2026 ലോകകപ്പിലും മെസി കളിക്കുമോ, മറഡോണയുടെ ജേഴ്സി ധരിച്ച് അര്‍ജന്‍റീന നായകന്‍; ഉറപ്പിച്ച് ആരാധകര്‍

By Web Team  |  First Published Jul 31, 2023, 1:42 PM IST

കഴിഞ്ഞ വര്‍ഷം നടന്ന ഖത്തര്‍ ലോകകപ്പില്‍ തന്നെ ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. അടുത്ത ലോകകപ്പിലും കളിച്ച് കിരീടത്തോടെ വിടവാങ്ങാനാവുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഇതാണ് ഏറ്റവും മികച്ചതെന്നും മെസി ഖത്തറില്‍ കിരീടനേട്ടത്തിനുശേഷവും പറഞ്ഞിരുന്നു.


മയാമി: സൂപ്പര്‍ താരം ലിയോണല്‍ മെസി 2026ലെ ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീന കുപ്പായത്തില്‍ വീണ്ടും കളിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് സാധ്യതയില്ലെന്നായിരുന്നു ഇതുവരെ മെസി നല്‍കിയ മറുപടി. മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം കാനഡയിലും മെക്സിക്കോയിലും അമേരിക്കയിലുമായി നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കുകയാണെങ്കില്‍ മെസിക്ക് പ്രായം 39 ആവും.

പിഎസ്‌ജി വിട്ട് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്‍റര്‍ മയാമിയിലേക്ക് പോയ മെസി തന്‍റെ കരിയറിലെ അവസാന നാളുകള്‍ ആസ്വദിക്കുകയുമാണിപ്പോള്‍. എന്നാല്‍ മെസി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ അര്‍ജന്‍റീനയുടെ ഇതിഹാസതാരം അടുത്ത ലോകകപ്പിലും കളിക്കുമെന്നതിന്‍റെ സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്. അര്‍ജന്‍റീന ഇതിഹഗാസം ഡീഗോ മറഡോണക്ക് ആദരമര്‍പ്പിക്കാനായി 1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ മറഡോണ ധരിച്ച വിഖ്യാതമായ പത്താം നമ്പര്‍ ജേഴ്സി ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് മെസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Latest Videos

undefined

ഇതോടെയാണ് ആരാധര്‍ മെസി വീണ്ടും ലോകകപ്പ് കളിക്കുമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിനെക്കുറിച്ച് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഖത്തര്‍ ലോകകപ്പില്‍ തന്നെ ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. അടുത്ത ലോകകപ്പിലും കളിച്ച് കിരീടത്തോടെ വിടവാങ്ങാനാവുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഇതാണ് ഏറ്റവും മികച്ചതെന്നും മെസി ഖത്തറില്‍ കിരീടനേട്ടത്തിനുശേഷവും പറഞ്ഞിരുന്നു.

മെസിക്ക് ബാഴ്‌സലോണയ്‌ക്കൊപ്പം കളിക്കാം, പക്ഷേ..! ഉപാധി മുന്നോട്ടുവച്ച് ഇന്‍റര്‍ മയാമി ഉടമ

ഈ മാസമാദ്യം ഓസ്ട്രേലിയക്കെതിരായ സൗഹൃപോരാട്ടത്തിന് ഇറങ്ങും മുമ്പും ഇനിയൊരു ലോകകപ്പില്‍ കളിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് മെസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2026ലെ ലോകകപ്പിന് അമേരിക്ക കൂടി ആതിഥേയത്വം വഹിക്കുന്നതിനാലും ഇന്‍റര്‍ മയാമിയിലും അമേരിക്കയിലും മെസിക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്തും താരം മനസുമാറ്റുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഇന്‍റര്‍ മയാമിക്കായി രണ്ട് മത്സരങ്ങളില്‍ മൂന്ന് ഗോളടിച്ച മെസി അമേരിക്കയിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. 1994ല്‍ അമേരിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് മറഡോണയും അവസനാമായി അര്‍ജന്‍റീനക്കായി കളിച്ചത്. ആ ലോകകപ്പില്‍ നിരോധിത മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ മറഡോണയെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് വിലക്കിയിരുന്നു.

click me!