വഴിയരികിലെ പോഷകസസ്യങ്ങളെ മറക്കല്ലേ; പ്ലാവിലയും കോവയ്ക്കയുടെ ഇലയും ഭക്ഷണമാക്കാം

First Published | May 4, 2020, 2:51 PM IST

തൊടിയിലെ നാടന്‍ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം നമ്മള്‍ മനസിലാക്കിവരുന്ന സാഹചര്യമാണിപ്പോള്‍. പറമ്പുകളിലും മട്ടുപ്പാവിലും അപ്പാര്‍ട്ട്‌മെന്റിലുമൊക്കെ വളരെ എളുപ്പത്തില്‍ പ്രത്യേകിച്ച് പരിചരണമൊന്നും കൂടാതെ വളര്‍ത്താന്‍ കഴിയുന്ന ചില ഇലക്കറികളുണ്ട്. അല്‍പം ചാണകപ്പൊടിയും വീട്ടിനകത്തുള്ള പച്ചക്കറികളുടെ അവശിഷ്ടങ്ങളില്‍ നിന്നുള്ള കമ്പോസ്റ്റും മാത്രം മതിയാകും ഇവ തഴച്ചുവളരാന്‍. അതുകൊണ്ടുതന്നെ ഏതൊരാള്‍ക്കും നിഷ്പ്രയാസം വളര്‍ത്താം. പ്രകൃതിദത്തമായ നാരുകളും ഇരുമ്പും വിറ്റാമിനുകളും പ്രദാനം ചെയ്യുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. പലതും ഭക്ഷ്യയോ​ഗ്യമാണെന്ന് നാം തിരിച്ചറിയപ്പെടാതെ പോകുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കൃഷിയിലേക്കിറങ്ങുന്നവര്‍ ഇവരെക്കൂടി മറക്കാതിരിക്കുക.

അഗത്തിച്ചീര: വളരെ പെട്ടെന്ന് വളരുന്നതാണ് അഗത്തിച്ചീര. ശീമക്കൊന്നയിലയോട് രൂപസാദൃശ്യമുണ്ട്. ഇലകളുടെ അറ്റവും അടിഭാഗവും ഉരുണ്ടതായിരിക്കും. വലിയ പൂക്കളുണ്ടാകും. കായയില്‍ കുറഞ്ഞത് 20 വിത്തുകളുണ്ടാകാം. വിത്തു വിതച്ചും കമ്പുകള്‍ മുറിച്ചുനട്ടും വളര്‍ത്താം. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും ഒരേ അളവില്‍ ചേര്‍ത്ത് യോജിപ്പിച്ച മണ്ണില്‍ വിത്ത് പാകുന്നതാണ് നല്ലത്. അഞ്ച് ദിവസം കൊണ്ട് വിത്ത് മുളയ്ക്കും. വിത്ത് മുളച്ച് ഒന്നര മാസം കഴിഞ്ഞാല്‍ പറിച്ച് നടാം. നല്ലസൂര്യപ്രകാശമുള്ളിടത്ത് പറിച്ചു നടണം. രണ്ടാഴ്ച കൂടുമ്പോള്‍ അല്‍പം ചാണകപ്പൊടി വിതറി മണ്ണ് കൂട്ടിക്കൊടുക്കണം. വേനല്‍ക്കാലത്ത് നന്നായി നനയ്ക്കണം. പയറുകളും വിത്തും ഇലയും ഭക്ഷിക്കാം. പൂക്കളില്‍ വിറ്റാമിന്‍ സിയും എയും അടങ്ങിയിരിക്കുന്നു.
മത്തന്റെ ഇല: മത്തന്‍ പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇലയും പൂവും കൂടി ഉപയോഗിക്കാന്‍ പറ്റുന്നതാണ്. മീന്‍ പൊരിക്കാന്‍ മത്തനിലയിലും പൊതിയാം. മത്തനില്‍ ആണ്‍പൂവും പെണ്‍പൂവും ഉണ്ട്. ആണ്‍പൂക്കള്‍ പറിച്ചെടുത്ത് തോരനുണ്ടാക്കാം. പെണ്‍പൂക്കളുടെ പൂവിന് താഴെ ചെറിയ മത്തങ്ങയുടെ രൂപമുണ്ടാകും.

