സാംസങ് ഗ്യാലക്‌സിയാണ് വമ്പന്‍ തുക വാഗ്ദാനം ചെയ്തുകൊണ്ട് ബഗ് ബൗണ്ടി പ്രോഗ്രാം നടത്തുന്നത്
സോൾ: സാങ്കേതിക വിദഗ്ധർക്കും ഗ്യാലക്‌സി ഉപഭോക്താക്കള്‍ക്കും ലക്ഷങ്ങൾ സമ്പാദിക്കാനുള്ള അവസരമൊരുക്കി സാംസങ് ഗ്യാലക്‌സി. മൊബൈൽ സെക്യൂരിറ്റി പ്രോഗ്രാമിന്‍റെ ഭാഗമായാണ് കമ്പനിയുടെ സോഫ്റ്റ്‌വെയറിലെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് പാരിതോഷികം നല്‍കുക. സുരക്ഷാ ഗവേഷകർക്കും മറ്റുള്ളവർക്കും ബഗ് ബൗണ്ടി പ്രോഗ്രാമിന്‍റെ ഭാഗമാകാം.
സാംസങിന്‍റെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളിൽ കടന്നുകയറി നിയന്ത്രണം കൈക്കലാക്കാനും വിവരങ്ങൾ ചോർത്താനും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും ഉപകരണത്തിന്‍റെ സുരക്ഷ മറികടക്കാനുമെല്ലാം ഹാക്കർമാരെ സഹായിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തുകയാണ് ടാസ്‌ക്. ഇങ്ങനെ കണ്ടെത്തുന്ന സുരക്ഷാ പ്രശ്‌നത്തിന്‍റെ തീവ്രതയും ഓരോ പ്രൊജക്ടിന്‍റെയും പ്രാധാന്യവും അനുസരിച്ച് ബഗ് ബൗണ്ടി പ്രോഗ്രാമിൽ പ്രതിഫലമായി നൽകുന്ന തുകയിൽ വ്യത്യാസമുണ്ടാവും. 10 ലക്ഷം ഡോളർ വരെ ഇതുവഴി സമ്പാദിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.
undefined
സാംസങിന്‍റെ പുതിയ നോക്‌സ് വോൾട്ട് ഹാക്ക് ചെയ്ത് സാംസങിന്‍റെ ഹാർഡ്‌വെയർ സുരക്ഷാ സംവിധാനത്തിൽ റിമോട്ട് കോഡ് എക്‌സിക്യൂട്ട് ചെയ്താൽ പരമാവധി സമ്മാനത്തുകയായ 10 ലക്ഷം ഡോളര്‍ (8.38 കോടിയിലേറെ രൂപ) സ്വന്തമാക്കാം. ക്രിപ്‌റ്റോഗ്രഫിക് കീകളും മൊഹൈൽ ഡിവൈസുകളുടെ ബയോമെട്രിക് വിവരങ്ങളും സൂക്ഷിക്കുന്നതിനായി ഒരുക്കിയ സംവിധാനമാണ് നോക്‌സ് വോൾട്ട്. മുമ്പ് അൺലോക്ക് ചെയ്തിട്ടില്ലാത്ത ഫോൺ അൺലോക്ക് ചെയ്ത് വിവരങ്ങൾ എടുത്താൽ അവർക്ക് നാല് ലക്ഷം ഡോളർ വരെ ലഭിക്കും.
ഗാലക്‌സി സ്‌റ്റോറിൽ നിന്ന് ദൂരെ ഇരുന്ന് ഒരു ഉപകരണത്തിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ 60,000 ഡോളർ വരെ സമ്മാനം നേടാനാകും. മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന എത്തിക്കൽ ഹാക്കർമാർക്ക് ഒരു ലക്ഷം ഡോളർ വരെ സമ്മാനമായി നേടാം. സാംസങിന്‍റെ ബഗ് ബൗണ്ടി പ്രോഗ്രാമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ അറിയുന്നതിന് സാംസങ് വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാകും. 2017 ലാണ് ബഗ് ബൗണ്ടി പ്രോഗ്രാം ആരംഭിച്ചത്. അതിന് ശേഷം ഇതുവരെ 36 കോടി രൂപയോളം കമ്പനി സമ്മാനമായി നൽകിയിട്ടുണ്ട്.
Read more: ഇന്ത്യന്‍ മണ്ണില്‍ ഐഫോണ്‍- ഗൂഗിള്‍ കിടമത്സരം; പിക്‌സൽ 8 ഫോണുകൾ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം