ഐഫോണ്‍ 17 പ്രോ മാക്സ് ഇപ്പോഴേ കൊതിപ്പിച്ച് കൊല്ലും, 12 ജിബി റാം, പുതിയ ചിപ്പ്

By Web TeamFirst Published Oct 17, 2024, 11:11 AM IST
Highlights

12 ജിബി റാമും പുതിയ കരുത്തുറ്റ ചിപ്പുമുള്ള ഐഫോണുകള്‍ ഇറക്കാന്‍ ആപ്പിള്‍, ഐഫോണ്‍ 17 സിരീസിന് ഇപ്പോഴേ ആകാംക്ഷ 

കാലിഫോർണിയ: ആപ്പിള്‍ കമ്പനി ഐഫോണുകളുടെ റാം വർധിപ്പിക്കാനൊരുങ്ങുന്നതായി സൂചന. അടുത്ത വർഷം പുറത്തിറങ്ങുന്ന ഐഫോണ്‍ 17 സിരീസില്‍ 12 ജിബി റാം ഉള്‍പ്പെടുത്തും എന്നാണ് റിപ്പോർട്ട്. 

ഇക്കഴിഞ്ഞ മോഡലുകളില്‍ 6 ജിബി, 8 ജിബി റാമുകളാണ് ഐഫോണ്‍ നല്‍കിയിരുന്നത്. 12 ജിബി റാം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ആപ്പിള്‍ തയ്യാറെടുക്കുകയാണ്. 2025ല്‍ വരാനിരിക്കുന്ന ഐഫോണ്‍ 17 പ്രോ മാക്സ് മോഡലിലാവും ഇതാദ്യം എത്തുകയെന്ന് പ്രമുഖ ഇന്‍ഡസ്ട്രി അനലിസ്റ്റായ മിങ്-ചി ക്യൂ വിവരങ്ങള്‍ പുറത്തുവിട്ടു. ആദ്യമായാണ് ആപ്പിളിന്‍റെ ഐഫോണുകള്‍ 12 ജിബി റാമിലേക്ക് എത്തുന്നത്. എന്നാല്‍ ഐഫോണ്‍ 17 പ്രോ മാക്സിനും 256 ജിബി സ്റ്റോറേജ് വേരിയിന്‍റുണ്ടാകും. ഡിസ്പ്ലെയുടെ വലിപ്പം 6.62 ആയിരിക്കും എന്നും റിപ്പോട്ടുകള്‍ പറയുന്നു. 

Latest Videos

ഐഫോണ്‍ 17 സിരീസില്‍ കൂടുതല്‍ കരുത്തുറ്റ ചിപ്പും വരുമെന്ന് മിങ് പറയുന്നു. 2എന്‍എം എ20 പ്രൊസസറാണ് പുതിയ പാക്കിംഗ് രീതിയോടെ ഐഫോണ്‍ 17 മോഡലുകളില്‍ ഉള്‍പ്പെടുക. ആപ്പിളിനായി മള്‍ട്ടി-ചിപ് മൊഡ്യൂള്‍ (എംസിഎം) ടിഎംഎസ്‍സി 2026ഓടെ നിർമിക്കാനും പദ്ധതിയുണ്ട്.  ഇത് ചിപ് നിർമാണ വ്യവസായത്തിലും ഐഫോണ്‍ വിപണിയിലും വലിയ ചലനമുണ്ടാക്കാന്‍ പോകുന്ന വാർത്തയാണ്. അടുത്ത വർഷത്തെ ഐഫോണ്‍ 17 സിരീസിനായി കാത്തിരിക്കുക ക്ഷമ നശിക്കുന്നതാവും എന്ന് വ്യക്തം. 

എഐ, മെച്ചപ്പെട്ട ക്യാമറ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ക്കും മള്‍ട്ടിടാസ്കിംഗിനുമായി കൂടുതല്‍ റാമും മെച്ചപ്പെട്ട ചിപ്സെറ്റും സ്മാർട്ട്ഫോണുകളില്‍ ആവശ്യമാണ്. ഇതാണ് ആപ്പിളിനെയും ഐഫോണുകളില്‍ 12 ജിബി റാമും പുത്തന്‍ ചിപ്പുകളും കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്ന ഘടകം. മറ്റ് പല സ്മാർട്ട്ഫോണ്‍ കമ്പനികളും 12 ജിബി റാം ഹാന്‍ഡ്‍സെറ്റുകളില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Read more: അമ്പമ്പോ! സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള പടുകൂറ്റന്‍ ഛിന്ന​ഗ്രഹം ഭൂമിക്കരികിലേക്ക്- മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!