പൊടിപൊടിക്കുന്ന പൂരമായി ഫെസ്റ്റിവല്‍ സെയില്‍; ഫോണുകള്‍ വിറ്റ് ആമസോണും ഫ്ലിപ്‌കാര്‍ട്ടും എത്ര കൊയ്തു?

By Web TeamFirst Published Oct 11, 2024, 10:27 AM IST
Highlights

ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്ലിപ്‌കാര്‍ട്ടും വഴി വിറ്റഴിഞ്ഞ സ്മാര്‍ട്ട്ഫോണുകളുടെ കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: രാജ്യത്ത് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ ഫെസ്റ്റിവല്‍ വില്‍പന പൊടിപൊടിക്കുകയാണ്. ആമസോണും ഫ്ലിപ്‌കാര്‍ട്ടും വമ്പിച്ച ഓഫറുകളുമായാണ് ആളുകളെ പിടിക്കാന്‍ മത്സരിച്ചത്. ആദ്യമായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം സ്മാര്‍ട്ട്ഫോണ്‍ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 ശതമാനത്തിന്‍റെ വളര്‍ച്ച പണത്തൂക്കത്തില്‍ ഇതുവരെ രേഖപ്പെടുത്തി. എന്നാല്‍ വിറ്റഴിഞ്ഞ ഫോണുകളുടെ എണ്ണത്തില്‍ ഇക്കുറി കുറവുണ്ട്. 

ഫ്ലിപ്‌കാര്‍ട്ട്, ആമസോണ്‍ എന്നിങ്ങനെയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലായി 8 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് സ്മാര്‍ട്ട്ഫോണ്‍ വില്‍പനയുടെ ആകെ സാമ്പത്തിക കണക്കില്‍ ഫെസ്റ്റിവല്‍ സീസണിന്‍റെ ആദ്യഘട്ടത്തിലുണ്ടായത്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 7 വരെയുള്ള കാലയളവിലെ കണക്കുകളാണ് കൗണ്ടര്‍പോയിന്‍റ് പുറത്തുവിട്ടിരിക്കുന്നത് എന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 27,000 കോടി രൂപയുടെ ഫോണുകള്‍ വിറ്റഴിഞ്ഞു. ശരാശരി വില്‍പന വിലയിലെ ഉയര്‍ച്ചയാണ് ഇതിന് കാരണം. പ്രീമിയം ഫോണുകളിലേക്ക് കൂടുതല്‍ ആളുകള്‍ താല്‍പര്യം കാണിച്ചുവെന്നതും തുക ഉയരാന്‍ ഇടയാക്കി. എന്നാല്‍ വിറ്റഴിഞ്ഞ ഫോണുകളുടെ എണ്ണം ഒരു കോടി 30 ലക്ഷമാണ്. മൂന്ന് ശതമാനത്തിന്‍റെ ഇടിവ് ഫോണുകളുടെ എണ്ണത്തിലുണ്ടായി. 

Latest Videos

ഇന്ത്യയിലെ സ്‌മാര്‍ട്ട്ഫോണ്‍ വില്‍പന രംഗത്ത് നിര്‍ണായകമാണ് ഫെസ്റ്റിവല്‍ സീസണ്‍. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളുടെ വാര്‍ഷിക വില്‍പനയുടെ 20-25 ശതമാനം ഫെസ്റ്റിവല്‍ സീസണ്‍ വഹിക്കുന്നു. ഇക്കാലയളവില്‍ വിറ്റഴിഞ്ഞ ഫോണുകളില്‍ 70 ശതമാനവും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ്. ഐഫോണ്‍ 13, സാംസങ് എസ്23 അള്‍ട്ര, സാംസങ് ഗ്യാലക്സി എസ്24, സാംസങ് ഗ്യാലക്സി എസ്24 അള്‍ട്ര, വണ്‍പ്ലസ് 12, വണ്‍പ്ലസ് 12ആര്‍ എന്നിവയുടെ വില്‍പന ആമസോണിന് കരുത്തായി. ദീപാവലി തീരുമ്പോഴേക്ക് മൂന്നര കോടിയിലേറെ സ്മാര്‍ട്ട്ഫോണുകള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴി ഇന്ത്യയില്‍ വിറ്റഴിയും എന്നാണ് കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് പ്രതീക്ഷിക്കുന്നത്. 

Read more: എല്ലാ മൊബൈല്‍ ഫോണുകളും 'മെയ്‌ഡ് ഇന്‍ ഇന്ത്യ'; ഒരുങ്ങുന്നത് അത്യപൂര്‍വ സാഹചര്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!