ഐഫോൺ 15ന്റെ നിറം മങ്ങുന്നോ? ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് മറുപടി നല്‍കി ആപ്പിള്‍

By Web Team  |  First Published Sep 22, 2023, 7:56 PM IST

പുതിയ ഐഫോണുകളുടെ പ്രോ, പ്രോ മാക്സ് വേരിയന്റുകളുടെ പുറം പാളിക്കായി ഇത്തവണ സ്റ്റെയിന്‍ലെസ് ഫ്രെയിം ഒഴിവാക്കി പകരം ടൈറ്റാനിയം ഫിനിഷ് സ്വീകരിച്ചിരുന്നു. ഈ ടൈറ്റാനിയം ഫിനിഷാണ് ഈ താത്കാലിക നിറം മാറ്റത്തിന് കാരണമാവുന്നത്. 


ഐഫോണിന്റെ ഏറ്റവും പുതിയ ജനറേഷന്‍ മോഡലുകളായ ഐഫോണ്‍ 15 സീരിസ് പുറത്തിറങ്ങിയിട്ട് അധിക ദിവസമായില്ല. ഇതിനിടെ പുതിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളുടെ നിറം മങ്ങുന്നെന്ന് പല ഉപഭോക്താക്കളും പരാതി ഉയര്‍ത്തിയിരുന്നു. പ്രോ, പ്രോമാക്സ് മോഡലുകള്‍ അല്‍പ നേരം കൈയില്‍ വെച്ചിരിക്കുമ്പോള്‍ മറ്റൊരു നിറത്തിലേക്ക് മാറുന്നതായി തോന്നുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം.

പലയിടങ്ങളില്‍ നിന്നും ഇത്തരമൊരു ആരോപണം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയില്‍ ശരീരത്തിലെ എണ്ണമയം തട്ടുമ്പോള്‍ പുറം പാളിയിലെ നിറം താത്കാലികമായി മാറുന്നതാണെന്നും അത് താത്കാലികമായി മാത്രം സംഭവിക്കുന്നതാണെന്നുമാണ് കമ്പനി അറിയിക്കുന്നത്. വൃത്തിയുള്ള മൃദുലമായ ഒരു തുണി കൊണ്ട് തുടയ്ക്കുന്നതോടെ ഈ പ്രശ്നം മാറി യഥാര്‍ത്ഥ നിറം തിരിച്ചുകിട്ടുമെന്നും കമ്പനി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. അതേസമയം ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയുടെ കാര്യത്തില്‍ ഇത്തരമൊരു വിശദീകരണം കമ്പനി നല്‍കിയിട്ടില്ല.

Latest Videos

undefined

പുതിയ ഐഫോണുകളുടെ പ്രോ, പ്രോ മാക്സ് വേരിയന്റുകളുടെ പുറം പാളിക്കായി ഇത്തവണ സ്റ്റെയിന്‍ലെസ് ഫ്രെയിം ഒഴിവാക്കി പകരം ടൈറ്റാനിയം ഫിനിഷ് സ്വീകരിച്ചിരുന്നു. ഈ ടൈറ്റാനിയം ഫിനിഷാണ് ഈ താത്കാലിക നിറം മാറ്റത്തിന് കാരണമാവുന്നത്. വിവിധ രാജ്യങ്ങളില്‍ വില്‍പന ആരംഭിച്ചപ്പോള്‍ പ്രോ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാച്യുറല്‍ ടൈറ്റാനിയം, ബ്ലാക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകള്‍ വിപണിയിലെത്തുന്നത്. 

Read also: അപ്ഡേറ്റസ് ഫ്രം ദി ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്; വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി, ആദ്യ പോസ്റ്റ് ഇങ്ങനെ

അതേസമയം ഐഫോൺ 15 സീരിസിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ,  ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ വാങ്ങാൻ താല്പര്യമുള്ള ഇന്ത്യക്കാർക്ക് ലോഞ്ച് ഓഫറുകൾക്കൊപ്പം കുറഞ്ഞ വിലയിൽ ഇവയിലേതെങ്കിലും സ്വന്തമാക്കാനാകും. നിലവിൽ പ്രീ ഓർഡർ വിൻഡോ ഓപ്പണാണ്. സെപ്‌റ്റംബർ 22-ന് ഔദ്യോഗികമായി ഫോണിന്റെ വിൽപ്പന നടക്കും. പുതിയ ഐഫോണുകളുടെ വിലയും ഡിസ്‌കൗണ്ട് ലോഞ്ച് ഓഫറുകളും വിൽപ്പനയ്‌ക്കും പ്രീ-ഓർഡർ ഇവന്റിനും മുമ്പ് ശ്രദ്ധിക്കണം. 

ബേസിക്ക് 128 ജിബിയുള്ള ഐഫോൺ 15 ന് 79,900 രൂപയും 256 ജിബി മോഡൽ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില.128 ജിബിയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയും ഈടാക്കും. ഈ  ഐഫോണിന്റെ 512 ജിബി മോഡലുമുണ്ട്. ഇത് 1,19,900 രൂപയ്ക്കാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും 256 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില. 

ആളുകൾക്ക് 512 ജിബി മോഡൽ 1,64,900 രൂപയ്ക്കും 1 ടിബി വേരിയന്റ് 1,84,900 രൂപയ്ക്കും വാങ്ങാനാകും. ആപ്പിളിന്റെ  പ്രീമിയം ഐഫോണായ ഐഫോൺ 15 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന് 1,59,900 രൂപയാണ് നിലവിലെ വില. 512 ജിബി വേരിയന്റിന് 1,79,900 രൂപയും 1 ടിബി മോഡലിന് 1,99,900 രൂപയുമാണ് പറയുന്നത്.

ഫ്ലിപ്കാർട്ടില്‍ നിന്ന് ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് വാങ്ങുന്നവർക്ക് 5,000 രൂപയുടെ ഓഫറും ലഭിക്കും. എച്ച്‌ഡിഎഫ്‌സി ഡെബിറ്റ് കാർഡ് ഉള്ള ആളുകൾ ഇഎംഐ ഇടപാടുകൾ വഴിയാണ് ഫോൺ തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ ഓഫർ ആസ്വദിക്കാനാകും. ഐഫോൺ 15 പ്രോയ്ക്കും ഐഫോൺ 15 പ്രോ മാക്സിനും ഫ്ലിപ്കാർട്ടിന്റെ ഓഫറുകൾ ലഭ്യമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!