അവിടെ വെറും 4 ദിവസം ജോലി ചെയ്‌താല്‍ ഐഫോണ്‍ 16 വാങ്ങാം, ഇന്ത്യയിലോ? പെടാപ്പാട് പെടുമെന്ന് കണക്കുകള്‍

By Web Team  |  First Published Sep 22, 2024, 11:33 AM IST

ഹമ്മോ, ഇന്ത്യയിലൊരാള്‍ ഐഫോണ്‍ 16 വാങ്ങണമെങ്കില്‍ ശരാശരി ഒന്നരമാസം ജോലി ചെയ്യണം!


ദില്ലി: വില എത്ര കൂടുതലാണെന്ന് പറഞ്ഞാലും ആപ്പിളിന്‍റെ ഐഫോണുകള്‍ക്ക് ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെ ലോകത്തെങ്ങുമുണ്ട്. ഇന്ത്യയിലും ഐഫോണ്‍ പ്രേമികള്‍ ഏറെയുണ്ടെങ്കിലും വാങ്ങുക അത്ര എളുപ്പമല്ല. നമ്മുടെ പോക്കറ്റിലെ പണത്തിന് യോജിച്ച സ്മാര്‍ട്ട്ഫോണല്ല ഐഫോണ്‍ എന്നതാണ് കാരണം. ഐഫോണ്‍ 16 സിരീസ് ഇറങ്ങിയ ദിനം വലിയ ക്യൂ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ കണ്ടെങ്കിലും ഇന്ത്യക്കാര്‍ ഭൂരിഭാഗത്തിനും ഈ മോഡലുകള്‍ വാങ്ങുക അത്രയെളുപ്പമല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഓരോ രാജ്യത്തും എത്ര ദിവസം വീതം പണിയെടുത്താന്‍ ഐഫോണ്‍ വാങ്ങാനാകും എന്ന് പറയുന്ന ഒരു പഠനമുണ്ട്. മൂന്ന് മാസം ജോലി ചെയ്‌താല്‍ കിട്ടുന്ന പണം കൊണ്ട് മാത്രം ഐഫോണ്‍ 16 വാങ്ങാന്‍ കഴിവുള്ളവര്‍ ലോകത്തുണ്ട്. അതേസമയം വെറും 4 ദിവസം പണിയെടുത്താല്‍ ഐഫോണ്‍ 16 വാങ്ങാന്‍ കഴിയുന്നവരുമുണ്ട് എന്ന് 'ഐഫോണ്‍ ഇന്‍ഡെക്‌സ്' വ്യക്തമാക്കുന്നു. ഐഫോണ്‍ 16 പ്രോയുടെ 128 ജിബി വേരിയന്‍റിന്‍റെ വിലയും ഓരോ രാജ്യത്തെയും വേതനവും അടിസ്ഥാനപ്പെടുത്തിയാണ് ഐഫോണ്‍ ഇന്‍ഡെക്‌സ് കണക്കാക്കുന്നത്. 

Latest Videos

undefined

ഐഫോണ്‍ ഇന്‍ഡെക്‌സ് പ്രകാരം സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ക്ക് വെറും 4 ദിവസം ജോലി ചെയ്‌താല്‍ ആ വരുമാനം കൊണ്ട് ഐഫോണ്‍ 16 വാങ്ങാനാവുന്നതേയുള്ളൂ. അമേരിക്കയിലാവട്ടെ 5.1 ദിവസം ജോലി ചെയ്‌താല്‍ ഈ ഫോണ്‍ വാങ്ങാം. 5.7 ദിവസവുമായി ഓസ്ട്രേലിയയും സിംഗപ്പൂരുമാണ് തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. ലക്സംബർഗ്ഗ്, ഡെന്‍മാര്‍ക്ക്, യുഎഇ, കാനഡ, നോര്‍വെ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ജര്‍മനി, യുകെ, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ്, പ്യൂട്ടോ റിക്ക, ദക്ഷിണ കൊറിയ, സ്വീഡന്‍, ഫ്രാന്‍സ്, ഓസ്ട്രിയ എന്നിവിടങ്ങളിലും ഐഫോണ്‍ 16 വാങ്ങാന്‍ ശരാശരി 10ല്‍ താഴെ ദിവസത്തെ വരുമാനം മതി. 

എന്നാല്‍ ഇന്ത്യയിലാവട്ടെ പുതിയ ഐഫോണ്‍ 16 ഒരാള്‍ക്ക് വാങ്ങണമെങ്കില്‍ 47.6 ദിവസം പണിയെടുക്കണം. ബ്രസീലില്‍ എത്തുമ്പോള്‍ 68.6 ഉം ഫിലിപ്പീന്‍സില്‍ 68.8 ഉം തുര്‍ക്കിയില്‍ 72.9 ഉം ദിവസമായി ഈ കണക്ക് നീളും. ചൈനയില്‍ ഐഫോണ്‍ 16 വാങ്ങാനുള്ള പണം സമ്പാദിക്കണമെങ്കില്‍ ഒരാള്‍ ശരാശരി 24.7 ദിവസം ജോലി ചെയ്യണം. ഇന്ത്യയില്‍ ഐഫോണ്‍ 16 മോഡല്‍ 79,900 ഉം, ഐഫോണ്‍ 16 പ്ലസ് 89,900 ഉം, ഐഫോണ്‍ 16 പ്രോ 119,900 ഉം, ഐഫോണ്‍ 16 പ്രോ മാക്‌സ് 144,900 രൂപയിലുമാണ് ആരംഭിക്കുന്നത്. 

Read more: ഐഫോണ്‍ 16 പ്രോ മാക്‌സ് പ്രതീക്ഷ കാത്തോ? ആദ്യ പ്രതികരണം- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!