ചായമന്‍സ: തോരനുണ്ടാക്കാനും പരിപ്പ് ചേര്‍ത്ത് കറിയുണ്ടാക്കനും ചായമന്‍സ നല്ലതാണ്. സയോജനിക് ഗ്ലൈക്കോസൈഡുകള്‍ അടങ്ങിയതിനാല്‍ 20 മിനിറ്റ് വരെ വേവിക്കണം. മൂക്കാത്ത ഇലകളും ഇളന്തണ്ടുകളുമാണ് നല്ലത്. കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് മുതലായ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. കേരളത്തിലെ കാലാവസ്ഥില്‍ തഴച്ചുവളരും. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ വളരും. കീടബാധ ഉണ്ടാകാറില്ല. കാര്യമായി പരിചരണവും ആവശ്യമില്ല. വരള്‍ച്ചയെയും അതിജീവിക്കും. തണ്ട് മുറിച്ചെടുത്ത് മണ്ണില്‍ കുഴിച്ചിട്ട് വേരുകള്‍ പിടിപ്പിച്ച് വളര്‍ത്താം. ആറുമാസം കൊണ്ട് വിളവെടുക്കാം.
കോവയ്ക്കയുടെ ഇല: എല്ലാവരും കോവയ്ക്ക തോരനും മെഴുക്കുപുരട്ടിയുമൊക്കെ ഇഷ്ടം പോലെ കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഇലകള്‍ കൊണ്ടും പാചകം ചെയ്യാമെന്ന് അധികമാരും അറിയാന്‍ സാധ്യതയില്ല. ചീര എങ്ങനെയാണോ ഉപയോഗിക്കുന്നത് അതുപോലെ തന്നെയാണ് ഈ ഇലയുടെയും ഉപയോഗം. ചാണകപ്പൊടി നല്‍കിയാല്‍ തന്നെ നന്നായി വളര്‍ന്ന് പടര്‍ന്ന് കയറുന്ന സ്വഭാവമാണ് ഈ ചെടിക്ക്.
പൊന്നാങ്കണ്ണിച്ചീര:മതിലിനരികിലും പറമ്പിലുമൊക്കെ കാണാം. പടര്‍ന്നു വളരുന്ന സ്വഭാവമാണ്. തോരനും കറിയും ഉണ്ടാക്കാന്‍ ഉപയോഗിക്കാം. മറ്റുള്ള ഇലക്കറികള്‍ പോലെ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നു. തഴുതാമയും മുരിങ്ങയുമൊക്കെ പോലെ തന്നെ പോഷക സമൃദ്ധമാണ് പൊന്നാങ്കണ്ണിച്ചീര. സൂര്യപ്രകാശത്തില്‍ വളരുന്ന ഇലകളാണ് ഭക്ഷണത്തിനായി ഉപയോഗിക്കേണ്ടത്.
പൊന്നാരിവീരന്‍: നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പണ്ട് വളരെയേറെ ഉണ്ടായിരുന്ന സസ്യമാണിത്. ഇലകളും പൂക്കളും തോരന്‍ വെക്കാന്‍ ഉപയോഗിക്കാം. ഇതിന്റെ ഇലയും തുവരപ്പരിപ്പും ചേര്‍ത്ത് കറി വെക്കാം.
