഡ്സിന് വേണ്ടി 'കാച്ച് എ ഫയര്‍' റെക്കോര്‍ഡ് ചെയ്തതോടെയാണ്. ഈ സഹകരണം ഏതാണ്ട് ആകസ്മികമായി സംഭവിച്ചതാണ്. ജോണി നാഷിനൊപ്പം വെയ്‌ലർമാർ യുകെയിൽ പര്യടനം നടത്തിയിരുന്നു. പക്ഷേ, വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് പണം തികഞ്ഞില്ല. അപ്പോഴാണ് ബ്ലാക്ക് വെല്‍ ഒരു റെക്കോര്‍ഡിന് വേണ്ടി കരാറിലൊപ്പിട്ടാല്‍ അഡ്വാന്‍സ് നല്‍കാമെന്നും അതുവഴി വിമാനയാത്രക്കുള്ള പണമാകുമെന്നും പറയുന്നത്. എങ്കിലും അത് ബാൻഡിന്റെ അതൃപ്തിക്ക് കാരണമായി, ചില ഗാനങ്ങൾ അന്തർദ്ദേശീയ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതിനായി ഓവർഡബ് ചെയ്തു. ആല്‍ബം പ്രതീക്ഷിച്ചത്ര ഹിറ്റായില്ല. വിറ്റുപോയതുമില്ല. എങ്കിലും എക്കാലത്തേയും ക്ലാസിക്കുകളുടെ കൂട്ടത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒന്നായി അത് മാറി.
undefined
കോമേഷ്യല്‍ വിജയത്തിന് ശേഷം 'ഐ ഷോട്ട് ദി ഷെരീഫ്', 'സ്മോൾ ആക്സ്', 'ഗെറ്റ് അപ്പ്, സ്റ്റാൻഡ് അപ്പ്' എന്നിവ പോലുള്ള ക്ലാസിക് ഗാനങ്ങളെ അവതരിപ്പിച്ച 1973 -ലെ 'ബേർണിൻ' ഇറങ്ങി. എങ്കിലും വെയ്ലേഴ്സിനെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിച്ച അവസാന ആല്‍ബമായിരുന്നു ഇത്. ചില പിരിമുറുക്കങ്ങള്‍ അപ്പോഴേക്കും വര്‍ധിച്ചിരുന്നു. ബോബ് മാര്‍ലിയുടെയും ദി വെയ്ലേഴ്സിന്‍റെയും പേരില്‍ മാത്രം ആല്‍ബം ഇറങ്ങിയതും, എപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നത് കുടുംബത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതുമെല്ലാം ലിവിംഗ്സ്റ്റണില്‍ അതൃപ്തിയുണ്ടാക്കി.
undefined
1973 -ല്‍ അദ്ദേഹം മാറിനിന്നു. ടൂറിംഗ് ജീവിതരീതി തന്‍റെ റാസ്തഫാരിയന്‍ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്നും മറ്റും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രകളുടെ ഭാഗമായി സംസ്കരിച്ച ഭക്ഷണം കഴിക്കേണ്ടി വന്നതും ക്ലബ്ബ് സംസ്കാരത്തിലേക്ക് മാറേണ്ടി വരുന്നതുമെല്ലാം അദ്ദേഹത്തില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. 'പ്രശസ്തി സര്‍ഗാത്മകതയുടെ ശത്രുവാണ്' എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി. അവനവനില്‍ തന്നെ ഒരു നല്ല കലാകാരനെ കണ്ടെത്തുന്നതിനെ കുറിച്ചും, താരം എന്ന പരിവേഷത്തിലേക്ക് ആളുകള്‍ മാറുന്നതിനെ കുറിച്ചുമെല്ലാം അദ്ദേഹം പിന്നീട് പരാമർശിച്ചു.
undefined
ബാന്‍ഡില്‍ നിന്നും പിരിഞ്ഞശേഷം അദ്ദേഹം സോളോ ആല്‍ബം 'ബ്ലാക്ക്ഹേര്‍ഡ്ഡ് മാന്‍' -ന് വേണ്ടി പ്രവര്‍ത്തിച്ചു. അതിലാണ് ക്ലാസിക്കുകളായ ഡ്രീം ലാന്‍ഡ്, ഫൈറ്റിംഗ് എഗൈന്‍സ്റ്റ് കണ്‍വിക്ഷന്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നത്. ജയിലില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അവയുടെ പിറവി. 1981 -ലെ 'റോക്ക് എൻ ഗ്രോവ്', 1980 -കളിലെ 'ബണ്ണി വൈലർ സിംഗ്സ് ദി വെയ്‌ലേഴ്‌സ്' എന്നിവയുൾപ്പെടെ നിരവധി പ്രശംസ നേടിയ ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കി. ബാന്‍ഡിന്‍റെ ചില ക്ലാസിക്കല്‍ ഗാനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇതദ്ദേഹത്തിന് വീണ്ടും വഴിയൊരുക്കി.
undefined
1990 -കളില്‍ മികച്ച റെഗ്ഗെ ആല്‍ബത്തിന് മൂന്ന് തവണ ഗ്രാമി അവാര്‍ഡ് തേടിയെത്തി. അതിലെ ഓരോ റെക്കോര്‍ഡുകളും മാര്‍ലിയുടെയും ദ വെയ്ലേഴ്സിന്‍റെയും പാരമ്പര്യം വിശാലമാക്കുന്നതും സംരക്ഷിക്കുന്നതുമായിരുന്നു. 1991 -ലെ 'ടൈം വില്‍ ടെല്‍: എ ട്രിബ്യൂട്ട് ടു ബോബ് മാര്‍ലി', 1995 -ലെ 'ക്രൂഷ്യല്‍, റൂട്ട്സ് ക്ലാസിക്', 1997 -ലെ 'ഹാള്‍ ഓഫ് ഫെയിം: എ ട്രിബ്യൂട്ട് ടു ബോബ് മാര്‍ലീസ് 50-ത് ആനിവേഴ്സറി'' എന്നിവയെല്ലാം അതില്‍ പെടുന്നു.
undefined
2006 -ൽ വാഷിംഗ്ടൺ പോസ്റ്റിനോട് അദ്ദേഹം പറഞ്ഞതിങ്ങനെ, “റെഗ്ഗെ സംഗീതം എവിടെയാണോ നില്‍ക്കുന്നത് അവിടെയെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഞാൻ സേവനം ചെയ്യുന്നതെന്ന് അറിഞ്ഞതിൽ എനിക്ക് സംതൃപ്തിയുണ്ട്.” എല്ലാക്കാലവും റെഗ്ഗെയുടെ മാസ്മരികതയെ ഹൃദയത്തോട് ചേർത്തുപിടിച്ച് കൊണ്ടുനടന്നയാളായിരുന്നു ബണ്ണി വെയ്‍ലർ. ഒടുവില്‍ 'വെയ്ലേഴ്സി'ലെ സ്ഥാപകാം​ഗങ്ങളിൽ അവസാനത്തെ ആളും ഭൂമിയിലെ സംഗീതമവസാനിപ്പിച്ച് മടങ്ങിയിരിക്കുന്നു.
undefined
click me!