ഇനി 'മെയ്‌ഡ് ഇന്‍ ഇന്ത്യ' ഐഫോണ്‍ 16 പ്രോ മോഡലുകള്‍; ഇന്ത്യയില്‍ ആദ്യമായി നിര്‍മാണം; വില കുറയുമോ?

By Web Team  |  First Published Aug 20, 2024, 1:11 PM IST

ആപ്പിള്‍ കമ്പനിയുടെ ചരിത്രത്തിലാദ്യം, 'ഐഫോണ്‍ പ്രോ മോഡലുകള്‍' ഇന്ത്യയില്‍ നിര്‍മിക്കുന്നു


ചെന്നൈ: ആപ്പിള്‍ കമ്പനി ചരിത്രത്തിലാദ്യമായി ഐഫോണ്‍ പ്രോ മോഡലുകള്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയില്‍ നിര്‍മിക്കുന്നു. പുതിയ സിരീസിലെ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് ഫ്ലാഗ്‌ഷിപ്പുകളുടെ നിര്‍മാണം ഉടന്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയില്‍ ജോലിക്കാര്‍ക്ക് പരിശീലനം ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണാണ് ആപ്പിളിനായി തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ ഐഫോണ്‍ മോഡലുകള്‍ അസ്സെംബിള്‍ ചെയ്യുന്നത്. 

ആഗോള ലോഞ്ചിന് മുമ്പ് ഐഫോണ്‍ 16 സിരീസ് ഫോണുകളുടെ നിര്‍മാണ വേഗം ആപ്പിള്‍ കൂട്ടിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോളമാണ് തമിഴ്നാട്ടിലെ ഫോക്‌സ്‌കോണ്‍ അസ്സെംബിള്‍ യൂണിറ്റില്‍ ഐഫോണ്‍ 16 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ അസ്സെംബിള്‍ ചെയ്യുന്നതിനെ കുറിച്ച് തൊഴിലാളികള്‍ക്ക് പരിശീലനം തുടങ്ങിയതായി വാര്‍ത്ത പുറത്തുവരുന്നത്. ആപ്പിളിന്‍റെ ഇന്ത്യയിലെ മറ്റ് പങ്കാളികളായ ടാറ്റ ഗ്രൂപ്പും പെഗാട്രോണും സമാനമായി ഐഫോണ്‍ 16 സിരീസ് ഫോണുകളുടെ നിര്‍മാണം ഉടനാരംഭിക്കുമെന്ന് ബ്ലൂംബെര്‍ഗ് വാര്‍ത്തയില്‍ വിശദീകരിക്കുന്നു. 

Latest Videos

ആപ്പിള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐഫോണ്‍ പ്രോ മോഡലുകളുടെ പ്രാദേശിക നിര്‍മാണത്തെ കുറിച്ച് ആലോചിച്ച് വരികയായിരുന്നു. എന്നാല്‍ ചെന്നൈയില്‍ അസ്സെംബിള്‍ ചെയ്യുന്ന ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്ക് ഇറക്കുമതി ചെയ്യുന്ന ഫോണുകളേക്കാള്‍ വില കുറയ്ക്കാന്‍ ആപ്പിള്‍ സാധ്യതയില്ല. സെപ്റ്റംബറിലെ ലോഞ്ചിന് പിന്നാലെ ഐഫോണ്‍ 16 സിരീസിന്‍റെ നിര്‍മാണം ആപ്പിള്‍ വര്‍ധിപ്പിക്കും. വൈറ്റ് ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം. ബ്രോണ്‍സ് മോഡല്‍ എന്നിങ്ങനെ നാല് കളര്‍ വേരിയന്‍റുകളിലായിരിക്കും ഐഫോണ്‍ പ്രോ മോഡലുകള്‍ വിപണിയിലെത്തുക. ആപ്പിളിന്‍റെ ഏറ്റവും വിലയേറിയ പ്രീമിയം ഫോണുകളായിരിക്കും ഐഫോണ്‍ 16 പ്രോ മോഡലുകള്‍. 

സെപ്റ്റംബര്‍ 10നാണ് ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 2025 ആദ്യത്തോടെ ഇന്ത്യയില്‍ എയര്‍പോഡ്‌സ് നിര്‍മാണം ആപ്പിള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

Read more: ഐഫോണ്‍ 15 പ്രോ മാക്‌സ് വെറും 83,515 രൂപയ്‌ക്ക്; ഇതാണാ സുവര്‍ണാവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!