സൗഹൃദച്ചീര: ലെറ്റിയൂസ് ട്രീ എന്നും അറിയപ്പെടുന്നു. ആണ്‍ചെടിയുടെ ഇലകള്‍ക്ക് ഇരുണ്ട പച്ചനിറവും പെണ്‍ചെടികള്‍ക്ക് ഇളംപച്ച കലര്‍ന്ന മഞ്ഞ നിറവുമായിരിക്കും. ഇലകള്‍ക്കും വേരുകള്‍ക്കും ഔഷധഗുണമുണ്ട്. കേരളത്തില്‍ നന്നായി വളരും. ചാണകപ്പൊടി ചേര്‍ത്ത മണ്ണില്‍ നന്നായി വളരും. കൊമ്പുകോതല്‍ നടത്തിയാല്‍ ഉയരത്തില്‍ വളര്‍ന്നുപോകുന്നത് ഒഴിവാക്കാം. പൂവിടാത്ത ചെടിയാണിത്. വളരെക്കാലം ഇലകള്‍ നല്‍കും. ഇലകള്‍ തോരന്‍ വെക്കാനും പരിപ്പില്‍ ചേര്‍ത്ത് കറി വെക്കാനും ഉപയോഗിക്കാം. മുട്ടയില്‍ ചേര്‍ത്ത് ഓംലറ്റ് ഉണ്ടാക്കാം. കട്‌ലറ്റ് ഉണ്ടാക്കുമ്പോള്‍ ഉരുളക്കിഴങ്ങിന്റെ കൂടെ ചേര്‍ക്കാം.
വള്ളിച്ചീര: രണ്ടു തരത്തിലുള്ള വള്ളിച്ചീരകളുണ്ട്. തണ്ടിന് പച്ചനിറവും വയലറ്റ് നിറവും ഉള്ളവയാണ് അവ. തണ്ടാണ് നട്ടുവളര്‍ത്താനായി ഉപയോഗിക്കുന്നത്. വിത്തുകളും ഉപയോഗിക്കാം. പന്തലിട്ട് വളര്‍ത്തിയാല്‍ പടര്‍ന്ന് വളരും. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ അടിവളമായി നല്‍കാം. ഒന്നരമാസം കൊണ്ട് ചീര പറിച്ചെടുത്ത് തോരന്‍ വെക്കാം.
സാമ്പാര്‍ ചീര: സാമ്പാറിന് നല്ല രുചി കിട്ടാനായി ഈ ചീരയുടെ തണ്ട് ചേര്‍ത്ത് പാകം ചെയ്യാം. ഇലകള്‍ തോരന്‍ വെക്കാന്‍ ഉപയോഗിക്കാം. കാര്യമായ പരിചരണമൊന്നുമില്ലാതെ തഴച്ചുവളരുന്ന സസ്യമാണിത്. സാധാരണ ചെടികള്‍ക്ക് നല്‍കുന്ന പോലെ അല്‍പം വെള്ളം മാത്രം ഒഴിച്ചുകൊടുത്താല്‍ മതി. വീടുകളിലും അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണികളിലും സാമ്പാര്‍ ചീര വളര്‍ത്താം.
കാട്ടുതാള്‍: വഴിവക്കില്‍ ചേമ്പിന്റെ ഇലകള്‍ പോലെ വളര്‍ന്നു നില്‍ക്കുന്ന സസ്യമാണിത്. യഥാര്‍ഥത്തില്‍ ഇത് ചേമ്പല്ല. ഇലയും തണ്ടുമാണ് ഭക്ഷ്യയോഗ്യം. ചൊറിച്ചില്‍ അനുഭവപ്പെടുന്ന തരത്തിലുള്ള ഇലകളാണ്. അതുകൊണ്ട് അല്‍പം പുളി ചേര്‍ത്ത് ഈ അസ്വസ്ഥത ഒഴിവാക്കാം.
പ്ലാവില: ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാമെന്ന് നമുക്കറിയാം. പ്ലാവില കൊണ്ട് കിടിലന്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് മലയാളികള്‍ ലോക്ക്ഡൗണ്‍ കാലത്ത് തെളിയിച്ചു കഴിഞ്ഞു. രുചികരമായ തോരന്‍ ഉണ്ടാക്കാന്‍ ഇളം പ്ലാവില ഉപയോഗിക്കാം. പ്ലാവില പായസവും നല്ല രുചികരമായ വിഭവമാണ്.

Latest Videos

click me!