ഫ്രോഡ് കോളുകള്‍ക്ക് തടയിടാന്‍ എഐ സാങ്കേതികവിദ്യ പിക്‌സല്‍ ഫോണുകളില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നു
ഉപഭോക്താക്കൾ മുഖ്യമെന്ന പോളിസിയുമായി ഗൂഗിൾ പിക്സൽ. പിക്സലിന്‍റെ 6, 7, 9 സിരീസ് ഫോണുകളിലാണ് ഉപഭോക്തൃ സുരക്ഷ മുൻനിർത്തി സ്‌കാം ഡിറ്റക്ഷൻ സിസ്റ്റമെന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. തട്ടിപ്പ് കോളുകൾ തിരിച്ചറിയുന്നതിനും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുമായി ഫോൺ ആപ്പ് ഇപ്പോൾ ഒരു തത്സമയ സ്‌കാം ഡിറ്റക്ഷൻ സിസ്റ്റം സംയോജിപ്പിച്ചിട്ടുണ്ട്.
ഗൂഗിളിന്‍റെ നൂതന എഐ, മെഷീൻ ലേണിങ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഇൻകമിംഗ് കോളുകൾ തത്സമയം വിശകലനം ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കും. കോളർ ഐഡി, ഫോൺ നമ്പർ പാറ്റേണുകൾ, കോളിന്‍റെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ സംശയാസ്പദമായ കോളുകൾ കൃത്യമായി കണ്ടെത്താനും ഫ്ലാഗ് ചെയ്യാനും ഈ ഫീച്ചറിനാകുമെന്ന പ്രത്യേകതയുമുണ്ട്.
undefined
ഫ്രോഡ് കോളാണ് വരുന്നതെന്ന് തിരിച്ചറിഞ്ഞാൽ ഉപയോക്താക്കളുടെ ഫോണിൽ മുന്നറിയിപ്പെത്തും. ഇതുവഴി വിവേകമുള്ള തീരുമാനമെടുക്കാനും തട്ടിപ്പിൽ നിന്ന് രക്ഷ നേടാനുമാകും. തട്ടിപ്പ് കണ്ടെത്താനുള്ള ഫീച്ചർ ഡിഫോൾട്ടായി ഓഫാണ്, ഭാവി കോളുകൾക്കായി ഇത് സജീവമാക്കണോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം എന്നാണ് ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത്.
'ഏത് സമയത്തും എല്ലാ കോളുകൾക്ക് വേണ്ടിയും ഫോൺ ആപ്പ് സെറ്റിങ്‌സില്‍ ഈ ഫീച്ചർ ഓഫാക്കിയിടാം. അല്ലെങ്കിൽ ഒരു പ്രത്യേക കോളിനിടയിലും ഉപഭോക്താക്കൾക്ക് ഇത് ഓഫാക്കാനാകും. എഐ കണ്ടെത്തൽ മോഡലും അതിന്‍റെ പ്രോസസ്സിംഗും പൂർണ്ണമായും ഫോണിലാണ് ക്രമികരിച്ചിരിക്കുന്നത്. സംഭാഷണങ്ങളുടെ ഓഡിയോയോ ട്രാൻസ്‌ക്രിപ്ഷനോ ഫോണിൽ സ്റ്റോർ ചെയ്യുകയോ ഗൂഗിൾ സെർവറുകളിലേക്കോ മറ്റെവിടെയെങ്കിലുമോ അയയ്‌ക്കുകയോ കോളിന് ശേഷം വീണ്ടെടുക്കുകയോ ചെയ്യില്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
പിക്സൽ 9 ഉപകരണങ്ങളിൽ ജെമിനി നാനോയാണ് സ്‌കാം ഡിറ്റക്ഷൻ നൽകുന്നത്. പിക്സൽ 6, 7, 8a ഉപയോക്താക്കളെ സംബന്ധിച്ച് ഈ ഫീച്ചർ മറ്റ് വിപുലമായ ഗൂഗിൾ ഓൺ-ഡിവൈസ് മെഷീൻ ലേണിംഗ് മോഡലുകൾക്കനുസരിച്ചാണുള്ളത്.
Read more: വിവാഹ ക്ഷണക്കത്തിന്‍റെ രൂപത്തില്‍ ആ ഫയല്‍ വാട്‌സ്ആപ്പില്‍ വന്നാല്‍ ക്ലിക്ക് ചെയ്യല്ലേ- മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം