ലോകകപ്പിലെ ജപ്പാൻ, മൊറോക്കോ തുടങ്ങിയ ടീമുകളുടെ കുതിപ്പും ജർമനി, സ്പെയ്ൻ തുടങ്ങിയവരുടെ കിതപ്പുമെല്ലാം വിശദമായി ഡോക്യുമെന്‍ററിയിലുണ്ട്
ദോഹ: ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മഹാനായ താരങ്ങളിലൊരാളായ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയ ഖത്തർ ലോകകപ്പിന്‍റെ കഥ പറയുന്ന ഡോക്യുമെന്‍ററി പുറത്തിറക്കി ഫിഫ. 'Written in the Stars' എന്ന പേരിലാണ് ഫിഫ ഡോക്യുമെന്‍ററി തയ്യറാക്കിയത്. ലോകകപ്പിന്‍റെ ഒരുക്കവും വാശിയേറിയ പോരാട്ടങ്ങളും ടെലിവിഷന്‍ സ്‌ക്രീനിലൂടെ ആരാധകര്‍ കാണാത്ത ദൃശ്യങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് ഒരു മണിക്കൂർ 34 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി നിര്‍മ്മിച്ചിരിക്കുന്നത്.
ലോകകപ്പിനായുള്ള ഖത്തറിന്‍റെ ഒരുക്കം മുതൽ അര്‍ജന്‍റീനയുടെ നീലവര കുപ്പായത്തില്‍ ലിയോണൽ മെസിയും സംഘവും കിരീടം ഉയർത്തുന്നത് വരെയുള്ള സുപ്രധാന നിമിഷങ്ങൾ ഉള്‍ക്കൊള്ളിച്ചാണ് ഫിഫ Written in the Stars നിർമിച്ചിരിക്കുന്നത്. ലോകകപ്പിലെ ജപ്പാൻ, മൊറോക്കോ തുടങ്ങിയ ടീമുകളുടെ കുതിപ്പും ജർമനി, സ്പെയ്ൻ തുടങ്ങിയവരുടെ കിതപ്പുമെല്ലാം വിശദമായി ഡോക്യുമെന്‍ററിയിലുണ്ട്.
undefined
ലോകകപ്പിനിടെ ടെലിവിഷനിൽ പ്രേക്ഷകർ കാണാത്ത ആംഗിളിൽ നിന്നുള്ള ദൃശ്യങ്ങളും പിന്നണിയിലെ കാഴ്ചകളും മൈക്കൽ ഷീനിന്‍റെ വിവരണത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഇംഗ്ലീഷിന് പുറമെ അറബി, ജർമൻ, സ്‌പാനിഷ്, ഫ്രഞ്ച്, ഇന്തൊനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിലുള്ള സബ് ടൈറ്റിലുകളും ഡോക്യുമെന്‍ററിക്ക് ലഭ്യം. അർജന്‍റീനയും ഫ്രാൻസും ഏറ്റുമുട്ടിയ നാടകീയമായ ഫൈനലിന്‍റെ വിവരണമാണ് അവസാന 15 മിനുട്ടുകളിൽ. വെല്ലുവിളികളെ അതിജീവിച്ച മെസിയുടെ ഇന്ദ്രജാലം പരാമർശിച്ചാണ് ചിത്രത്തിന്‍റെ അവസാനം.
ഖത്തറിലെ കലാശപ്പോരിൽ ലിയോണല്‍ മെസിയും കൂട്ടാളികളും നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ മലര്‍ത്തിയടിച്ചാണ് കിരീടമുയര്‍ത്തിയത്. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് മെസിയുടെ അര്‍ജന്‍റീന അവരുടെ മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ നിര്‍ണായക സേവുമായി അര്‍ജന്‍റീനയുടെ എമി മാര്‍ട്ടിനസ് മത്സരത്തിന്‍റെ വിധിയെഴുതി. ഫ്രാന്‍സിനായി ഹാട്രിക് നേടിയ കിലിയന്‍ എംബാപ്പെയുടെ ഒറ്റയാള്‍ പ്രകടത്തിന് ഫലമില്ലാണ്ടുപോയി.
അർജന്‍റൈൻ ടീമിന്‍റെ പരിശീലന ക്യാമ്പിന് മെസിയുടെ പേര്