ഐക്കണിക് വാഹന ബ്രാന്‍ഡായ ജീപിന്‍റെ കോംപസ് എസ്‍യുവിക്ക് രണ്ടു വർഷം അധിക വാറന്റി പ്രഖ്യാപിച്ച് യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽ (എഫ് സി എ) ഇന്ത്യ.
ഐക്കണിക് വാഹന ബ്രാന്‍ഡായ ജീപിന്‍റെ കോംപസ് എസ്‍യുവിക്ക് രണ്ടു വർഷം അധിക വാറന്റി പ്രഖ്യാപിച്ച് യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽ (എഫ് സി എ) ഇന്ത്യ. രണ്ടു വർഷം അഥവാ ഒന്നര ലക്ഷം കിലോമീറ്റർ നീളുന്നതാണ് വാറന്‍റി. മൊപാർ എക്സ്റ്റൻഡഡ് വാറന്റി പ്രോഗ്രാം പ്രകാരമുള്ള ഈ ആനുകൂല്യം നിലവിലുള്ള ഉപയോക്താക്കൾക്കടക്കം എല്ലാ ജീപ് കോംപസ് ഉടമസ്ഥർക്കും ലഭ്യമാണെന്നും എഫ് സി എ ഇന്ത്യ അറിയിച്ചു.
ജീപ് കോംപസ് വകഭേദങ്ങളായ സ്പോർട്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ് എന്നിവയ്ക്കെല്ലാം എക്സ്റ്റൻഡഡ് വാറന്റിയുടെ ആനുകൂല്യം ലഭിക്കും. യഥാക്രമം 25,000 രൂപയും 28,000 രൂപയും 32,000 രൂപയുമാണ് ഈ മോഡലുകൾക്കുള്ള എക്സ്റ്റൻഡഡ് വാറന്റി പാക്കേജിന്റെ വില. മേയ് 31 വരെയാണ് ഈ നിരക്കുകൾക്കു പ്രാബല്യത്തിലുണ്ടാകുക.
undefined
നിലവിലുള്ള സമഗ്ര വാറന്റിയുടെ വ്യവസ്ഥകളെല്ലാം ദീർഘിപ്പിച്ച വാറന്റിക്കും ബാധകമാണെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ ജീപ് കോംപസിനൊപ്പം മൂന്നു വർഷക്കാലം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണ് എഫ് സി എ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.
ജീപ് കോംപസിന്റെ ഗുണമേന്മയോടു കിടപിടിക്കുന്ന കാര്യക്ഷമമായ വിൽപ്പനാന്തര സേവനം ലഭ്യമക്കാനാണു ശ്രമിക്കുന്നതെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അഭിപ്രായപ്പെട്ടു. ജീപ് കോംപസിന്റെ ഗുണനിലവാരത്തിൽ കമ്പനിക്കുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണു മൊപാർ വഴിയുള്ള എക്സ്റ്റൻഡഡ് വാറന്റി പ്രോഗ്രാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതു സമയത്തും സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസ് സഹിതം അപ്രതീക്ഷിത അറ്റകുറ്റപ്പണികളാണ് എക്സ്റ്റൻഡഡ് വാറന്റിയിൽ എഫ് സി എ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. വാഹനം തകരാറിലായ സ്ഥലത്തെത്തി പൂർത്തിയാക്കാവുന്ന ചെറുകിട അറ്റകുറ്റപ്പണി, പൈലറ്റ് എറർ, ഇന്ധന — ബാറ്ററി അസിസ്റ്റൻസ്, കീ റിക്കവറി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രേക്ക്ഡൗൺ, അപകടനം, ടാക്സി — ടോവിങ് സൗകര്യം, ഹോട്ടൽ സൗകര്യം, മടക്കയാത്രയ്ക്കുള്ള സംവിധാനം എന്നിവയൊക്കെ ഈ വാറന്റി പാക്കേജിന്റെ ഭാഗമാണ്. എഫ് സി എ ഇന്റർനാഷനലിന്റെ പാർട്സ്, സർവീസ്, ഉപഭോക്തൃസേവന വിഭാഗമായ മൊപാർ 2017 ഓഗസ്റ്റിലാണ് ഇന്ത്യയിലെത്തിയത്.