ഫുട്ബോള്‍ ലോകം ഉറങ്ങില്ല, യൂറോ കപ്പിന് നാളെ കിക്കോഫ്; തത്സമയം ഇന്ത്യയില്‍ കാണാനുള്ള വഴികള്‍, സമയം

By Web Team  |  First Published Jun 13, 2024, 7:03 PM IST

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ കണ്ണീരുവീഴ്ത്തി കഴി‌ഞ്ഞവട്ടം ഇറ്റലി കപ്പുമായി പറന്നിരുന്നു 


മ്യൂണിക്ക്: യൂറോപ്പിന്‍റെ ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം. യൂറോ കപ്പില്‍ ആതിഥേയരായ ജര്‍മനിയും സ്കോട്‍ലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം ശനിയാഴ്‌ച പുലർച്ചെ 12.30നാണ് യൂറോയുടെ കിക്കോഫ്. സോണി സ്പോര്‍ട്‌സും സോണി ലിവുമാണ് മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. 

ജര്‍മനിയാണ് യൂറോ കപ്പ് ഫുട്ബോളിന് ഇത്തവണ ആതിഥേയത്വമരുളുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി ഉള്‍പ്പടെ 24 ടീമുകള്‍ യൂറോപ്പിലെ പുതിയ ജേതാക്കളാകാന്‍ കളത്തിലിറങ്ങും. കളിയഴകിലും കരുത്തിലും ഒരു മിനി ഫുട്ബോള്‍ ലോകകപ്പ് തന്നെയാകും യൂറോ ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. നാല് വീതം ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് യൂറോ കപ്പ് അരങ്ങേറുക. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലെത്തും. പിന്നെ നോക്കൗട്ടിന്‍റെ ആവേശം. ക്വാര്‍ട്ടറും സെമിയും കടന്ന് ജൂലൈ 15ന് പുതിയ യൂറോ ചാമ്പ്യനാരെന്നറിയാന്‍ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം. 

Latest Videos

undefined

14 തവണ യൂറോ കപ്പ് കളിച്ചിട്ടുള്ള ആതിഥേയരായ ജര്‍മനിക്ക് ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ സ്വന്തം നാട്ടിലൊരു യൂറോ കിരീടമാണ് ജര്‍മനിയുടെ ലക്ഷ്യം. മുന്നേറ്റത്തിന്‍റെ കരുത്തുമായെത്തുന്ന ഇംഗ്ലണ്ട്, കരുത്തരായ ഫ്രാന്‍സ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, യങ്ങ് പവര്‍ഫുള്‍ സ്പെയിന്‍, നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി എന്നിങ്ങനെ കപ്പടിക്കാന്‍ കരുത്തരുടെ കൂട്ടമുണ്ട് ഇക്കുറി. 

സൂപ്പര്‍താരങ്ങള്‍ക്കും കുറവില്ല യൂറോയില്‍. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുറമെ കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, റൊമേലു ലുക്കാക്കു എന്നിങ്ങനെ കളത്തിലെ കരുത്തന്മാരുടെ എണ്ണവും അനവധി. യൂറോ കപ്പ് ഫൈനൽ റൗണ്ടിൽ കളിക്കുന്ന പുതുമുഖ ടീം ജോർജിയയാണ്. മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റിനൊടുവില്‍ യൂറോപ്പിലെ പുതിയ ഫുട്ബോള്‍ ചക്രവര്‍ത്തിയാരാകുമെന്ന് കാത്തിരുന്നറിയാം. ഇന്ത്യന്‍ സമയം രാത്രി വൈകിയും പുലര്‍ച്ചയുമായാണ് മത്സരം നടക്കുന്നത് എന്നതിനാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഉറക്കം നഷ്ടമാകുമെന്നുറപ്പ്. 

ഗ്രൂപ്പ് എയില്‍ ജര്‍മനി, സ്കോട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ‌്‌സര്‍ലന്‍ഡ് ടീമുകളും ബിയില്‍ സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേന്യ ടീമുകളും സിയില്‍ സ്ലൊവേന്യ, ഡെന്‍മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട് ടീമുകളും ഡിയില്‍ പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ് ടീമുകളും ഇയില്‍ ബെല്‍ജിയം, സ്ലൊവാക്യ, റൊമാനിയ, യുക്രൈന്‍ ടീമുകളും എഫില്‍ തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക് ടീമുകളുമാണ് വരുന്നത്. 

Read more: 'റീത്തല്ല, ഫുട്‌ബോള്‍ തരൂ'; മരണത്തിലും കാല്‍പന്തിനെ കൂടെക്കൂട്ടിയ ചാത്തുണ്ണി, ബാക്കിയായി രണ്ട് സ്വപ്നങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!