ഇത്തിരിക്കുഞ്ഞന്‍ മോതിരത്തില്‍ ഇത്രയധികം സംവിധാനങ്ങളോ! സാംസങ് ഗ്യാലക്‌സി റിങിന്‍റെ വിലയും ഫീച്ചറുകളും വിശദമായി
പാരിസ്: സാംസങ് ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് 2024ന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഗ്യാലക്‌സി റിങ്. ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും ആര്‍ത്തവചക്രവും അറിയാന്‍ കഴിയുന്ന ഈ സ്‌മാര്‍ട്ട്‌മോതിരത്തിന്‍റെ പ്രത്യേകതകള്‍ വിശദമായി നോക്കാം.
ദിവസം മുഴുവനും ധരിക്കാനാവുന്ന, ഭാരം കുറഞ്ഞ സ്‌മാര്‍ട്ട് മോതിരമാണ് സാംസങ് ഗ്യാലക്‌സി റിങ്. 2.3 മുതല്‍ 3.0 ഗ്രാം വരെ മാത്രമാണ് ഭാരം. മൂന്ന് സ്ക്രാച്ച് റെസിസ്റ്റന്‍റ് ഫിനിഷുകളില്‍ ടൈറ്റാനിയത്തിലാണ് നിര്‍മാണം. ആരോഗ്യനിരീക്ഷണത്തിനായി മൂന്ന് സെന്‍സറുകളാണ് റിങിലുള്ളത്. ഇതിലെ ബയോആക്‌റ്റീവ് സെന്‍സര്‍ നിങ്ങളുടെ ഹൃദയമിടിപ്പ് അളക്കും. ആസ്സെലെറോമീറ്റര്‍ നടത്തം, ഓട്ടം എന്നിവ അളക്കാനായുള്ളതാണ്. ഇന്‍ഫ്രാറെഡ് ടെംപറേച്ചര്‍ സെന്‍സര്‍ നിങ്ങള്‍ ഉറങ്ങുമ്പോഴും തൊലിപ്പുറത്തെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തും. ഗ്യാലക്‌സി റിങ് രേഖപ്പെടുത്തുന്ന ഓരോ വിവരങ്ങളും നിങ്ങള്‍ക്ക് സ്‌മാര്‍ട്ട്‌ഫോണില്‍ കാണാം. സാംസങ് ഹെല്‍ത്ത് ആപ്പില്‍ ഹൃദയമിടിപ്പ് അടക്കമുള്ള ഓരോ നോട്ടിഫിക്കേഷനും ലഭിച്ചുകൊണ്ടിരിക്കും.
ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും വിലയിരുത്തി ഗ്യാലക്‌സി എഐയുടെ സഹായത്തോടെ വിശകലനങ്ങള്‍ അറിയാനും സംവിധാനമാണ് റിങിന്‍റെ മറ്റൊരു സവിശേഷത. ഗ്യാലക്‌സി എഐ നിങ്ങളുടെ ഉറക്കത്തിന് നല്‍കുന്ന സ്കോര്‍ മനസിലാക്കി ഓരോ ദിവസവും ഉറക്കമുണരാം. ഉറക്കസമയവും സ്ഥിരതയുമെല്ലാം മനസിലാക്കാന്‍ റിങ് ഉപകരിക്കും. വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവ്, ആർത്തവചക്രം ട്രാക്ക് ചെയ്യാനാകുന്നത്, 8 എംബി മെമ്മറി എന്നിവയും ഗ്യാലക്‌സി റിങിന്‍റെ സവിശേഷതകളാണ്. ഒറ്റ ചാര്‍ജിംഗില്‍ 7 ദിവസം ഗ്യാലക്‌സി റിങ് ഉപയോഗിക്കാനാകും എന്നാണ് സാംസങിന്‍റെ അവകാശവാദം. 9 സൈസുകളില്‍ റിങ് ലഭ്യമാണ്. മൂന്ന് നിറങ്ങളിലാണ് റിങ് വിപണിയിലേക്ക് എത്തുന്നത്.
റിങ് എവിടെയെങ്കിലും വച്ച് മറന്നുപോകുമെന്ന പേടി വേണ്ട. റിങ് കണ്ടെത്താന്‍ സാംസങ് ഫൈന്‍ഡിലൂടെ കഴിയും. ആന്‍ഡ്രോയ്‌ഡ് 11ഓ അതിന് മുകളിലുള്ളതോ ആയ, കുറഞ്ഞത് 1.5 ജിബി മെമ്മറിയുള്ള ഗ്യാലക്‌സി ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ ഗ്യാലക്‌സി റിങ് കണക്ട് ചെയ്യാം. ഇന്ത്യന്‍ രൂപ 34000 ആയിരിക്കും സാംസങ് ഗ്യാലക്‌സി റിങിന്‍റെ വില. ഇപ്പോള്‍ പ്രാ-ഓര്‍ഡര്‍ ലഭ്യമാണെങ്കിലും ജൂലൈ 24 മുതലാണ് റിങ് ലഭ്യമാവുക.
Read more: എത്തി ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6, സെഡ് ഫ്ലിപ് 6; ഇന്ത്യയിലെ വിലയും ഫീച്ചറുകളും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം