പിറക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി ജോലിയുപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞ അച്ഛൻ

First Published | Apr 30, 2020, 4:46 PM IST

'വീട്ടില്‍ വളര്‍ത്തുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന്റെ സംതൃപ്തി ഒന്ന് വേറെ തന്നെയാണ്. എന്റെ മുത്തശ്ശി വീടിന്റെ പുറകിലെ തോട്ടത്തില്‍ വളര്‍ത്തിയ ബീന്‍സും വെണ്ടയ്ക്കയും വഴുതിനയും ഉപയോഗിച്ച് ഉണ്ടാക്കിയ വിഭവം ഇന്നും എന്റെ ഓര്‍മകളിലുണ്ട്. മനോഹരമായ ചെറി തക്കാളി പറിച്ചെടുത്ത ഉടനെ ഞാന്‍ ഒന്നും ബാക്കി വെക്കാതെ കഴിക്കാറുണ്ടായിരുന്നു. ഞാനും പിന്നീട് വീട്ടില്‍ പച്ചക്കറികള്‍ വളര്‍ത്താന്‍ തുടങ്ങിയത് രാസവസ്തുക്കളില്ലാത്ത ഭക്ഷണം കഴിക്കാമെന്ന് കരുതിയാണ്.' താനൊരു അച്ഛനാകാന്‍ പോകുന്നുവെന്ന് മുപ്പതാമത്തെ വയസില്‍ മനസിലാക്കിയപ്പോഴാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഹക്ദീപ് സിങ്ങിന്റെ ജീവിതത്തിലേക്ക് കൃഷി കടന്നുവരുന്നത്. തന്റെ ഭാര്യയുടെയും പിറക്കാന്‍പോകുന്ന കുഞ്ഞിന്റെയും ആരോഗ്യത്തെക്കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ആശങ്ക മുഴുവനും. ഇതാണ് മെഹക്ദീപ് സിങ്ങിന്‍റെ കഥ. 

'രജീന്ദ്ര ഹോസ്പിറ്റലിലെ ഒരു സ്റ്റാഫ് നഴ്‌സായിരുന്നു ഞാന്‍. ഗര്‍ഭിണികള്‍ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നത് എനിക്ക് അറിയാമായിരുന്നു.' മെഹക്ദീപ് താന്‍ കൃഷി ഗൗരവമായി കാണാനുള്ള കാരണമാണ് വിശദീകരിക്കുന്നത്. ഗര്‍ഭിണിയുടെ ആരോഗ്യമാണ് പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ബാധിക്കുന്നതെന്ന് മനസിലാക്കിയ മെഹക്ദീപ് സിങ്ങ് സ്വയം പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചു. കഴിക്കുന്ന ഭക്ഷണത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. അങ്ങനെ അദ്ദേഹം ജീവിതശൈലി തന്നെ മാറ്റിമറിച്ചു.2017 ല്‍ പഴങ്ങളും പച്ചക്കറികളും വീട്ടില്‍ത്തന്നെ കൃഷി ചെയ്യാന്‍ ആരംഭിച്ചു. രണ്ട് ഏക്കര്‍ പരമ്പരാഗതമായി കിട്ടിയ കൃഷിഭൂമിയിലാണ് കൃഷി തുടങ്ങിയത്. ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി. പ്രമേഹരോഗിയായ അമ്മയുടെ ആരോഗ്യത്തിലും കാര്യമായ പുരോഗതിയുണ്ടായി. 'കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഞാന്‍ ചന്തയില്‍ നിന്ന് ഒരു പച്ചക്കറിയും വാങ്ങിയിട്ടില്ല. അതുതന്നെയാണ് എന്റെ കുടുംബത്തിന്റെ ആരോഗ്യത്തില്‍ പ്രതിഫലിക്കുന്നത്. മൂന്ന് വയസ്സുള്ള എന്റെ കുഞ്ഞും നല്ല ഉത്സാഹത്തോടെ ഓടിനടക്കുന്നു' മെഹക്ദീപ് പറയുന്നു.
ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങളായി 30 തരത്തിലുള്ള പച്ചക്കറികളും ധാന്യങ്ങളും രണ്ട് ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു. അതുകൂടാതെ 15 തരത്തിലുള്ള പഴങ്ങളുടെ മരങ്ങളും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ കൃഷി ചെയ്യുന്നു. കുഞ്ഞ് ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ കൃഷിക്കാരനായി. ' ഞാന്‍ അമൃതസറിലെ എട്ട് ഏക്കര്‍ കൃഷിസ്ഥലം സംരക്ഷിക്കുന്നു.അവിടെ അരിയും ഗോതമ്പും വിളയുന്നു.'

