മൂന്നായി മടക്കിയിട്ടും ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6ന്‍റെ ഏതാണ്ട് അതേ കട്ടി; വാവെയ് മേറ്റ് എക്‌സ്‌ടി മഹാത്ഭുതം

By Web Team  |  First Published Sep 14, 2024, 9:39 AM IST

വാവെയ് മേറ്റ് എക്‌സ്‌ടിക്ക് 10.2 ഉം, ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6ന് 7.6 ഉം ഇഞ്ച് വീതമുള്ള സ്ക്രീനുമാണ് എന്നുമോര്‍ക്കണം


ബെയ്‌ജിങ്ങ്‌: ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണായ വാവെയ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് (Huawei Mate XT Ultimate) കൂടുതല്‍ അമ്പരപ്പിക്കുന്നു. മൂന്ന് സ്ക്രീനുകളുള്ള ഈ ഫോണ്‍ മൂന്നായി മടക്കിക്കഴിഞ്ഞാലും രണ്ട് ഫോള്‍ഡുള്ള സാംസങ് ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6ന്‍റെ (Galaxy Z Fold 6) ഏതാണ്ട് അതേ കട്ടിയേ വരുന്നുള്ളൂ എന്നാണ് റെഡ്ഡിറ്റില്‍ ഷെയര്‍ ചെയ്‌തിരിക്കുന്ന ചിത്രം വ്യക്തമാക്കുന്നത്. മടക്കഴിയുമ്പോള്‍ വാവെയ് എക്‌സ്‌ടിക്ക് 12.8 എംഎം, ഗ്യാലക്‌സി Z ഫോള്‍ഡ് 6ന് 12.1 എംഎം കട്ടിയേ വരുന്നുള്ളൂ. വെറും 0.7 മില്ലിമീറ്ററിന്‍റെ വ്യത്യാസം മനുഷ്യ നേത്രങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ തന്നെ പ്രയാസമാണ്. വാവെയ് മേറ്റ് എക്‌സ്‌ടിക്ക് 10.2 ഉം, ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6ന് 7.6 ഉം ഇഞ്ച് വീതമുള്ള സ്ക്രീനുമാണ് എന്നുമോര്‍ക്കണം. 

ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയ 2024 സെപ്റ്റംബര്‍ 9ന് തന്നെയാണ് ചൈനീസ് ബ്രാന്‍ഡായ വാവെയ്‌ ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡുമായി രംഗത്തെത്തിയത്. ആരംഭിച്ച് വെറും മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗ് ലഭിച്ച മോഡലാണിത്. 19,999 യുവാനിലാണ് (2,35,109.78 ഇന്ത്യന്‍ രൂപ) വാവെയ് മേറ്റ് എക്‌സ്‌ടിയുടെ അടിസ്ഥാന വില ആരംഭിക്കുന്നത്. അതേസമയം ഐഫോണ്‍ 16 സിരീസിലെ ഏറ്റവും മുന്തിയ ഐഫോണ്‍ 16 പ്രോ മാക്‌സ് 1 ടിബി വേരിയന്‍റിന്‍റെ വില 1,84,900 രൂപയേയുള്ളൂ. എന്നാല്‍ വാവെയ് മേറ്റ് എക്‌സ്‌ടിക്ക് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകളുണ്ട്. 

Latest Videos

undefined

50 എംപി പ്രധാന ക്യാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിലുള്ളത്. പൂര്‍ണമായും തുറന്നുവെക്കുമ്പോള്‍ 3.6 എംഎം മാത്രമാണ് കനം വരിക എങ്കിലും 5600 എംഎഎച്ചിന്‍റെ സിലികോണ്‍ കാര്‍ബണ്‍ ബാറ്ററി മികച്ച ചാര്‍ജ് ഉറപ്പുനല്‍കും. ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയാണ് വാവെയ് മേറ്റ് എക്‌സ്‌ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 66 വാട്ട്‌സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജറും 50 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജറും ഫോണിനുണ്ട്. യുഎസ് നിരോധനം ഉള്ളതിനാല്‍ സ്വന്തം ചിപ്‌സെറ്റിലാണ് മേറ്റ് എക്‌സ്‌ടിയെയും വാവെയ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ചൈനയിലാണ് വാവെയ് മേറ്റ് എക്‌സ്‌ടി ലഭ്യമായിട്ടുള്ളത്. 

Read more: മൂന്ന് മടക്കിന് പോക്കറ്റില്‍, നിവര്‍ത്തിയാല്‍ കയ്യിലെ തിയറ്റര്‍; ആപ്പിളിന് ചെക്ക് വച്ച് വാവെയ് ട്രൈ-ഫോള്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!