ആപ്പിളും തിരിച്ചറിഞ്ഞു, ഇനി പഴയപോലെ പറ്റില്ല; ഐഫോണ്‍ 16 സിരീസില്‍ ആ സര്‍പ്രൈസ് വരും

By Web Team  |  First Published Jul 12, 2024, 11:30 AM IST

അതിവേഗ ചാര്‍ജിംഗ് ഉറപ്പുനല്‍കുന്ന ഫോണുകളുടെ കിടമത്സരത്തിലേക്ക് അമേരിക്കന്‍ ബ്രാന്‍ഡായ ആപ്പിളും ഇറങ്ങുകയാണ്


കാലിഫോര്‍ണിയ: ആപ്പിളിന്‍റെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ക്കായി കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍. ഐഫോണ്‍ 16 സിരീസിലെ മോഡലുകള്‍ പുറത്തുവരും മുമ്പ് ലീക്കായ ഒരു വിവരം ഉപഭോക്താക്കളെ ഏറെ സന്തോഷിപ്പിക്കും. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയില്‍ മുമ്പത്തേ മോഡലുകളേക്കാള്‍ ഏറെ വേഗത്തിലുള്ള ചാര്‍ജിംഗ് സംവിധാനം വരുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 

അതിവേഗ ചാര്‍ജിംഗ് ഉറപ്പുനല്‍കുന്ന ഫോണുകളുടെ കിടമത്സരത്തിലേക്ക് അമേരിക്കന്‍ ബ്രാന്‍ഡായ ആപ്പിളും ഇറങ്ങുകയാണ്. വരാനിരിക്കുന്ന ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയില്‍ വേഗം ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പുതിയ മോഡലുകളില്‍ 40 വാട്ട്‌സിന്‍റെ വയേര്‍സ് ചാര്‍ജറും 20 വാട്ട്‌സിന്‍റെ മെഗാസേഫ് വയര്‍ലസ് ചാര്‍ജിംഗും പ്രതീക്ഷിക്കാം. ഐഫോണിന്‍റെ മുന്‍ മോഡലുകളില്‍ നിന്നുള്ള വലിയ അപ്‌ഡേഷനാണിത്. ഐഫോണിന്‍റെ നിലവിലെ 15 പ്രോ, 15 പ്രോ മാക്‌സ് മോഡലുകളില്‍ 27 വാട്ട്‌സിന്‍റെ വയേര്‍ഡ് ചാര്‍ജറും 15 വാട്ട്‌സിന്‍റെ മെഗാസേഫ് വയര്‍ലസ് ചാര്‍ജിംഗ് സംവിധാനവുമാണുള്ളത്. പുറത്തുവന്നിരിക്കുന്ന അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ വയേര്‍ഡ് ചാര്‍ജിംഗില്‍ 50 ശതമാനത്തോളവും വയര്‍ലസ് ചാര്‍ജിംഗില്‍ 33 ശതമാനവും അധിക വേഗതയുണ്ടാകും. 

Latest Videos

undefined

ഐഫോണുകള്‍ ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ആപ്പിള്‍ എന്നാണ് സൂചന. ഇതോടെ ഐഫോണിന്‍റെ വരാനിരിക്കുന്ന പുതിയ മോഡലുകളില്‍ കൂടുതല്‍ വലിയ ബാറ്ററിക്ക് സാധ്യതയുണ്ട്. ഐഫോണ്‍ 16 മോഡലുകളില്‍ കൂടുതല്‍ ബാറ്ററി കപ്പാസിറ്റിയും ബാറ്ററി ലൈഫ്‌സ്പാനും പ്രതീക്ഷിക്കാമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആപ്പിള്‍ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഐഫോണ്‍ 16 സിരീസ് സെപ്റ്റംബര്‍ മാസം അവതരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Read more: ഒരു വര്‍ഷത്തിലധികം വാലിഡിറ്റി; കിട്ടിയ ചാന്‍സില്‍ ആളെ പിടിക്കാന്‍ ബിഎസ്എന്‍എല്ലിന്‍റെ വമ്പന്‍ പ്ലാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!