മെഹക്ദീപ് കൃഷിയില്‍ നിന്ന് പഠിച്ച പാഠങ്ങളെല്ലാം കുടുംബപരമായി കിട്ടിയതു തന്നെ. സാമൂഹിക മാധ്യമങ്ങളും കൂട്ടിനെത്തി. ' ഞാന്‍ സ്ഥിരമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. യൂട്യൂബില്‍ ആളുകള്‍ എന്തൊക്കെ കൃഷിരീതികളാണ് വിജയകരമായ വിളവെടുപ്പിനായി അനുവര്‍ത്തിക്കുന്നതെന്ന് നമസിലാക്കി' പ്രാദേശിക എന്‍.ജി.ഒ ആയ ഖേതി വിരാസത് മിഷന്‍ വളരെയേറെ സഹായകമായിരുന്നുവെന്ന് മെഹക്ദീപ പറയുന്നു. ഇവര്‍ നല്‍കിയ യുട്യൂബ് വീഡിയോ വഴി ഒട്ടേറെ കൃഷിപാഠങ്ങള്‍ പഠിച്ചു. ഈ വീഡിയോകള്‍ മുഖേനയും കര്‍ഷകരോട് സംസാരിച്ചും മെഹക്ദീപ് വിലയേറിയ കൃഷിരീതികള്‍ പഠിച്ചെടുത്തു.
'ഏറ്റവും പ്രധാനപ്പെട്ടത് യഥാര്‍ഥ സീസണില്‍ത്തന്നെ വിത്ത് വിതയ്ക്കണമെന്നതാണ്. തക്കാളി കൃഷി മാര്‍ച്ചിനും ജൂണിനുമിടയില്‍ത്തന്നെ ചെയ്യണം. പഞ്ചാബില്‍ ഉരുളക്കിഴങ്ങ് നടുന്നത് ഒക്ടോബര്‍ ആദ്യവാരത്തിലാണ്' മെഹക്ദീപ് കൃഷിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ചില കാര്യങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ നമ്മള്‍ മനസിലാക്കിവെക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഇദ്ദേഹം. വിളകള്‍ ഓരോ വരിയിലും വടക്കും തെക്കും ഭാഗത്തേക്കായാണ് നടേണ്ടത്. ഓരോ വരിയും തമ്മില്‍ രണ്ട് അടി അകലമുണ്ടായിരിക്കണം.'ചാണകവും ഗോമൂത്രവും ചേര്‍ന്ന മിശ്രിതമാണ് മണ്ണ് പോഷകമൂല്യമുള്ളതാക്കാന്‍ ഉപയോഗിക്കുന്നത്. എയറോബികും അനെയ്‌റോബിക്കുമായ ബാക്റ്റീരിയകള്‍ നൈട്രജന്‍ സ്ഥിരീകരണത്തിനായി ഉപയോഗിക്കുന്നു. ഉണങ്ങിയ ഇലകളും പുല്ലുകളും ഉപയോഗിച്ച് പുതയിടാനും മറക്കുന്നില്ല. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും കളകളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
'എല്ലാ കര്‍ഷകരും ഞാന്‍ എങ്ങനെയാണ് കീടനാശിനികളില്ലാതെ കീടങ്ങളെ പ്രതിരോധിക്കുന്നതെന്നാണ് ചിന്തിക്കുന്നത്. അതുതന്നെയായിരുന്നു എന്റെ ആദ്യത്തെ ചിന്ത.' മെഹക്ദീപും ഇത് സമ്മതിക്കുന്നു. പക്ഷേ പലതരം ഗവേഷണത്തിലൂടെ കീടങ്ങളെ തുരത്തുന്നത് വലിയ പ്രയാസമുള്ള കാര്യമല്ലെന്ന് തിരിച്ചറിഞ്ഞു. പ്രകൃതിദത്തമായ രീതികള്‍ കീടങ്ങളെ 50 ശതമാനം തുരത്തുന്നുണ്ടെന്ന് ഇദ്ദേഹം അനുഭവത്തില്‍ നിന്ന് പറയുന്നു.'ഒരേ രീതിയിലുള്ള വിളകള്‍ തന്നെ കൃഷി ചെയ്യുന്നത് കീടാക്രമണം കൂടുതല്‍ വരാന്‍ ഇടയാക്കും. അതിനാല്‍ പല പല വിളകള്‍ ഇടകലര്‍ത്തിയാണ് ഞാന്‍ കൃഷി ചെയ്തത്. ചീരയും മുളകും ഇടകലര്‍ത്തി നടാം. ബീന്‍സും ചോളവും ഒരുമിച്ച് നട്ടാല്‍ കീടങ്ങളെ അകറ്റാം. കാരറ്റും തക്കാളിയും നടാം.'
'കീടങ്ങള്‍ ആരോഗ്യം കുറഞ്ഞ ചെടികളെയും പോഷകമില്ലാത്ത മണ്ണില്‍ വളരുന്ന സസ്യങ്ങളെയും എളുപ്പത്തില്‍ ആക്രമിക്കും. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്.' പക്ഷികള്‍ നല്ല പരാഗണകാരികള്‍ മാത്രമല്ല. പ്രാണികളേയും ലാര്‍വകളേയും കൊത്തിത്തിന്ന് കീടനിയന്ത്രണത്തില്‍ വലിയ പങ്ക് വഹിക്കുന്നു. ഗോതമ്പിനെ ആക്രിക്കുന്ന കീടത്തെ കൊത്തിത്തിന്നുന്ന പക്ഷിയാണ് ലേഡി ബേര്‍ഡ് ബീറ്റില്‍. കീടങ്ങളുടെ പ്രജനന കാലമായ ഏപ്രില്‍ മുതല്‍ ജൂലെ വരെ കാര്യമായി ശ്രദ്ധ വേണം. മണ്‍സൂണ്‍ കാലത്ത് സസ്യങ്ങള്‍ക്ക് പോഷകങ്ങളുടെ ആഗിരണം കൂടുതലായിരിക്കും. ഇത് കീടങ്ങള്‍ക്കുള്ള ക്ഷണക്കത്താണെന്ന് മെഹക്ദീപ് ഓര്‍മിപ്പിക്കുന്നു.വേപ്പിന്റെ എണ്ണയാണ് കീടങ്ങളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നത്. പച്ചക്കറികളെക്കൂടാതെ ചെറുപയര്‍ , രാജ്മ എന്നിവയും കൃഷി ചെയ്യുന്നു. ഇദ്ദേഹത്തിന് സ്വന്തമായി 'ബല്‍ഹാരി കുദ്രത്' എന്ന യുട്യൂബ് ചാനലുമുണ്ട്. 7000ല്‍ക്കൂടുതല്‍ ആളുകള്‍ ചാനല്‍ പിന്തുടരുന്നു. എല്ലാ വര്‍ഷവും അഞ്ചു മാസം കൂടുമ്പോള്‍ സ്വന്തം വീട്ടില്‍ കര്‍ഷകര്‍ക്കായി സൗജന്യമായി സെമിനാര്‍ നടത്തുന്നു. ഇതുവഴി പ്രാദേശികമായ കര്‍ഷകര്‍ക്ക് തന്റെ കൃഷിയറിവുകള്‍ പങ്കുവെക്കുന്നു.(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)

Latest Videos

click me!