ലോകം കീഴടക്കാന്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16, ചരിത്ര സംഭവം; ദിവസങ്ങള്‍ക്കകം ആഗോള വിപണിയിലെത്തും

By Web Team  |  First Published Sep 9, 2024, 3:09 PM IST

ഇന്നാണ് ഐഫോണ്‍ 16 സിരീസ് ആഗോളതലത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്നത്


ചെന്നൈ: ലോകവിപണിയില്‍ താരമാകാന്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16 മോഡലുകളും. ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16 സ്‌മാര്‍ട്ട്ഫോണുകള്‍ സിരീസിന്‍റെ ആഗോള വില്‍പന ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലോക വിപണിയില്‍ ലഭ്യമാകും എന്ന് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്നാണ് ഐഫോണ്‍ 16 സിരീസ് ആഗോളതലത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്നത്. 10-12 ദിവസങ്ങള്‍ക്കുള്ള ഫോണ്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും എന്നാണ് പ്രതീക്ഷ. ആഗോള വില്‍പന തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16 മോഡലുകളും ലോകവിപണിയില്‍ എത്തും. ഇതാദ്യമായായിരിക്കും ആഗോള വില്‍പന ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ വിദേശ വിപണിയില്‍ ലഭ്യമാകുന്നത്. 

Latest Videos

undefined

നാല് വര്‍ഷം മുമ്പാണ് ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചത്. എന്നാല്‍ ബേസ് മോഡലുകളായിരുന്നു ആദ്യം ഇന്ത്യയില്‍ നിര്‍മിച്ചിരുന്നത്. 2021ല്‍ ഐഫോണ്‍ 13 ലോഞ്ച് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ നിര്‍മിത ഫോണ്‍ വിപണിയിലെത്തിയത്. ആദ്യമായി ഐഫോണിന്‍റെ പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ (ഐഫോണ്‍ 16 പ്രോ മോഡലുകള്‍) ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണിപ്പോള്‍. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് പ്രധാനമായും ഇവയുടെ നിര്‍മാണം. ഇതിന് പുറമെ പെഗട്രോണ്‍, ടാറ്റ എന്നിവയും ഐഫോണ്‍ അസെംബിളിംഗില്‍ ആപ്പിളിന്‍റെ സഹായികളാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണ്‍ 16 സിരീസിന് വിലക്കുറവുണ്ടാകും എന്ന് സൂചനകളുണ്ടെങ്കിലും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. 

ഐഫോണുകളുടെ 14 ശതമാനം പ്രൊഡക്ഷനാണ് നിലവില്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇത് ലോക വിപണിയില്‍ ഇന്ത്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. 2025 ഓടെ 25 ശതമാനം ഐഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യക്ക് പുറമെ ചൈനയാണ് ഐഫോണുകള്‍ അസെംബിള്‍ ചെയ്യുന്ന ഇടം. 

Read more: വിലയറിയാതെ ഇരുത്തം വരുന്നില്ലേ... ഇതാ ഐഫോണ്‍ 16 മോഡലുകളുടെ വില സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!