ലോക പ്രശസ്തമാണ് 'ചിനിയ'; എങ്കിലും ബിഹാറിന് സ്വന്തം വാഴ കൃഷി കൈവിടേണ്ടി വരുമോ ?

First Published | Jul 6, 2022, 10:25 AM IST

കേരളത്തിലെ പോലെ തന്നെ ബിഹാറിലെയും പ്രധാന കാർഷിക വിളയാണ് വാഴ (Banana). അയ്യായിരത്തോളം ഏക്കറിലായി ആറോളം വ്യത്യസ്ത ഇനം വാഴകളാണ് ഗംഗയുടെ വിശാലമായ തീരങ്ങളില്‍ കൃഷി ചെയ്യുന്നത്. കൃഷിയില്‍ കേരളം മണ്‍സൂണിനെ ആശ്രയിക്കുന്നത് പോലെ ഗംഗയിലെ  വേലിയേറ്റങ്ങളാണ് ബിഹാറിലെ കൃഷിയെ നിലനിര്‍ത്തുന്നത്. കാലാവസ്ഥാ മാറ്റത്തോടൊപ്പം കര്‍ഷകരോടുള്ള ഭരണകൂടത്തിന്‍റെ നിസഹകരണം കൂടിയാകുമ്പോള്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കര്‍ഷകരും പറയുന്നു. ബിഹാറിലെ ഹാജിപ്പൂരില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.  ചിത്രങ്ങള്‍ ദീപു എം നായര്‍. 

ബിഹാറിന്‍റെ ഗംഗാ തടങ്ങളിലെ ഒരു പുലര്‍കാല കാഴ്ചയാണിത്. സൈക്കിളില്‍ ഇരുവശത്തും വാഴക്കുല കെട്ടിവച്ച് ഉന്തി തള്ളി അടുത്തുള്ള പട്ടണത്തിലെ കട ലക്ഷ്യമാക്കി നീങ്ങുന്ന കര്‍ഷകരുടെ കാഴ്ച. ഈ കാഴ്ചപോലെ തന്നെ ഏറെ മുഷിഞ്ഞതാണ് ആ കര്‍ഷകരുടെ ജീവിതവും. 

അന്താരാഷ്ട്രാ വിപണിയില്‍ സ്വന്തമായ സ്ഥാനമുള്ള ഒന്നാണ് ബിഹാറിലെ ചിനിയ വാഴയിനം. അന്താരാഷ്ട്രാ വിപണി കണ്ടെത്തിയെങ്കിലും അതിന്‍റെ ഗുണ ഫലം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന് ലഭിക്കുന്നില്ലെന്ന് പ്രദേശത്തെ കര്‍ഷകരും പറയുന്നു. 

Latest Videos


ചിനിയ, ചിനി ചമ്പ, കോതിയ, മാല്‍ഭിഗ്, ഗൗരിയ  ഇങ്ങനെ ആറിനം വാഴകളാണ് ഗംഗാ തീരത്തില്‍ വിളഞ്ഞ് നില്‍ക്കുന്നവ. എന്നാല്‍ ചിനിയയാണ് കേമന്‍. ബിഹാറിന്‍റെ തദ്ദേശീയ ഇനമാണ് ചിനിയ. ഹാജിപ്പൂരിലെ (Hajipur's chiniya banana) കൃഷിയിടങ്ങളില്‍ നിന്ന് കടല്‍ കടക്കുന്നവയില്‍ പ്രധാനിയും ചിനിയ തന്നെയാണ്. 

ചിനിയയുടെ പേരും പെരുമയും പേറുന്നുണ്ടെങ്കിലും ആ അധ്വാനത്തിന്‍റെ ഫലം തങ്ങളുടെ ജീവിതത്തിലില്ലെന്ന് കര്‍ഷകരും സാക്ഷ്യം പറയുന്നു. രാജ്യാന്തര തലത്തില്‍ പ്രശസ്തി നേടിയ വാഴയിനം പോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

പേരും പേരുമയും കര്‍ഷകര്‍ക്കും ഗ്രാമത്തിനും കിട്ടുമ്പോള്‍ ലാഭം ഇടനിലക്കാരിലേക്കും പോകുന്നു. ഇടനിലക്കാരെ ഒഴിവാക്കി. താങ്ങുവില ഉയര്‍ത്തുന്ന തരത്തിലുള്ള കാര്‍ഷികാശ്വാസ നടപടികളൊന്നും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇല്ല. 

എല്ലാ കാര്‍ഷിക വിളകളെയും പോലെ വാഴയും ഏറെ വെള്ളം ആവശ്യമുള്ള ഒരിനമാണ്. കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തിലെ മഞ്ഞുരുക്കുമ്പോള്‍ ഗംഗാ നദി കരകവിയുന്നു. ഗംഗാ തടങ്ങില്‍ വെള്ളമുയരുമ്പോള്‍ ആളുയരത്തിലുള്ള വാഴകള്‍ പോലും മുങ്ങുന്നു. 

വിളവെടുപ്പ് കാലത്തിന് തൊട്ടുമുമ്പോണ് ഇത്തരത്തിലൊരു വെള്ളപ്പൊക്കമെങ്കില്‍ ഒരു വര്‍ഷത്തെ അധ്വാനം വെള്ളമെടുത്തെന്ന് കൂട്ടിയാല്‍ മതി. കൃഷി നാശമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നത് കര്‍ഷകര്‍ക്ക് മറ്റൊരു തിരിച്ചടിയാണ്. 

വിപണിയില്‍ പ്രശസ്തമെങ്കിലും വരുമാനമില്ലാത്തത് കര്‍ഷകരെ കൃഷിയിടത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. അവരില്‍ പലരും കൃഷിയിടം ഉപേക്ഷിച്ച് തുടങ്ങി. ജീവിത കാലം മുഴുവനും വാഴയ്ക്ക് വെള്ളമൊഴിച്ചിട്ടും തങ്ങളുടെ ജീവിതം പച്ചപിടിക്കാത്തതില്‍ നിരവധി കൃഷിക്കാരാണ് കൃഷിയിടം വിട്ടത്. 

സര്‍ക്കാരും വിപണിയും തങ്ങള്‍ക്കൊപ്പമല്ലെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഒപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്‍ കൂടുതല്‍ ദുരിതങ്ങളിലേക്കാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാധാരണ കര്‍ഷകന്‍റെ യാത്ര. അവര്‍ ഫലഭൂയിഷ്ടമായ നദീതടങ്ങള്‍ ഉപേക്ഷിച്ച് ചൂട് കൂടിയ  നഗരപ്രാന്തങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നു.
 

click me!