അവിടെ കളി തുടങ്ങിയില്ല, ഇവിടെ 'അടി' തുടങ്ങി; ശിവന്‍കുട്ടിയെ കടന്നാക്രമിച്ച് സിപിഎം നേതാക്കള്‍!

By Web Team  |  First Published Oct 21, 2022, 6:14 PM IST

സിപിഎമ്മിനുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള ഫാന്‍സ് പോര് കഴിഞ്ഞ ലോകകപ്പില്‍ എവിടെ അവസാനിച്ചോ, അവിടെ നിന്ന് തന്നെ തുടങ്ങിയിരിക്കുകയാണ്.


തിരുവനന്തപുരം: ലോകമാകെ കാത്തിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ആരാധകര്‍ തമ്മിലുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന കേരളം വിശ്വ പോരാട്ടം ആരംഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ്. എപ്പോഴത്തെയും പോലെ ഇത്തവണയും ഫാന്‍സ് പോര് രൂക്ഷമാകുമെന്നാണ് ഒരു മാസം മുമ്പ് തന്നെയുള്ള പരസ്പരമുള്ള വെല്ലുവിളികള്‍ വ്യക്തമാക്കുന്നത്.

സിപിഎമ്മിനുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള ഫാന്‍സ് പോര് കഴിഞ്ഞ ലോകകപ്പില്‍ എവിടെ അവസാനിച്ചോ, അവിടെ നിന്ന് തന്നെ തുടങ്ങിയിരിക്കുകയാണ്. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് നടന്ന സമയത്ത് ഫാന്‍സ് യുദ്ധം നടന്നിരുന്നെങ്കിലും ലോകകപ്പില്‍ അത് കനക്കുമെന്നുറപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇത്തവണ ബ്രസീല്‍ തന്നെ കപ്പ് അടിക്കുമെന്ന് പോസ്റ്റ് ഇട്ട് രംഗത്ത് വന്നു കഴിഞ്ഞു. മുന്‍ മന്ത്രിമാരായ എം എം മണിയെയും കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടാണ് ശിവന്‍കുട്ടി വെല്ലുവിളിച്ചത്.

Latest Videos

പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ കമന്‍റ് ബോക്സില്‍ സിപിഎം നേതാക്കളുടെ കടന്നാക്രമണമാണ് ഉണ്ടായത്. ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമി വരെയെങ്കിലും എത്തണേ എന്ന് അര്‍ജന്‍റീനയുടെ ആരാധകനായ എം എം മണി തിരിച്ചടിച്ചു. ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവെ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു എന്നാണ് വി കെ പ്രശാന്ത് എംഎല്‍എ കമന്‍റിട്ടത്.

വി കെ പ്രശാന്തും അര്‍ജന്‍റീന ആരാധകനാണ്. തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫും അര്‍ജന്‍റീന തന്നെ കപ്പ് എടുക്കുമെന്ന് പറഞ്ഞ് കമന്‍റിലെത്തി. കോപ്പ അമേരിക്ക കീഴടക്കി, ഫൈനലിസിമയും നേടി. ഇനി അര്‍ജന്‍റീന തന്നെ ലോകപ്പിലും മുത്തമിടുമെന്ന് ഇ പി ജയരാജനും കമന്‍റുമായെത്തി. ലോകകപ്പ് തുടങ്ങാന്‍ ഒരു മാസം ഉള്ളപ്പോള്‍ ഇതാണ് അവസ്ഥയെങ്കിലും യഥാര്‍ഥ പോരാട്ടം തുടങ്ങിയാല്‍ ഇവിടെയും തീപാറുമെന്ന് ഉറപ്പ്. 

അര്‍ജന്‍റീനയല്ല; ലോകകപ്പില്‍ ഫേവറൈറ്റുകളായ രണ്ട് ടീമുകളെ തെര‍ഞ്ഞെടുത്ത് മെസി

click me!