ഓർഡർ ചെയ്‌ത് 10 മിനിറ്റിനുള്ളിൽ ഐഫോൺ 16 കൈയിലെത്തും; പിന്തുണയുമായി രത്തൻ ടാറ്റ

By Web Team  |  First Published Sep 27, 2024, 9:32 AM IST

ക്രോമയുടെ സഹകരണത്തോടെയാണ് ബിഗ്ബാസ്ക്കറ്റ് ഡെലിവറി വേഗത്തിലാക്കുന്നത്


ഐഫോൺ 16 പ്രേമികളെ പിന്തുണച്ച് രത്തൻ ടാറ്റയും. ഇതിന്‍റെ ഭാഗമായി ഏറ്റവും വേഗത്തിൽ ഫോണെത്തിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. ക്വിക് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്ക്കറ്റിലൂടെ ഡെലിവറി നടത്താനാണ് ശ്രമം. അതായത് പത്ത് മിനിറ്റിനുള്ളിൽ ഫോൺ നിങ്ങളുടെ കൈയിലെത്തിക്കാനാകുമെന്നാണ് ടാറ്റയുടെ അവകാശവാദം.

ടാറ്റയുടെ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് നിലവിലുണ്ടെങ്കിലും അതിൽ ഇലക്ട്രോണിക് കാറ്റഗറി ഉണ്ടായിരുന്നില്ല. ഐഫോൺ 16 മോഡലുകളെ ഉൾപ്പെടുത്തി ഈ രംഗത്തേക്ക് കൂടിയാണ് ടാറ്റ പ്രവേശിക്കുന്നത്. മൊബൈൽ ഫോണുകൾക്ക് പുറമെ ലാപ്‌ടോപ്പുകൾ, ഗെയിമിങ് ഉപകരണങ്ങൾ, മൈക്രോവേവ്ഓവനുകൾ എന്നിവയും വില്‍പനയ്ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രോമയുടെ സഹകരണത്തോടെയാണ് ബിഗ്ബാസ്ക്കറ്റ് ഡെലിവറി വേഗത്തിലാക്കുന്നത്. ടാറ്റ ഡിജിറ്റലിന്‍റെ  അനുബന്ധ സ്ഥാപനമാണ് ക്രോമ ഇലക്ട്രോണിക്സും. ഇപ്പോൾ ക്രോമയിലൂടെ ഐഫോൺ വില്‍ക്കുന്നുണ്ടെങ്കിലും ഫാസ്റ്റ് ഡെലിവറിയാണ് ബിഗ്ബാസ്ക്കറ്റിന്‍റെ പ്രത്യേകതയായി പറയുന്നത്. ഐഫോൺ വിപണിയിലെത്തിയ സെപ്തംബർ 20ന് തന്നെ ബിഗ്ബാസ്‌ക്കറ്റിലൂടെ വിൽപന ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ബിഗ്ബാസ്ക്കറ്റിന്‍റെ സേവനം എല്ലായിടത്തും ലഭ്യമാകില്ല. ബെംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ മാത്രമാണ് സേവനം ലഭിക്കുന്നത്. ഫോണിന് ഓഫറുണ്ടെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സേവനങ്ങളെ ഒരൊറ്റ ആപ്പിലേക്ക് സംയോജിപ്പിച്ച് ബിഗ്ബാസ്‌ക്കറ്റിനെ കാര്യക്ഷമമാക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്. നിലവിൽ രണ്ട് മൊബൈൽ ആപ്പുകളാണ് ബിഗ് ബാസ്ക്കറ്റിനുള്ളത്. ഡെലിവറി സമയം വേഗത്തിലാക്കാനുള്ള ഒരു വലിയ തന്ത്രത്തിന്‍റെ ഭാഗം കൂടിയാണ് ഈ നീക്കം. 2-3 മണിക്കൂറിന്‍റെ വിൻഡോയും 10-20 മിനിറ്റിനുള്ളിൽ എത്തിക്കുന്ന മറ്റൊരു വിൻഡോയുമാണ് ഈ രണ്ട് ആപ്പുകളിലുമുള്ളത്. 

Latest Videos

undefined

ഒറ്റ ആപ്ലിക്കേഷനായി ഇത് മാറ്റുന്നതോടെ ഡെലിവറിടൈം കാര്യമായി കുറക്കാൻ കഴിയുമെന്നതാണ് ടാറ്റ ഗ്രൂപ്പിന്‍റെ വിലയിരുത്തൽ. ഐഫോണിന് പുറമെ മറ്റ് കമ്പനികളുടെ പുതിയ മോഡലുകളും ബിഗ്ബാസ്ക്കറ്റിലേക്ക് എത്തുമെന്നാണ് സൂചന.

Read more: ഇനി ഇങ്ങനെയൊരു അവസരം കിട്ടിയെന്നുവരില്ല; ഐഫോണ്‍ 15 കുറഞ്ഞ വിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!