ഓഫറുകള്‍ ലഭ്യമായ സ്മാര്‍ട്ട് ഫോണുകളുടെ പലതിന്റെയും വിലയുടെ അവസാന അക്കങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
ഫ്ലിപ്പ്കാര്‍ട്ടിന്റെ വാര്‍ഷിക ഷോപ്പിങ് ഉത്സവമായ ബിഗ് ബില്യന്‍ ഡേയുടെ തീയ്യതികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂവെങ്കിലും വരാനിരിക്കുന്ന ഷോപ്പിങ് മാമാങ്കത്തിന്റെ 'ടീസര്‍' പുറത്തുവിട്ടിരിക്കുകയാണ് ഇ-കൊമേഴ്സ് ഭീമന്‍. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലും ഇതോടൊപ്പം തന്നെ എത്തുമ്പോള്‍ വലിയ ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങാന്‍ പോകുന്നവര്‍ അല്‍പമൊന്ന് കാത്തിരുന്നാല്‍ വലിയ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചേക്കുമെന്ന് കാണിക്കുന്ന പരസ്യ പേജുകള്‍ ഫ്ലിപ്പ്‍കാര്‍ട്ടിന്റെയും ആമസോണിന്റെയും വെബ്‍സൈറ്റുകളില്‍ ഇതിനോടകം സജീവമായിക്കഴിഞ്ഞു.
ഒക്ടോബര്‍ പത്താം തീയ്യതിയോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡേയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കാന്‍ പോകുന്ന ഓഫറുകളില്‍ ചിലത് ഇപ്പോള്‍ തന്നെ വെബ്‍സൈറ്റിലൂടെ കമ്പനി പരസ്യമാക്കിയിട്ടുണ്ട്. പലതിന്റെയും ഓഫര്‍ വില കൃത്യമായി നല്‍കിയിട്ടില്ലെങ്കിലും ഏതൊക്കെ ഫോണുകള്‍ക്കാകും വലിയ വിലക്കുറവ് ഉണ്ടാവുകയെന്ന് കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു.
undefined
ബിഗ് ബില്യന്‍ ഡേയ്ക്ക് വേണ്ടി ഫ്ലിപ്പ്കാര്‍ട്ട് പുറത്തിറക്കിയ മൈക്രോ വൈബ്‍സൈറ്റിലാണ് സ്മാര്‍ട്ട് ഫോണുകളുടെ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. പലതിന്റെയും വിലയുടെ അവസാന സംഖ്യകള്‍ മാത്രമേ ഇപ്പോള്‍ സൈറ്റില്‍ നല്‍കിയിട്ടുള്ളൂ. അതേസമയം ഇതിനോടകം തന്നെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്ന ഫോണുകളുമുണ്ട്. നത്തിങ് ഫോണ്‍ 1, സാംസങ് ഗ്യാലക്സി ഇസഡ് ഫോള്‍ഡ് 5, ഗ്യാലക്സി ഇസഡ് ഫ്ലിപ്പ് 5, ഗൂഗിള്‍ പിക്സല്‍ 7, ഒപ്പോ റെനോ 10 പ്രോ 5ജി തുടങ്ങിയവ വിലക്കുറവില്‍ ലഭിക്കും. ഇതിന് പുറമെ സാംസങ് ഗ്യാലക്സി എഫ് 13, മോട്ടോ ജി32, വിവോ വി29ഇ, പോകോ എം5, റിയല്‍മി 11എക്സ് 5ജി, ഇന്‍ഫിനിക്സ് ഹോട്ട് 30 5ജി, റെഡ്മി നോട്ട് 12, റിയല്‍മി 10 പ്രോ 5ജി, മോട്ടോ ജി13 എന്നിവ സാധാരണ വിലയില്‍ നിന്നും കുറവില്‍ ലഭിക്കും.
വിലക്കുറവുകള്‍ക്ക് പുറമെ ബിഗ് ബില്യന്‍ ഡേ സമയത്ത് ആദ്യമായി പുറത്തിറങ്ങുന്ന ഫോണുകളുടെ വിവരങ്ങളും കമ്പനി നല്‍കിയിട്ടുണ്ട്. മോട്ടോറോള എഡ്ജ് 40 നിയോ, വിവോ റ്റി2 പ്രോ 5ജി, വിവോ വി29, സാസംങ് ഗ്യാലക്സി എഫ് 34 5ജി തുടങ്ങിയ മോഡലുകളാണ് വ്യാപാര മേളയുടെ സമയത്ത് വിപണിയിലെത്തുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമെ ലാപ്‍ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും ഡിസ്കൗണ്ട് വിലകള്‍ വെബ്‍സൈറ്റില്‍ ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്. വിലക്കുറവിന് പുറമെ എക്സ്ചേഞ്ച് സൗകര്യവും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകളും മറ്റ് അനേകം ആനുകൂല്യങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...