ഉഷ്‌ണതരംഗം മനുഷ്യരെയും മൃഗങ്ങളെയും മാത്രമല്ല, ഉപകരണങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്
ദില്ലി: കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചെങ്കിലും ദില്ലി അടക്കമുള്ള ഇന്ത്യയുടെ വടക്ക് ഭാഗത്ത് ഉഷ്‌ണതരംഗം പിടിമുറുക്കിയിരിക്കുകയാണ്. ദില്ലിയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. ഇതോടെ പല ഐഫോണ്‍ ഉപയോക്താക്കളും ഒരു പരാതിയുമായി എത്തിയിരിക്കുകയാണ്. ഐഫോണില്‍ 80 ശതമാനത്തിനപ്പുറം ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് ഇവരുടെ പരാതി. എന്താണ് ഐഫോണുകള്‍ പൂര്‍ണമായും ചാര്‍ജ് നിറയ്ക്കാന്‍ കഴിയാത്തതിന് കാരണം?
ഉഷ്‌ണതരംഗം മനുഷ്യരെയും മൃഗങ്ങളെയും മാത്രമല്ല, ഉപകരണങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ഐഫോണുകള്‍ 80 ശതമാനത്തിനപ്പുറം ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ഉപയോക്താക്കളുടെ പ്രധാന പരാതി. എന്നാല്‍ ഇത് ഫോണിന്‍റെ തകരാറ് അല്ല. രാജ്യത്തെ കനത്ത ചൂടാണ് ഇതിന് കാരണം. താപനില ഒരു പരിധി കഴിയുന്നതോടെ ചാര്‍ജിംഗ് താൽക്കാലികമായി നിലയ്ക്കാനുള്ള പോഗ്രാം ഐഫോണുകളിലുണ്ട്. അമിത ചൂട് മൂലം ഫോണിനുണ്ടാകുന്ന അപകട സാധ്യത കുറയ്ക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. ഇതിനെ മറികടക്കാന്‍ ഒരൊറ്റ കുറുക്കുവഴിയേയുള്ളൂ. ഫോണ്‍ തണുക്കുന്നതിനായി കാത്തുനില്‍ക്കുക മാത്രമാണിത്. ഫോണിന്‍റെ ചൂട് കുറഞ്ഞാല്‍ ചാര്‍ജിംഗ് സ്വമേധയാ പുനരാരംഭിക്കുന്നതാണ്. ഇതിനായി ഐഫോണ്‍ ഉപയോക്താക്കള്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല.
undefined
Read more: 32 എംപി ഫ്രണ്ട് ക്യാമറ, മികച്ച ബാറ്ററി, അത്യാകര്‍ഷകമായ ഡിസ്‌പ്ലേ; മോട്ടോ റേസര്‍ 50 സൂചനകള്‍ പുറത്ത്
നിങ്ങള്‍ വയര്‍ലെസ് ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ ചൂടുകാലത്ത് താല്‍ക്കാലികമായി വയേര്‍ഡ് ചാര്‍ജറിലേക്ക് മാറുന്നത് നല്ലതാണ്. താപനില കുറയുന്ന രാത്രിസമയം ചാര്‍ജ് ചെയ്യാനായി തെരഞ്ഞെടുക്കുന്നതും നല്ലതാണ്. തണുപ്പുള്ള എസി പോലുള്ള സാഹചര്യങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതും ഫോണിന്‍റെ കെയ്സ് മാറ്റുന്നതും ഫോണിന്‍റെ അമിത ചൂട് ഒഴിവാക്കാന്‍ സഹായകമായേക്കാം. എന്നാല്‍ ഫോണിന്‍റെ ചൂട് കുറയ്ക്കാന്‍ വെള്ളമോ ഐസോ ഉപയോഗിക്കുന്ന പരീക്ഷണങ്ങള്‍ക്ക് ഒരു കാരണവശാലും മുതിരരുത് എന്നും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന്‍റെ ലേഖനത്തില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം