മൂന്ന് മടക്കിന് പോക്കറ്റില്‍, നിവര്‍ത്തിയാല്‍ കയ്യിലെ തിയറ്റര്‍; ആപ്പിളിന് ചെക്ക് വച്ച് വാവെയ് ട്രൈ-ഫോള്‍ഡ്

By Web TeamFirst Published Sep 11, 2024, 10:41 AM IST
Highlights

ആപ്പിളിന് അതേ ദിനം മറുപടി! ഐഫോണ്‍ 16നെ വെല്ലുവിളിച്ച് വാവെയ് മേറ്റ് എക്‌സ്‌ടി പുറത്തിറക്കി; ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡിന്‍റെ വിലയും സവിശേഷതകളും 

ബെയ്‌ജിങ്ങ്‌: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒരേദിനം പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ച് അമേരിക്കന്‍ കമ്പനിയായ ആപ്പിളും ചൈനീസ് ബ്രാന്‍ഡായ വാവെയ്‌യും. ആപ്പിള്‍ ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയ അതേ ദിനം തന്നെയാണ് വാവെയ് സ്‌മാര്‍ട്ട്ഫോണ്‍ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ സ്ക്രീന്‍ ഫോള്‍ഡബിളുമായി (Huawei Mate XT Ultimate ) ഞെട്ടിച്ചത്. റിലീസിന് മുമ്പ് വന്‍ പ്രീ-ബുക്കിംഗ് ആണ് വാവെയ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റിന് ലഭിച്ചത്. എന്നാല്‍ ആപ്പിളിന് വെല്ലുവിളിയായി ഇറക്കിയപ്പോഴും ഐഫോണ്‍ 16 മോഡലുകളെക്കാള്‍ ഉയര്‍ന്ന വിലയാണ് വാവെയ് മേറ്റ് എക്‌സ്‌ടിക്കുള്ളത്. 

ആപ്പിള്‍ ഐഫോണ്‍ 16 സിരീസ് അവതരിപ്പിച്ച് ചുരുക്കം മണിക്കൂറുകള്‍ക്ക് ശേഷമാണ് വാവെയ് മേറ്റ് എക്‌സ്‌ടി പുറത്തിറക്കിയത്. ശനിയാഴ്‌ച ബുക്കിംഗ് ആരംഭിച്ച് വെറും മൂന്ന് ദിനം കൊണ്ട് 40 ലക്ഷത്തിലേറെ പ്രീ-ബുക്കിംഗ് ലഭിച്ച മോഡലാണിത്. 19,999 യുവാനിലാണ് (2,35,109.78 ഇന്ത്യന്‍ രൂപ) വാവെയ് മേറ്റ് എക്‌സ്‌ടിയുടെ അടിസ്ഥാന വില ആരംഭിക്കുന്നത്. അതേസമയം ഐഫോണ്‍ 16 സിരീസിലെ ഏറ്റവും മുന്തിയ ഐഫോണ്‍ 16 പ്രോ മാക്‌സ് 1 ടിബി വേരിയന്‍റിന്‍റെ വില 1,84,900 രൂപയേയുള്ളൂ. എന്നാല്‍ വാവെയ് മേറ്റ് എക്‌സ്‌ടിക്ക് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകളുണ്ട്. 

The world's first triple-screen foldable phone, the Huawei Mate XT, was officially launched today!

It has already amassed over 4 million reservations in just 3 days.

It's a great success for Huawei, as the new iPhone 16 series released today is nothing innovative! pic.twitter.com/BW4h6ePUr4

— Li Zexin (@XH_Lee23)

Latest Videos

ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ വാവെയ് മേറ്റ് എക്‌സ്‌ടിയുടെ വേരിയന്‍റുകള്‍ ലഭ്യമാണ്. മടക്കിവെക്കാവുന്ന മൂന്ന് സ്ക്രീനുകളുള്ള ഈ ഫോണ്‍ അഞ്ച് വര്‍ഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് പുറത്തിറക്കാനായത് എന്ന് വാവെയ് കണ്‍സ്യൂമര്‍ ബിസിനസ് ചെയര്‍മാന്‍ വ്യക്തമാക്കി. ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡ് ഫോള്‍ഡബിള്‍ എന്ന വിശേഷണത്തിന് പുറമെ ഏറ്റവും വലുതും കനംകുറഞ്ഞതുമായ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണവും വാവെയ് മേറ്റ് എക്‌സ്‌ടി അവകാശപ്പെടുന്നു. 

50 എംപി പ്രധാന ക്യാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിലുള്ളത്. പൂര്‍ണമായും തുറന്നുവെക്കുമ്പോള്‍ 3.6 എംഎം മാത്രമാണ് കനം വരിക എങ്കിലും 5600 എംഎഎച്ചിന്‍റെ സിലികോണ്‍ കാര്‍ബണ്‍ ബാറ്ററി മികച്ച ചാര്‍ജ് ഉറപ്പുനല്‍കും. ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയാണ് വാവെയ് മേറ്റ് എക്‌സ്‌ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 66 വാട്ട്‌സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജറും 50 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജറും ഫോണിനുണ്ട്. യുഎസ് നിരോധനം ഉള്ളതിനാല്‍ സ്വന്തം ചിപ്‌സെറ്റിലാണ് മേറ്റ് എക്‌സ്‌ടിയെയും വാവെയ് അവതരിപ്പിച്ചിരിക്കുന്നത്.  

Read more: രണ്ട് ദിവസം കൊണ്ട് 28 ലക്ഷം പ്രീ-ഓര്‍ഡര്‍; ആപ്പിളിനെ ഞെട്ടിച്ച് വാവെയ്‌ ട്രൈ-ഫോള്‍ഡ് ഫോണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!