ഐഫോണ്‍ 16 പുറത്തിറങ്ങിയതോടെ പഴയ മൂന്ന് സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ അവസാനിപ്പിച്ച് ആപ്പിള്‍
കാലിഫോര്‍ണിയ: ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9ന് ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് പുറത്തിറക്കിയിരുന്നു. ഐഫോണ്‍ 16 സിരീസില്‍പ്പെട്ട ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് അന്നേദിനം ആപ്പിള്‍ പുറത്തിറക്കിയത്. പുത്തന്‍ മോഡലുകള്‍ വന്നതോടെ പഴയ സിരീസില്‍പ്പെട്ട ചില ഫോണുകള്‍ ആപ്പിള്‍ പിന്‍വലിച്ചിരിക്കുകയാണ്.
ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതോടെ ആപ്പിള്‍ മൂന്ന് പഴയ സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളാണ് പിന്‍വലിച്ചത്. 2023 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയ്ക്കൊപ്പം ഐഫോണ്‍ 13 ഉം ആണ് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നത്. എന്നാല്‍ സ്റ്റോക്ക് തീരും വരെ ഈ ഫോണ്‍ ആപ്പിളിന്‍റെ റീടെയ്‌ലര്‍മാരില്‍ നിന്നും ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വാങ്ങാനാകും. ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭ്യമായിരുന്ന മോഡലുകളായിരുന്നു ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്‌സും. മുമ്പ് ഈ രണ്ട് മോഡലുകളില്‍ മാത്രമായിരുന്നു ആപ്പിള്‍ ഇന്‍റലിജന്‍സ് മുമ്പ് ലഭ്യമായിരുന്നത്.
undefined
Read more: ഇന്ത്യയിൽ ഐഫോൺ 16 മോഡലുകൾക്ക് വിലക്കുറവോ?
2021 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 13 സിരീസില്‍ വിപണിയില്‍ അവശേഷിക്കുന്ന ഏക മോഡലായിരുന്നു സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 13. ഇപ്പോള്‍ ഐഫോണ്‍ 13 ഉം പടിയിറങ്ങിയതോടെ ഐഫോണ്‍ 13 സിരീസ് വിപണിയില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടു.
ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭ്യമാണ്. ഐഫോണ്‍ 16ഉം 16 പ്ലസും എ18 ചിപ്പിലും ഇതിന്‍റെ പ്രോ മോഡലുകള്‍ എ18 പ്രോ പ്രൊസസറിലുള്ളതുമാണ്. മുന്‍ മോഡലുകളില്‍ നിന്ന് പെര്‍ഫോമന്‍സില്‍ വലിയ മുന്നേറ്റം ഈ മോഡലുകള്‍ ഉറപ്പുനല്‍കുന്നു എന്നാണ് ആപ്പിളിന്‍റെ അവകാശവാദം. ക്യാമറയിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതേസമയം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന പരിപാടിയാണ് ആപ്പിള്‍ കാണിക്കുന്നത് എന്ന തരത്തിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം